
കേരളത്തിലെ ഗുരുതര രോഗബാധിതര്‍ക്കും, കിടപ്പുരോഗികള്‍ക്കും താങ്ങായി കെഎസ്ഇബിയുടെ കാരുണ്യ സ്പര്‍ശം. ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, എയര്‍ ബെഡ് തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മുഴുവന്‍ വൈദ്യുതിയും അധിക സാമ്പത്തിക ബാധ്യതയില്ലാതെ ഇനി സൗജന്യമായി സാധാരണക്കാര്‍ക്ക് ലഭ്യമാകും. ചികിത്സാ ചിലവുകള്‍ക്കൊപ്പം ഭീമമായ വൈദ്യുതി ബില്‍ കൂടി വരുന്നത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡിന്റെ സഹായം എത്തുന്നത്.
എന്താണ് പദ്ധതിവീടുകളില്‍ രോഗികള്‍ക്കായി ഉപയോഗിക്കുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും തികച്ചും സൗജന്യമായി നല്‍കുന്നതാണ് കെഎസ്ഇബിയുടെ ഈ പദ്ധതി. ഇത്തരം ഉപകരങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതായി വരാം. പുതിയ പീക്ക് ഹവര്‍ നിയമങ്ങള്‍ അടക്കം നിരവധി ആളുകള്‍ക്ക് ആശങ്ക ഉയര്‍ത്തിയിരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി.
നേട്ടങ്ങളും ഹൈലൈറ്റുകളും
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ 100 ശതമാനം വൈദ്യുതിയും സൗജന്യമായി ലഭിക്കും. മുമ്പ് ഈ ആനുകൂല്യത്തിനായി 200 രൂപ വിലയുള്ള മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം തയ്യാറാക്കി നല്‍കണമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇപ്പോള്‍ വെറുമൊരു വെള്ളക്കടലാസില്‍ സത്യവാങ്മൂലം എഴുതി നല്‍കിയാല്‍ മതി. ഇത് അപേക്ഷകര്‍ക്ക് വലിയൊരു ആശ്വാസമാണ്.
ആര്‍ക്കൊക്കെ നേട്ടമാകും
ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, കിടപ്പിലായ വയോജനങ്ങള്‍, മറ്റ് ഗുരുതര രോഗബാധിതര്‍ എന്നിവര്‍ക്ക് ഈ പദ്ധതി വലിയൊരനുഗ്രഹമാണ്. വൈദ്യുത എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുന്ന കേരളത്തിലെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം വലിയ സാമ്പത്തിക ലാഭം ഇതിലൂടെ ലഭിക്കും.
എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
ഈ സൗജന്യ ആനുകൂല്യം ലഭിക്കുന്നതിനായി നിങ്ങളുടെ വീട് ഉള്‍പ്പെടുന്ന പരിധിയിലുള്ള കെഎസ്ഇബി സെക്ഷന്‍ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം ജീവന്‍രക്ഷാ സംവിധാനം രോഗിക്ക് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കുന്ന ഗവണ്‍മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും, വെള്ളക്കടലാസില്‍ തയ്യാറാക്കിയ ഒരു സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനായി കെഎസ്ഇബി പ്രത്യേകം ഫീസുകള്‍ ഒന്നും തന്നെ ഈടാക്കുന്നില്ല.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൗജന്യ വൈദ്യുതി എത്ര യൂണിറ്റ് ആണെന്ന് നേരിട്ട് തീരുമാനിക്കില്ല. അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ് (AE) ഇത് നിര്‍ണ്ണയിക്കുന്നത്. ഉപകരണങ്ങളുടെ വാട്ടേജ്, ദിവസവും ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ കൃത്യമായി കണക്കാക്കിയാകും ഇളവ് അനുവദിക്കുക. ഈ ആനുകൂല്യം ഒരിക്കല്‍ ലഭിച്ചാല്‍ എക്കാലത്തേക്കും തുടര്‍ച്ചയായി ലഭിക്കില്ല. അപേക്ഷിക്കുമ്പോള്‍ തുടക്കത്തില്‍ 6 മാസത്തേക്കാണ് ഇളവ് അനുവദിക്കുന്നത്.
6 മാസം കാലാവധി കഴിയുമ്പോള്‍ ജീവന്‍രക്ഷാ ഉപകരണം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്‍മെന്റ് ഡോക്ടറുടെ പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കിയാല്‍ മാത്രമേ ആനുകൂല്യം വീണ്ടും പുതുക്കി നല്‍കുകയുള്ളൂ. വലിയ കറണ്ട് ബില്ലില്‍ നിന്നും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കെഎസ്ഇബി സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക.
