Latest

രാജാവാകാൻ ബി.എസ്.എൻ.എല്ലിന്റെ പടയൊരുക്കം; 3.5 ലക്ഷം പുതിയ ടവറുകൾ, 75000 കോടിയുടെ പാക്കേജിനായി നീക്കം

Share

രാജ്യത്തുടനീളം 4G നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനും ഭാവിയിലെ 5G സേവനങ്ങൾക്ക് അടിത്തറയൊരുക്കുന്നതിനുമായി വൻ പദ്ധതികളുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. രാജ്യത്ത് ഏകദേശം 3.5 ലക്ഷം 4G ടവറുകൾ കൂടി സ്ഥാപിക്കേണ്ടതുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇതിനായി കേന്ദ്ര ധനമന്ത്രാലയത്തോട് 75,000 കോടി രൂപയുടെ അധിക സാമ്പത്തിക സഹായം തേടാനാണ് നീക്കം. ഈ ടവറുകളിൽ ചെറിയ അപ്ഡേറ്റ് നടത്തിയാൽ 5G സാങ്കേതികവിദ്യ കൂടി ലഭ്യമാകുമെന്നിരിക്കെ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലികോം കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്ന ചുവടുകളാണ് ബി.എസ്.എൻ.എല്ലിന്റേത്.

ലക്ഷ്യം മൂന്നര ലക്ഷം 4G ടവറുകൾരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ബി.എസ്.എൻ.എല്ലിന്റെ പ്രധാന ലക്ഷ്യം. നിലവിലുള്ള നെറ്റ്‌വർക്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഗ്രാമീണ മേഖലകളിലടക്കം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ടവറുകൾ ആവശ്യമാണ്.

ഈ വികസനത്തിന് വലിയ തോതിലുള്ള മൂലധന നിക്ഷേപം വേണ്ടിവരും. അതിനാൽ പതിവ് കേന്ദ്ര ബജറ്റ് വിഹിതത്തിന് പുറമേ പ്രത്യേകമായി 75,000 കോടി രൂപ അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് ആവശ്യപ്പെടാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനകം ഒരു ലക്ഷം 4G സൈറ്റുകൾ

രാജ്യത്ത് ഇതിനകം ഒരു ലക്ഷം 4G സൈറ്റുകൾ ബി.എസ്.എൻ.എൽ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി 25,000 ടവറുകൾ കൂടി സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു. ഇതിനായുള്ള ഓർഡറുകൾ ഇതിനകം നൽകിയിട്ടുണ്ട്. പുതിയ 4G ടവറുകൾ പ്രവർത്തനക്ഷമമാകുന്നതോടെ, കൂടുതൽ പ്രദേശങ്ങളിൽ നെറ്റ്‌വർക്ക് ലഭ്യത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ കുറച്ച് പാദങ്ങളിലായി 4G സേവനങ്ങളുടെ വിപുലീകരണം പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും കമ്പനിയെ സഹായിച്ചിട്ടുണ്ട്.

5G സേവനങ്ങൾക്കും തയ്യാറെടുപ്പ്

4G ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം, ഭാവിയിൽ 5G സേവനങ്ങൾ അവതരിപ്പിക്കാനും ബി.എസ്.എൻ.എൽ ലക്ഷ്യമിടുന്നു. രാജ്യത്തെ ടെലികോം അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ 5G സേവനങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ബി.എസ്.എൻ.എല്ലിന്റെ നിലവിലെ 4G ടവറുകൾ തദ്ദേശീയമായി വികസിപ്പിച്ചവയാണ്. ഇവയിൽ ചെറിയ അപ്​ഗ്രേഡ് നടത്തിയാൽ 5G സേവനങ്ങൾ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെങ്ങും 5G ലഭ്യമാക്കുന്ന ഘട്ടത്തിൽ ഇത്തരത്തിലുള്ള കൂടുതൽ ടവറുകളും അനുബന്ധ നെറ്റ്‌വർക്ക് സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. പുതിയ നിക്ഷേപം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഉപഭോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റി നൽകാനും സഹായിക്കും.

സർക്കാരിന്റെ മുൻകാല സാമ്പത്തിക സഹായം

ബി.എസ്.എൻ.എല്ലിന്റെ പുനരുജ്ജീവനത്തിനായി കേന്ദ്രസർക്കാർ നേരത്തെയും വലിയ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. 2019, 2022, 2023 വർഷങ്ങളിൽ അംഗീകരിച്ച പാക്കേജുകളുടെ ആകെ മൂല്യം 3.29 ലക്ഷം കോടി രൂപയാണ്.

ഇതിന് പുറമെ 2025ൽ 6,982 കോടി രൂപയുടെ അധിക മൂലധന ചെലവിനും സർക്കാർ അനുമതി നൽകിയിരുന്നു. ഇപ്പോൾ ചോദിക്കാൻ ഉദ്ദേശിക്കുന്ന 75,000 കോടി രൂപ ഈ മുൻകാല സഹായങ്ങൾക്ക് പുറമേയുള്ള പ്രത്യേക ആവശ്യമായിരിക്കും.

വോഡഫോൺ ഐഡിയയുമായും ചർച്ചകൾ

നെറ്റ്‌വർക്ക് അടിസ്ഥാനസൗകര്യങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ബി.എസ്.എൻ.എല്ലും, സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. 2026 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ബി.എസ്.എൻ.എൽ ഏകദേശം 1,441 ടവറുകൾ വോഡഫോൺ ഐഡിയയ്ക്ക് ലീസ് അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്.

രാജ്യത്തെ ടെലികോം വിപണിയിൽ സ്വകാര്യ കമ്പനികളുമായുള്ള മത്സരം ശക്തമായിരിക്കെ, നെറ്റ്‌വർക്ക് വിപുലീകരണത്തിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ബി.എസ്.എൻ.എൽ ശ്രമിക്കുന്നത്.

ഹൈലൈറ്റ്സ്

4G സേവനങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, 5G സാങ്കേതിക വിദ്യയിലേക്ക് കടക്കാനുള്ള അടിസ്ഥാനസൗകര്യം ഒരുക്കുകയും ചെയ്യുകയാണ് ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യം. എന്നാൽ, സർക്കാരിൽ നിന്ന് ഈ 75,000 കോടി രൂപയുടെ അധിക സാമ്പത്തിക സഹായം ലഭിക്കുമോ എന്നതും, ലഭിച്ചാൽ പദ്ധതി എത്ര വേഗത്തിൽ നടപ്പാക്കാനാകുമെന്നതുമാണ് ഇനി നിർണായകമായി മാറുക.

Leave a Reply

Your email address will not be published. Required fields are marked *