
2047-ഓടെ രാജ്യം ‘വികസിത് ഭാരത്’ പദവി കൈവരിക്കണമെങ്കില്‍ അടുത്ത 25 വര്‍ഷം ഇന്ത്യ പ്രതിവര്‍ഷം 9 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടണമെന്ന് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഷാജി കൃഷ്ണന്‍. കൊച്ചിയില്‍ നടന്ന സി.ഐ.ഐ (CII) കേരള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകള്‍ 7.74 ലക്ഷം കോടിയും കടന്ന സാഹചര്യത്തില്‍, സംരംഭക വളര്‍ച്ചയ്ക്ക് ആവശ്യമായ മികച്ച പണലഭ്യത (Liquidity) കേരളത്തിനുണ്ടെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി.
വികസിത് ഭാരത് സ്വപ്‌നത്തിനായി രാജ്യത്തെ ആഭ്യന്തര നിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കുകയും, രാജ്യത്തെ ഏകദേശം 45 ലക്ഷം കോടി രൂപയുടെ അസംഘടിത പണമിടപാട് സമ്പദ്വ്യവസ്ഥയെ ഔപചാരിക സാമ്പത്തിക മേഖലയുടെ ഭാഗമാക്കുകയും ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെയും ജപ്പാന്റെയും ഉയര്‍ന്ന നിക്ഷേപ നിരക്കാണ് അവരുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.’നവീകരണവും സാമ്പത്തിക പ്രതിരോധശേഷിയും പരസ്പരവിരുദ്ധമായ മുന്‍ഗണനകളല്ല. പ്രതിരോധശേഷിയില്ലാത്ത നവീകരണം സ്ഥാപനങ്ങളെ ദുര്‍ബലമാക്കും, എന്നാല്‍ നവീകരണമില്ലാത്ത പ്രതിരോധശേഷി സ്ഥാപനങ്ങളെ കാലഹരണപ്പെട്ടതാക്കും.’- അദ്ദേഹം വ്യക്തമാക്കി. ജന്‍ധന്‍ യോജന പോലുള്ള പദ്ധതികളിലൂടെ എല്ലാവര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും, ഈ പ്രാപ്തിയെ ഉല്‍പ്പാദനക്ഷമമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളാക്കി മാറ്റുകയാണ് അടുത്ത വെല്ലുവിളി. ഈട് അധിഷ്ഠിത വായ്പാ രീതികളില്‍ നിന്ന് മാറി, ക്യാഷ്-ഫ്‌ലോ, വാല്യൂ-ചെയിന്‍ അധിഷ്ഠിത വായ്പാ രീതികളിലേക്ക് ബാങ്കുകള്‍ മാറണമെന്നും കാലാവസ്ഥാ വ്യതിയാന സാധ്യതകളെ ക്രെഡിറ്റ് റിസ്‌കിന്റെ ഭാഗമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്‍കിട നിര്‍മ്മാണ മേഖലയില്‍ പിന്നിലാണെങ്കിലും ഉയര്‍ന്ന മൂല്യമുള്ള വിജ്ഞാന സംരംഭങ്ങള്‍, ടൂറിസം, സുഗന്ധവ്യഞ്ജനങ്ങള്‍, ആരോഗ്യ സംരക്ഷണം, കുടുംബശ്രീ കൂട്ടായ്മകള്‍ എന്നിവ വഴി വളര്‍ച്ച കൈവരിക്കാനുള്ള ലോകോത്തര കഴിവ് കേരളത്തിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ഐ.ഐ സതേണ്‍ റീജിയന്‍ മുന്‍ ചെയര്‍മാനും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ബാങ്കിംഗ് മേഖലയുടെ ശക്തമായ സാമ്പത്തിക സ്ഥിതി അദ്ദേഹം കണക്കുകള്‍ സഹിതം വ്യക്തമാക്കി. കേരളത്തിലെ വാണിജ്യ ബാങ്കുകളില്‍ നിലവില്‍ 10.6 ലക്ഷം കോടി രൂപയുടെ നിക്ഷേപവും, 7.74 ലക്ഷം കോടി രൂപയുടെ വായ്പകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 72.88% എന്ന മികച്ച ക്രെഡിറ്റ്- ഡെപ്പോസിറ്റ് അനുപാതമാണ് സംസ്ഥാനത്തുള്ളത്. പ്രവാസി നിക്ഷേപം 3.24 ലക്ഷം കോടി രൂപയും, എം.എസ്.എം.ഇ വായ്പകള്‍ 1.05 ലക്ഷം കോടി രൂപയും കടന്ന സാഹചര്യത്തില്‍, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മികച്ച ലിക്വിഡിറ്റിയാണ് കേരളം വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, ഫിന്‍ടെക്കുകള്‍ എന്നിവ പരസ്പരം മത്സരിക്കുന്ന പഴയ രീതി കാലഹരണപ്പെട്ടുവെന്നും, ഡിജിറ്റല്‍ രൂപയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടങ്ങുന്ന പുതിയ സാങ്കേതികവിദ്യകളിലേക്ക് മേഖല മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ മേഖല ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സി.ഐ.ഐ ബാങ്കിംഗ് & എന്‍.ബി.എഫ്.സി പാനല്‍ കണ്‍വീനര്‍ ശാലിനി വാരിയര്‍ പറഞ്ഞു. ഉദ്ദേശ്യപൂര്‍ണ്ണമായ നവീകരണം, സ്ഥാപനപരമായ പ്രതിരോധശേഷി, ബാങ്കുകളും ഫിന്‍ടെക്കുകളും തമ്മിലുള്ള പങ്കാളിത്തം എന്നിവയാണ് വരുംദിവസങ്ങളില്‍ ഈ മേഖലയെ നയിക്കുക. എം.എസ്.എം.ഇ, ടൂറിസം, ഹെല്‍ത്ത്കെയര്‍, എജ്യുക്കേഷന്‍ വായ്പകള്‍ക്കൊപ്പം ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ കേരളത്തെ അന്താരാഷ്ട്ര ധനകാര്യ ഹബ്ബാക്കി മാറ്റാന്‍ കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സി.ഐ.ഐ കേരള വൈസ് ചെയര്‍മാന്‍ സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. കേരളത്തിലെ ഉയര്‍ന്ന സാമ്പത്തിക സാക്ഷരതയും ശക്തമായ സമ്പാദ്യ ശീലവും ഡിജിറ്റല്‍ ബാങ്കിംഗിനും ഗ്രീന്‍-ടെക് സാമ്പത്തിക സഹായങ്ങള്‍ക്കും അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മഹേഷ് മുരളിധര്‍ പൈ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എം.ഡി ജോണ്‍സ് ജോര്‍ജ്ജ്, ധനലക്ഷ്മി ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അജിത് കുമാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ. പോള്‍ തോമസ്, സുസന്ന മുത്തൂറ്റ് തുടങ്ങിയ ധനകാര്യ മേഖലയിലെ പ്രമുഖര്‍ ഉച്ചകോടിയില്‍ സംസാരിച്ചു.
ഫെഡറല്‍ ബാങ്ക്, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കെ.പി.എം.ജി , സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, കെ.എല്‍.എം അക്‌സിവ ഫിന്‍വെസ്റ്റ്, ഐ.സി.എ.ഐ, ഐ.സി.എം.എ.ഐ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
