
ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ പഴയ വാഹനങ്ങൾക്കെതിരെ കടുത്ത നടപടികളുമായി അധികൃതർ. 2026 നവംബർ 1 മുതൽ ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്തിട്ടുള്ള ബി.എസ്-VI നിലവാരത്തിന് താഴെയുള്ള വാഹനങ്ങൾക്ക് തലസ്ഥാനത്തേക്ക് പ്രവേശിക്കാൻ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. 2027 ജനുവരി 31 വരെയാണ് നിലവിലെ നിയന്ത്രണം. ലക്ഷക്കണക്കിന് വാഹനങ്ങളെ പ്രവേശനവിലക്ക് ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
ജോലി, പഠനം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസവും അതിർത്തി കടന്ന് ഡൽഹിയിലെത്തുന്നവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. ഇതോടെ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ സമീപ നഗരങ്ങളിൽനിന്ന് ദിവസവും ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന നിരവധി വാഹന ഉടമകൾക്ക് പുതിയ നിയന്ത്രണം തിരിച്ചടിയാകും.
ഡൽഹിക്ക് സമീപമുള്ള എൻ.സി.ആർ ജില്ലകളിൽ ബി.എസ്-VI നിലവാരത്തിന് താഴെയുള്ള ഏകദേശം 48 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഹരിയാനയിലെ എൻ.സി.ആർ ജില്ലകളിൽ 30.65 ലക്ഷം വാഹനങ്ങളും, ഉത്തർപ്രദേശിലെ എൻ.സി.ആർ മേഖലയിൽ 11.57 ലക്ഷം വാഹനങ്ങളും, രാജസ്ഥാനിലെ എൻ.സി.ആർ ജില്ലകളിൽ 5.62 ലക്ഷം വാഹനങ്ങളുമുണ്ട്.
എന്നാൽ ഈ 48 ലക്ഷം വാഹനങ്ങളും ഡൽഹിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവയല്ല. ഗതാഗത വകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽനിന്നായി പത്തുലക്ഷത്തിലധികം വാഹനങ്ങളെ നിയന്ത്രണം ബാധിച്ചേക്കാം.
ഏതൊക്കെ വാഹനങ്ങൾക്കാണ് നിയന്ത്രണം?
ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്തതും ബി.എസ്-VI മലിനീകരണ നിയന്ത്രണ നിലവാരത്തിൽ താഴെയുള്ളതുമായ വാഹനങ്ങൾക്കാണ് പ്രവേശന വിലക്ക്. നിയന്ത്രണങ്ങൾ താഴെ പറയുന്ന വിധമാണ്
- ബി.എസ്-VI നിലവാരത്തിലുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാം.
- ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുണ്ട്.
- സി.എൻ.ജി വാഹനങ്ങൾക്കും ഇളവുണ്ട്.
- ആംബുലൻസ്, ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയ അടിയന്തര സേവനങ്ങൾ നടത്തുന്ന വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, വാഹനം എത്ര വർഷം പഴക്കമുള്ളതാണെന്നത് മാത്രമല്ല നിയന്ത്രണത്തിന്റെ അടിസ്ഥാനം. വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥലവും, ബി.എസ് നിലവാരവുമാണ് പ്രധാനമായും പരിഗണിക്കുന്നത്. അതിനാൽ ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്ത ബി.എസ്-IV വാഹനങ്ങൾക്കും, മറ്റ് ഇളവുകൾ ബാധകമല്ലെങ്കിൽ പ്രവേശന നിയന്ത്രണം നേരിടേണ്ടിവരും.
പഴയ ബൈക്കുകൾക്കും, സ്കൂട്ടറുകൾക്കും നിയന്ത്രണം ബാധകമോ?
ബാധകമാണ്. ബി.എസ്-VI നിലവാരത്തിന് താഴെയുള്ളതും, ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്തതുമായ ഇരുചക്രവാഹനങ്ങൾക്കും പൊതുവായ പ്രവേശന നിയന്ത്രണം ബാധകമാണ്.
ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങൾ കണ്ടെത്തും
ഡൽഹിയിലേക്കുള്ള അതിർത്തി പ്രവേശന കവാടങ്ങളിലും, പ്രധാന സ്ഥലങ്ങളിലും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങൾ തിരിച്ചറിയാനാണ് അധികൃതരുടെ നീക്കം. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ വിവരങ്ങളും, മലിനീകരണ നിലവാരവും പരിശോധിക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇതുവഴി ഓരോ വാഹനവും തടഞ്ഞുനിർത്തി പരിശോധിക്കാതെ നിയമം നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ…
വാഹന നിയന്ത്രണത്തിന് പുറമെ സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUCC) ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകാതിരിക്കാനുള്ള നടപടിയും ഡൽഹിയിൽ നടപ്പാക്കുന്നുണ്ട്. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നീക്കവും ശൈത്യകാലത്തെ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമാണ്. ഇതിനാൽ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നവർ വാഹനത്തിന്റെ എമിഷൻ നിലവാരത്തിനൊപ്പം PUCC സർട്ടിഫിക്കറ്റിന്റെ കാലാവധിയും നേരത്തെ തന്നെ പരിശോധിക്കേണ്ടതാണ്.
