
ആഗോള വിപണിയിൽ ഡീസലിന് ഡിമാൻഡ് വർധിച്ചതോടെ, ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകൾ ഉല്പാദനം പരമാവധി വർധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനാൽ ഇന്ത്യൻ റിഫൈനറികൾക്ക് ഡീസൽ കയറ്റുമതിയിലൂടെ മികച്ച വരുമാനം നേടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ കയറ്റുമതി കുതിപ്പിനൊപ്പം ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഇന്ത്യയ്ക്ക് വലിയ തുകയും ചെലവഴിക്കേണ്ടിവരുന്നത് വെല്ലുവിളിയുമാണ്.
ഡീസൽ കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യകടൽമാർഗമുള്ള ഡീസൽ കയറ്റുമതിയിൽ അമേരിക്കയ്ക്ക് പിന്നിൽ, ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2026 ഒക്ടോബറിൽ ഇന്ത്യയുടെ ഡീസൽ കയറ്റുമതി പ്രതിദിനം ഏകദേശം ഏഴ് ലക്ഷം ബാരലുകൾ എന്നാണ് കണക്കാക്കപ്പെടുന്നത്. യൂറോപ്പിലേക്കാണ് ഇതിൽ വലിയൊരു പങ്കും പോകുന്നത്.
ആഗോള വിപണിയിൽ ഡീസൽ ലഭ്യത കുറയുന്നതാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അനുകൂല ഘടകമായത്. റഷ്യ, ജൂലൈയിൽ ഡീസൽ കയറ്റുമതി നിർത്തിവെച്ചതും ആഗോള വിതരണത്തെ ബാധിച്ചു. യുക്രൈൻ ആക്രമണങ്ങളിൽ റഷ്യയിലെ റിഫൈനറികൾക്കും, തുറമുഖങ്ങൾക്കും നാശനഷ്ടമുണ്ടായതിനെ തുടർന്നായിരുന്നു ഈ നീക്കം.
എണ്ണക്കമ്പനികളുടെ ശേഷി വികസനം
ഡീസലിന് പുറമെ വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിനും (ATF) ആഗോള വിപണിയിൽ ഡിമാൻഡ് വർധിച്ചിട്ടുണ്ട്.
പൊതുമേഖലാ റിഫൈനറികളും ഉൽപ്പാദനം വർധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലേത്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, മംഗളൂർ റിഫൈനറി തുടങ്ങിയ പൊതുമേഖലാ കമ്പനികളും ഡീസൽ പ്രൊഡക്ഷൻ കപ്പാസിറ്റി വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.
അടുത്ത വർഷം കുറഞ്ഞത് 1.5 കോടി ടൺ അധിക ഡീസൽ ഉല്പാദന ശേഷി വർധിപ്പിക്കാനാണ് ഈ കമ്പനികൾ ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയിലെ ആവശ്യകതയ്ക്ക് മുൻഗണന നൽകിയ ശേഷമാണ് പൊതുമേഖലാ കമ്പനികൾ കയറ്റുമതി നടത്തുന്നത്. 2030 വർഷത്തോടെ ഇന്ത്യയുടെ ആകെ എണ്ണ ശുദ്ധീകരണശേഷി പ്രതിവർഷം 30 കോടി ടണ്ണായി ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. പിന്നീട് ഇത് 40 കോടി ടണ്ണായി വർധിപ്പിക്കാനും പദ്ധതിയുണ്ട്.
തിരിച്ചടിയായി ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ്
ഡീസൽ കയറ്റുമതിയിലൂടെ മികച്ച വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്.
നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഏകദേശം 123 ഡോളറാണെന്നാണ് റിപ്പോർട്ട്. ബ്രെന്റ് ക്രൂഡിന്റെ വിലയായ ഏകദേശം 115 ഡോളറിനേക്കാൾ അധികമാണിത്. 2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ക്രൂഡ് ഇറക്കുമതിക്കായി ഇന്ത്യ ചെലവിട്ടത് 9000 കോടി ഡോളറാണ്. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനേക്കാൾ 2900 കോടി ഡോളറിന്റെ വർധനയാണിത്.
ഇറക്കുമതിച്ചെലവിന് പകരമായി കയറ്റുമതി വരുമാനം
ഡീസലും, മറ്റ് ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ ഇന്ത്യയ്ക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട്. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത്തരം കയറ്റുമതിയിലൂടെ ഏകദേശം 4120 കോടി ഡോളർ ലഭിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 37 ശതമാനം വർധനയാണിത്.
ഈ വരുമാനം ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ ഇറക്കുമതിക്കായി അധികമായി ചെലവാകുന്ന മുഴുവൻ തുകയും ഇതിലൂടെ നികത്താൻ സാധിക്കുകയുമില്ല.
റഷ്യൻ എണ്ണയ്ക്ക് പകരം ഗൾഫ് രാജ്യങ്ങളിലേക്ക്
മുമ്പ് കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന റഷ്യൻ ക്രൂഡിന് ഇപ്പോൾ വലിയ വിലക്കിഴിവില്ല. ചില സാഹചര്യങ്ങളിൽ അധിക വില നൽകേണ്ടിവരുന്നുമുണ്ട്. കൂടാതെ കപ്പൽ ഗതാഗതച്ചെലവ് വർധിച്ചതും റഷ്യൻ എണ്ണയുടെ ആകർഷണം കുറച്ചു.
ഇതോടെ സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ പരമ്പരാഗത ഗൾഫ് വിതരണക്കാരിൽനിന്ന് ഇന്ത്യ കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ മറികടക്കാൻ ചെങ്കടൽ തീരത്തെ തുറമുഖങ്ങളിലേക്കുള്ള പൈപ്പ് ലൈൻ വഴികളും ഗൾഫ് രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.
എങ്കിലും റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഉടൻ അവസാനിക്കില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ വലിയ ക്രൂഡ് ഡിമാൻഡ് നിറവേറ്റുന്നതിൽ റഷ്യൻ എണ്ണയ്ക്ക് ഇപ്പോഴും പങ്കുണ്ട്. ചൈന റഷ്യൻ ഇന്ധനത്തിൽ നിന്ന് പിന്മാറുന്ന നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ ഡിസ്കൗണ്ടുകൾ ലഭിക്കാനും സാധ്യതയുണ്ട്.
ആഗോള വിപണിയിൽ ഇന്ത്യയുടെ പങ്ക് വർധിക്കുന്ന കാഴ്ച്ച
ലോകത്തിന്റെ പല ഭാഗങ്ങളിലും റിഫൈനറികളുടെ ശുദ്ധീകരണശേഷി കുറയുമ്പോൾ ഇന്ത്യ പുതിയ എണ്ണശുദ്ധീകരണ ശാലകൾ സ്ഥാപിക്കുകയും, നിലവിലുള്ളവ വികസിപ്പിക്കുകയും ചെയ്യുകയാണ്. ആഭ്യന്തര തലത്തിൽ ഡിമാൻഡ് നിറവേറ്റുന്നതിനൊപ്പം, ആഗോള വിപണിയിലെ ഇന്ധനക്ഷാമം പരിഹരിക്കുന്നതിലും രാജ്യത്തിന് കൂടുതൽ പങ്കുവഹിക്കാനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.
എന്നാൽ, ഡീസൽ കയറ്റുമതിയിൽനിന്നുള്ള നേട്ടം മാത്രം ഇവിടെ കണക്കിലെടുത്താൽ പോര എന്നതാണ് യാഥാർത്ഥ്യം. ക്രൂഡ് ഓയിൽ വിലയും, ഇറക്കുമതിച്ചെലവും ഉയർന്നുനിൽക്കുന്നത് സാമ്പത്തികമായ കണക്കുകളിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ആഗോള ഇന്ധനക്ഷാമം ഇന്ത്യയ്ക്ക് അവസരമാകുമ്പോഴും, അതിന്റെ യഥാർത്ഥ നേട്ടം നിർണയിക്കുക ഇറക്കുമതിച്ചെലവും, കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായിരിക്കും.
