
വൈദ്യുതി ബില്ലില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ വീടുകളില്‍ റൂഫ്ടോപ്പ് സോളാര്‍ (PM Surya Ghar: Muft Bijli Yojana) സ്ഥാപിക്കാന്‍ ഒരുങ്ങുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയായി പാനല്‍ വിപണിയില്‍ കടുത്ത വിലക്കയറ്റ ഭീഷണി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ALMM (ലിസ്റ്റ്-II) തദ്ദേശീയ സെല്‍ നിബന്ധനകളും, വിപണിയിലെ രൂക്ഷമായ സെല്‍ ക്ഷാമവും കാരണം സോളാര്‍ പാനല്‍ നിര്‍മ്മാണം പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. ഇതിനാല്‍ സബ്സിഡി പദ്ധതികളുടെ അടക്കം ചെലവ് വര്‍ധിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
സോളാര്‍ നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യംആഭ്യന്തര വിപണിയില്‍ സോളാര്‍ സെല്ലുകളുടെ ലഭ്യതക്കുറവുള്ളതിനാല്, സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണത്തിനുള്ള സെല്ലുകള്‍ നിര്‍ബന്ധമായും ഇന്ത്യയില്‍ നിന്ന് തന്നെ വാങ്ങണം എന്ന വ്യവസ്ഥ നടപ്പിലാക്കുന്നതിനുള്ള സമയപരിധി നീട്ടിണമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം.
നിലവിലെ സമയപരിധി ജനുവരിയില്‍ അവസാനിക്കാനിരിക്കെ, സോളാര്‍ മൊഡ്യൂളുകള്‍ മാത്രം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ഇത് 2027 ഡിസംബര്‍ വരെ നീട്ടിനല്‍കണമെന്നാണ് നീതി ആയോഗിനോട് (Niti Aayog) ആവശ്യപ്പെട്ടിരിക്കുന്നത്.
സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ ശേഷിയും, സെല്ലുകളുടെ ലഭ്യതയും തമ്മില്‍ വലിയ അന്തരമുണ്ട്. അതിനാല്‍ തങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു എന്ന് റിന്യൂവബിള്‍ എനര്‍ജി മാനുഫാക്ചറേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
രാജ്യത്തെ സോളാര്‍ നിയമങ്ങളും സബ്സിഡി നിബന്ധനകളും
രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി, സോളാര്‍ പദ്ധതികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും ഭാഗങ്ങളും അംഗീകൃത തദ്ദേശീയ വിതരണക്കാരില്‍ നിന്ന് തന്നെ വാങ്ങണം എന്നതാണ് പ്രധാന നിയമം. നിര്‍ബന്ധിത വ്യവസ്ഥകള്‍ക്ക് കീഴില്‍ വരുന്ന സോളാര്‍ പദ്ധതികള്‍ക്ക് അംഗീകൃത കമ്പനികള്‍ നിര്‍മ്മിച്ച സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മൊഡ്യൂളുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. നെറ്റ്- മീറ്ററിംഗ്, ഓപ്പണ്‍ ആക്സസ് സോളാര്‍ പ്രോജക്റ്റുകള്‍ക്ക് ഈ നിബന്ധനയില്‍ ഡിസംബര്‍ വരെ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.
എന്താണ് എഎല്‍എംഎം (ALMM) ലിസ്റ്റ്
അംഗീകൃത മോഡലുകളുടെയും നിര്‍മ്മാതാക്കളുടെയും ലിസ്റ്റ് ( Approved List of Models and Manufacturers – ALMM) എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറത്തിറക്കുന്ന പട്ടികയാണിത്. ഈ വര്‍ഷം ജൂണ്‍ ഒന്നിനാണ് എഎല്‍എംഎം ലിസ്റ്റ്-II പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് സോളാര്‍ മൊഡ്യൂളുകള്‍ നിര്‍മ്മിക്കാന്‍ ഈ പട്ടികയിലുള്ള ആഭ്യന്തര നിര്‍മ്മാതാക്കളുടെ സോളാര്‍ സെല്ലുകള്‍ തന്നെ ഉപയോഗിക്കണം. ഇത് ഉപയോഗിക്കുന്ന പ്ലാന്റുകള്‍ക്കു മാത്രമേ സര്‍ക്കാര്‍ സബ്സിഡി ലഭിക്കൂ.
ഗുണനിലവാരം കുറഞ്ഞ ഇറക്കുമതി ഉപകരണങ്ങള്‍ വിപണിയില്‍ എത്തുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ഈ ലിസ്റ്റ്. ഇതുവഴി രാജ്യത്തിനകത്ത് തന്നെയുള്ള സോളാര്‍ ഉപകരണ നിര്‍മ്മാണ കമ്പനികള്‍ക്ക് കൂടുതല്‍ വളര്ച്ചയുംം വിപണിയുംം സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നു.
സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ
നിയമം കര്‍ശനമാകുമ്പോള്‍ ആവശ്യത്തിന് സോളാര്‍ സെല്ലുകള്‍ വിപണിയില്‍ ലഭ്യമല്ലെങ്കില്‍, സോളാര്‍ പാനലുകളുടെ നിര്‍മ്മാണം വൈകുകയും അവയ്ക്ക് ക്ഷാമം അനുഭവപ്പെടുകയും ചെയ്യും. ഇത് വില കുതിക്കാന്‍ വഴിവയ്ക്കും. തല്‍ഫലമായി വീടുകളിലും, സ്ഥാപനങ്ങളിലും സോളാര്‍ സ്ഥാപിക്കുന്നതിനുള്ള ചിലവ് ഗണ്യമായി വര്‍ധിക്കാമെന്നു വിദഗ്ധര്‍ പറയുന്നു. പുതിയ കണക്ഷനുകള്‍ക്കും, സോളാര്‍ പാനലുകള്‍ക്കും ഓര്‍ഡര്‍ നല്കി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് വലിയ കാലതാമസം നേരിടാമെന്നു സാരം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
നിലവില്‍ രാജ്യത്ത് 95 ഗിഗാവാട്ട് (GW) സോളാര്‍ മൊഡ്യൂള്‍ (TOPCon) നിര്‍മ്മാണ ശേഷിയുണ്ട്. എന്നാല്‍ അംഗീകരിക്കപ്പെട്ട സോളാര്‍ സെല്ലുകളുടെ ലഭ്യത വെറും 15.8 ഗിഗാവാട്ട് മാത്രമാണ്. ഈ വലിയ വിടവാണ് പ്രതിസന്ധിക്ക് കാരണം.
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സോളാര്‍ സെല്ലുകളില്‍ 2 ശതമാനത്തില്‍ താഴെ മാത്രമാണ് പൊതുവിപണിയില്‍ ലഭ്യമാകുന്നത്. ബാക്കി വരുന്നവ വലിയ സംയോജിത കമ്പനികള്‍ അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് തന്നെ ഉപയോഗിക്കുന്നു.
ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന നിയമം പൂര്‍ണ്ണമായി മരവിപ്പിക്കാനോ, എല്ലാ കമ്പനികള്‍ക്കുമായി സമയപരിധി നീട്ടാനോ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഓരോ പ്രോജക്റ്റുകള്‍ക്കും അവരുടെ സാഹചര്യം വിലയിരുത്തി പ്രത്യേക ഇളവുകള്‍ അനുവദിക്കുന്നുണ്ട്.
