Latest

ഓഹരി വില 51 രൂപ; റെക്കോർഡ് അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, എം.എ യൂസഫലി നിക്ഷേപം നടത്തിയ കേരള സ്റ്റോക്ക്

Share

ഓഹരി വില 51 രൂപ; റെക്കോർഡ് അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, എം.എ യൂസഫലി നിക്ഷേപം നടത്തിയ കേരള സ്റ്റോക്ക്

Authored by ശിവദേവ് സി.വി The Economic Times Malayalam • Updated: 16 Oct 2026, 1:05 pm IST

The Economic Times Malayalam

SIB Q2 Results : കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. സെപ്റ്റംബർ പാദത്തിൽ അറ്റാദയത്തിൽ റെക്കോർഡ് വളർച്ചയാണ് ബാങ്ക് നേടിയത്. കിട്ടാക്കടം കുറയ്ക്കാനും സാധിച്ചു. ഈ എം.എ യൂസഫലി പോർട്ഫോളിയോ ഓഹരി വില 51.24 രൂപയാണ്. ലക്ഷ്യവില ഉൾപ്പെടെയുള്ള വിവരങ്ങൾ.

M A Yusuff Ali stock SIB Target

പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ്പ് മേധാവിയുമായ എം.എ യൂസഫലിയുടെ പോർട്ഫോളിയോയിൽ ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ ഉൾപ്പെട്ടിരുന്ന ഒരു ഓഹരിയാണ് കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് . നിലവിൽ ബാങ്ക് സെപ്റ്റംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ ബാങ്കിന്റെ അറ്റാദായം 21% വർധനയോടെ 426.13 കോടി രൂപയിലെത്തി. ഇത് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പാദാധിഷ്ഠിത അറ്റാദായമാണ്. ഇതോടൊപ്പം കിട്ടാക്കടം കുറച്ചു കൊണ്ടു വരാനും ബാങ്കിന് സാധിച്ചു. നിലവിലെ ഓഹരി വില 51.24 രൂപയാണ്. പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ആനന്ദ് റാതി, ഈ ഓഹരിയിൽ നേരത്തെ 61 രൂപയാണ് ലക്ഷ്യവില നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 351 കോടി രൂപയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ പാദത്തിലെ 2,923 കോടി രൂപയുടെ വരുമാനം, ഈ സെപ്റ്റംബർ പാദത്തിൽ 3,264 കോടി രൂപയായി വർധന നേടി. സമാന കാലയളവിൽ പലിശ വരുമാനം 2,407 കോടിയിൽ നിന്ന് 2,796 കോടി രൂപയായും വർധിച്ചു.കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ ​ഗ്രോസ് എൻ.പി.എ (Gross Non-Performing Assets -NPAs) 2.93 ശതമാനമായിരുന്നത്, ഈ സെപ്റ്റംബർ പാദത്തിൽ 1.24 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു. സമാന കാലയളവിൽ നെറ്റ് എൻ.പി.എ അഥവാ ബാ‍ഡ് ലോൺസ്, 0.56 ശതമാനത്തിൽ നിന്ന് 0.09 ശതമാനത്തിലേക്ക് താഴ്ത്താനും സാധിച്ചു.

ഇയർ-ഓൺ ഇയർ അടിസ്ഥാനത്തിൽ ബാങ്കിന്റെ റിട്ടേൺ ഓൺ അസറ്റ്സ് (RoA) 1.02% എന്ന നിലയിൽ നിന്ന് 1.08% ആയി വർധിച്ചു. റിട്ടേൺ ഓൺ ഇക്വിറ്റി (RoE) 13.11% എന്ന തോതിൽ നിന്ന് 14% ആയും, അറ്റ പലിശ മാർജിൻ (NIM) 2.80% എന്ന നിലയിൽ നിന്ന് 3.33% എന്ന തോതിലേക്കും വളർന്നു.

സമാന കാലയളവിൽ ​ഗ്രോസ് അഡ്വാ‍ൻസസ് 31.55% വളർച്ചയോടെ 1,09,517 കോടി രൂപയിലെത്തി. ഡെപ്പോസിറ്റുകൾ 18.72% വർധിച്ച് 1,37,279 കോടി രൂപയായി മാറി. റീടെയിൽ ഡെപ്പോസിറ്റ്, ഇക്കാലയളവിൽ 1,12,625 കോടി രൂപയിൽ നിന്ന് 1,29,353 കോടി രൂപയിലേക്ക് വളർന്നു. CASA (current account and savings account) റേഷ്യോ 31.86% എന്ന നിലയിലാണ്.

കൺസോളിഡേറ്റഡ് ഫിനാൻഷ്യൽസ് – ഹൈലൈറ്റ്സ്

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII), ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 38% വർധനയോടെ 808 കോടി രൂപയിൽ നിന്ന് 1,116 കോടിയായി മാറി. ആകെ വരുമാനം ഇക്കാലയളവിൽ 1,324 കോടി രൂപയിൽ നിന്ന് 1,584 കോടിയായി ഉയർന്നു. ഓപ്പറേറ്റിങ് ചെലവുകൾ ഇക്കാലയളവിൽ 8% വർധിച്ച് 852 കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1FY27) ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 673 കോടി രൂപയിൽ നിന്ന് 804 കോടി രൂപയിലേക്ക് ഉയർന്നു. സമാന കാലയളവിൽ അറ്റ പലിശ വരുമാനം 30% വളർച്ചയോടെ 2,140 കോടി രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *