
ജൻധൻ ഉപഭോക്താക്കൾക്കായി ‘യോനോ ഭാരത്’ (‘YONO Bharat’) മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അടുത്ത 6-12 മാസങ്ങൾക്കകം ഈ ആപ്പ് ലോഞ്ച് ചെയ്തേക്കും. ഫീച്ചർ ഫോണുകൾ, സെക്യൂരിറ്റി ഫീച്ചറുകൾ വേണ്ട വിധം പ്രവർത്തിക്കാത്ത ചില ഡിവൈസുകൾ എന്നിവയ്ക്ക് യോനോ ഭാരത് യോജിച്ച ഓപ്ഷനായിരിക്കുമെന്ന് എസ്.ബി.ഐ ചെയർമാൻ സി.എസ് ഷെട്ടി പറഞ്ഞു.
“എസ്.ബി.ഐയുടെ 53 കോടി ഉപഭോക്താക്കളിൽ 17-18 കോടി ജൻധൻ കസ്റ്റമേഴ്സാണുള്ളത്. ഇവർക്ക് യു.പി.ഐ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് നല്ല പരിചയമുണ്ട്. ഇവരെയെല്ലാം ലക്ഷ്യമിട്ട്, ഏത് ഉപകരണത്തിലും ഉപയോഗിക്കാവുന്ന, ലളിതവും, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ യോനോയുടെ ചെറിയ പതിപ്പിലേക്ക് അവരെ കൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..2030-ഓടെ 30 കോടി ഉപഭോക്താക്കളെ യോനോയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് കരുതുന്നത്. മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ എന്നതിലുപരി, എല്ലാവരെയും ശാക്തീകരിക്കുന്ന ഒരു ഉപകരണമായി യോനോയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാൽ, എസ്.ബി.ഐയുടെ ഏറ്റവും പുതിയ സേവനമായിരിക്കും ‘യോനോ ഭാരത്’” – അദ്ദേഹം പറഞ്ഞു.
ഉപകരണങ്ങളുടെ പരിമിതികളില്ലാതെ എല്ലാവർക്കും സേവനം ലഭ്യമാക്കുന്നതിനുള്ള മാർഗങ്ങളും, ഉപഭോക്താക്കൾക്ക് ലളിതമായും എളുപ്പത്തിലും ഉപയോഗിക്കാവുന്ന സേവനങ്ങൾ ഏതൊക്കെയാണെന്നും ബാങ്ക് പരിശോധിച്ചുവരികയാണെന്നും എസ്.ബി.ഐ മേധാവി വ്യക്തമാക്കി.
എസ്.ബി.ഐ യോനോ 2.0
എസ്.ബി.ഐയുടെ ഔദ്യോഗിക ആപ്ലിക്കേഷനാണ് യോനോ. പുതിയ പതിപ്പായ യോനോ 2.0, നൂതനമായ നിരവധി ഫീച്ചറുകളോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇവ താഴെ പറയുന്നു.
- മെച്ചപ്പെടുത്തിയ സുരക്ഷ: അക്കൗണ്ട് സുരക്ഷയ്ക്കായി കൂടുതൽ നൂതനമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
- മൾട്ടി-ബാങ്ക് ലിങ്ക് : എസ്‌ബിഐ അക്കൗണ്ടുകൾക്ക് പുറമെ, മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളും യോനോ ആപ്പ് വഴി ബന്ധിപ്പിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.
- പുതിയ കെവൈസി : വീഡിയോ കെ.വൈ.സി വഴി ഡിജിറ്റലായി വളരെ എളുപ്പത്തിൽ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാനും കെ.വൈ.സി നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കുന്നു.
- ഡാർക്ക് മോഡ് : ഫോണിൽ ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദമായ ഡാർക്ക് മോഡ് ഫീച്ചർ ചേർത്തിട്ടുണ്ട്.
- യുപിഐ ഇടപാടുകൾ: ഏത് ക്യു.ആർ കോഡും സ്കാൻ ചെയ്യാനും, കോൺടാക്റ്റുകൾക്കോ യു.പി.ഐ ഐഡികളിലേക്കോ പണം അയക്കാനും, ബാലൻസ് പരിശോധിക്കാനും സാധിക്കും. എസ്‌ബിഐ അക്കൗണ്ട് ഇല്ലാത്തവർക്കും ഇതിലൂടെ യുപിഐ സേവനങ്ങൾ ഉപയോഗിക്കാം.
- ലോണുകളും നിക്ഷേപങ്ങളും: ഭവന വായ്പകൾ, വ്യക്തിഗത വായ്പകൾ, ടേം ഡിപ്പോസിറ്റുകൾ, മ്യൂച്വൽ ഫണ്ടുകൾ, നാഷണൽ പെൻഷൻ സിസ്റ്റം എന്നിവ ആപ്പ് വഴി എളുപ്പത്തിൽ കൈകാര്യം ചെയ്യാം.
- കാർഡില്ലാതെ പണം പിൻവലിക്കൽ: എടിഎം കാർഡ് ഉപയോഗിക്കാതെ തന്നെ യോനോ ആപ്പ് വഴി എ.ടി.എമ്മുകളിൽ നിന്ന് സുരക്ഷിതമായി പണം പിൻവലിക്കാൻ സാധിക്കും.
