
കേരളത്തിന് ഇന്ന് 2026 നവംബർ 1ാം തിയ്യതി 70 വയസ്സ് തികയുകയാണ്. സംസ്ഥാനം രൂപം കൊണ്ട് 1956 നവംബർ 1ാം തിയ്യതി ഒരു ലിറ്റർ പെട്രോളിന്റെ വില 45 പൈസയും, ഒരു പവർ സ്വർണ്ണത്തിന്റെ നിരക്ക് 68 രൂപയുമായിരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് കൊച്ചിയിൽ 113 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 1,01,840 രൂപയുമാണ് നിരക്കുകൾ. അതെ, കാലചക്രം ഉരുളുമ്പോൾ സാധനങ്ങൾക്കും, സേവനങ്ങൾക്കുമെല്ലാം വില ഉയർന്നിരിക്കുന്നു.
സ്വർണ്ണത്തിന്റെയും, പെട്രോളിന്റെയും നിരക്കുകളിലെ മാറ്റം1956 നവംബർ 1 മുതൽ ഇതുവരെ പല മാറ്റങ്ങളിലൂടെയുമാണ് സംസ്ഥാനം കടന്നു പോയിരിക്കുന്നത്. മലയാളിക്ക് പ്രിയപ്പെട്ട സ്വർണ്ണത്തിനും, നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത പെട്രോളിനും 70 വർഷം മുമ്പത്തെ വില കേട്ടാൽ പലരും ഞെട്ടുമെന്നതാണ് യാഥാർത്ഥ്യം. പണപ്പെരുപ്പത്തിന്റെയും, ഭൗതിക സൗകര്യങ്ങളിലുണ്ടായ വികാസത്തിന്റെയും നേർചിത്രം കൂടിയായി ഈ നിരക്കുകൾ മാറുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവും ഇവിടെ പ്രകടമായിരിക്കുന്നു.
കേരളം രൂപം കൊണ്ട് അര നൂറ്റാണ്ട് പിന്നിടുന്നതിന് മുമ്പു തന്നെ വിലക്കയറ്റം അതിന്റെ യഥാർത്ഥ സ്വഭാവം പ്രകടമാക്കിത്തുടങ്ങിയിരുന്നു. 2000 വർഷത്തിൽ, നാമെല്ലാം ആദ്യമായി കണ്ട മില്ലേനിയത്തിൽ ഒരു പവൻ സ്വർണ്ണത്തിന് 3,360 രൂപയായിരുന്നു വില. കൂടാതെ ഒരു ലിറ്റർ പെട്രോളടിക്കണമെങ്കിൽ 28.49 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്.
വീണ്ടും ഒരു 20 വർഷത്തിനിപ്പുറം നിരക്കുകൾ പുതിയ ഉയരങ്ങൾ തേടി. 2020ൽ ഒരു പവൻ സ്വർണ്ണത്തിന് 37,680 രൂപയും, ഒരു ലിറ്റർ പെട്രോളിന് 80 രൂപയുമായിരുന്നു വില.
സാമ്പത്തിക ചിത്രങ്ങൾ
1980-90 കാലഘട്ടങ്ങൾ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മലയാളികളുടെ അനുസ്യൂതമായ പ്രവാഹം കണ്ട കാലമായിരുന്നു. ഇന്നും ഇതിന് വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. പുതിയ കാലത്ത്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ ചേക്കേറാനാണ് യുവാക്കൾ കൂടുതലായി താല്പര്യപ്പെടുന്നത്. രണ്ടായാലും സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും, അടിസ്ഥാനസൗകര്യ വികസനത്തിലുമെല്ലാം വിദേശ രാജ്യങ്ങളിൽ നിന്നുള്ള പണപ്രവാഹം ഗണ്യമായ സംഭാവനകളാണ് നൽകിയത്.
സംസ്ഥാനം രൂപീകരിച്ചതിന് ശേഷം സ്വകാര്യ മേഖലയിലടക്കം കൂടുതൽ നിക്ഷേപങ്ങളുണ്ടായി. മലയാളികളുടെ അഭിമാനമായ വിദ്യാഭ്യാസ മേഖലയിലെ മികവ് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ചാക്രികമായി സാധനങ്ങളുടെയും, സേവനങ്ങളുടെയും ഡിമാൻഡും, പ്രതിശീർഷ വരുമാനവും വർധിച്ചു.
സാങ്കേതികവിദ്യയുടെ വികാസം അതിവേഗം നെഞ്ചേറ്റുന്നവരായി മലയാളികൾ മാറി. യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ മേഖലയുടെ വികസനവും ഇവിടെ എടുത്തു പറയേണ്ടതാണ്. എങ്ങനെ നോക്കിയാലും രൂപീകരണം മുതൽ ഇതുവരെയുള്ള കാലയളവിൽ കേരളത്തിന്റെ സാമ്പത്തികമായ ഗ്രാഫ് പൊതുവായി മുകളിലേക്ക് തന്നെയാണെന്ന് കാണാം.
