
സംസ്ഥാനത്തെ എഐ ക്യാമറകളും, ട്രാഫിക് പരിശോധനകളും വഴിയുള്ള ഇ-ചെല്ലാന്‍ പിഴ കുടിശികകളില്‍ 50 ശതമാനം ഇളവ് അനുവദിച്ച് കേരള മോട്ടോര്‍ വാഹന വകുപ്പ് (MVD). 2026 മാര്‍ച്ച് 31 വരെയുള്ള നിയമലംഘനങ്ങള്‍ക്ക് പ്രഖ്യാപിച്ച ഈ പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി (Amnesty Scheme) വഴി 2026 നവംബര്‍ 1 മുതല്‍ 2027 ജനുവരി 31 വരെ ഉപയോഗപ്പെടുത്താം. കുടിശിക മൂലമുണ്ടായ ആര്‍സി, പെര്‍മിറ്റ് ബ്ലോക്കുകള്‍ നീക്കാനും ഇതുവഴി സാധിക്കും. കോടതിയിലേയ്ക്ക് പോയ ചെലാനുകളും നിയമപരമായി തിരിച്ചുപിടിച്ച്, 50% കിഴിവോടെ തീര്‍പ്പാക്കാം.
എന്താണ് എംവിഡി സ്‌കീംകേരള എംവിഡിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണിത്. വര്‍ഷങ്ങളായി പിഴയടയ്ക്കാതെ കുടിശികയായി കിടക്കുന്ന ട്രാഫിക് നിയമലംഘന ചെല്ലാനുകള്‍ 50% ഇളവോടെ അടച്ചുതീര്‍ക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ആംനെസ്റ്റി അവസരം. പദ്ധതി പ്രകാരമുള്ള ഇളവ് 2026 നവംബര്‍ 1 മുതല്‍ 2027 ജനുവരി 31 വരെ മാത്രമാണ് ലഭ്യമാകുക.
നിലവില്‍ ലഭ്യമായ ഇളവുകള്‍
2026 മാര്‍ച്ച് 31-നോ അതിനുമുമ്പോ മോട്ടോര്‍ വാഹന വകുപ്പോ, പോലീസോ ചുമത്തിയ ചെല്ലാനുകള്‍ക്ക് മാത്രമാണ് ഈ 50 ശതമാനം ഇളവ് ലഭിക്കുക. അമിതവേഗത (Over-speeding), ഹെല്‍മെറ്റ്- സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം, ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍, പെര്‍മിറ്റ്- ഇന്‍ഷുറന്‍സ് ഇല്ലാത്തത് തുടങ്ങിയ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഭൂരിഭാഗം നിര്‍ദ്ദിഷ്ട നിയമലംഘനങ്ങള്‍ക്കും പകുതി തുക അടച്ച് ബാധ്യത തീര്‍ക്കാം. 2026 മാര്‍ച്ച് 31-ന് ശേഷം ചുമത്തിയ ചെല്ലാനുകള്‍ക്കും, നിലവില്‍ കോടതി വ്യവഹാരങ്ങളിലേക്ക് മാറിയ കേസുകള്‍ക്കും നേരിട്ട് ഇളവ് ലഭിക്കില്ല.
കോടതിയിലേയ്ക്ക് പോയ ചെലാനുകള്‍ എങ്ങനെ തിരിച്ചുപിടിക്കാം
വെര്‍ച്വല്‍ കോര്‍ട്ടിലേക്കോ, റെഗുലര്‍ കോടതികളിലേക്കോ കൈമാറിയ ചെല്ലാനുകള്‍ നേരിട്ട് പരിവാഹന്‍ വെബ്‌സൈറ്റില്‍ ഇളവോടെ അടയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ചെല്ലാന്‍ തയ്യാറാക്കിയ ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അല്ലെങ്കില്‍ സബ് ആര്‍.ടി.ഒ/ ആര്‍.ടി.ഒ ഓഫീസ് നേരിട്ട് സന്ദര്‍ശിച്ച് കോടതി റീവര്‍ട്ട് അപേക്ഷ നടത്താം. കേസ് കോടതിയില്‍ നിന്നും എംവിഡി/ പോലീസ് പോര്‍ട്ടലിലേക്ക് തിരികെ എടുക്കുന്ന നടപടിയാണിത്. വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക അദാലത്തുകള്‍ വഴിയും ഇത്തരം ചെല്ലാനുകള്‍ തിരിച്ചുപിടിച്ച് 50% തുക അടച്ച് തീര്‍പ്പാക്കാന്‍ സാധിക്കും.
നിലവിലെ അവസരം വാഹന ഉടമകള്‍ക്ക് നല്‍കുന്ന നേട്ടങ്ങള്‍
കനത്ത സാമ്പത്തിക ലാഭമാണ് ഈ സ്‌കീം മലയാളികള്‍ക്ക് മുന്നിലേയ്ക്ക് വയ്ക്കുന്നത്. എഐ (AI) ക്യാമറകളിലൂടെയും പരിശോധനകളിലൂടെയും കുന്നുകൂടിയ വലിയ തുകകളുടെ പകുതി മാത്രം അടച്ച് പിഴയൊഴിവാക്കാം.
പിഴ കുടിശിക കാരണം പരിവാഹന്‍ പോര്‍ട്ടലില്‍ തടഞ്ഞുവെച്ച ആര്‍.സി. ഉടമസ്ഥാവകാശ മാറ്റം (RC Transfer), പെര്‍മിറ്റ് പുതുക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (CF), എന്‍.ഒ.സി തുടങ്ങിയ സേവനങ്ങള്‍ തടസമില്ലാതെ വീണ്ടും ലഭ്യമാകും.
ഭാവിയില്‍ കോടതി കയറേണ്ടിവരുന്ന സാഹചര്യവും വാറണ്ട്, ലൈസന്‍സ് സസ്‌പെന്‍ഷന്‍, അധിക പിഴ എന്നിവയും ഈ സ്‌കീം വഴി ഒഴിവാക്കാം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
- പിഴയടയ്ക്കാന്‍ ഔദ്യോഗിക പരിവാഹന്‍ പോര്‍ട്ടല്‍ (https://echallan.parivahan.gov.in) അല്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ (https://services.mvd.kerala.gov.in)മാത്രം ഉപയോഗിക്കുക.
- ട്രാഫിക് പിഴയടയ്ക്കാനെന്ന പേരില്‍ വാട്‌സാപ്പിലോ എസ്എംഎസിലോ വരുന്ന വ്യാജ ലിങ്കുകളിലോ ‘.apk` ഫയലുകളിലോ ക്ലിക്ക് ചെയ്യരുത്.
- വാഹന നമ്പര്‍ നല്‍കി ചെല്ലാന്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍, ചെല്ലാന്‍ തീയതി 2026 മാര്‍ച്ച് 31-ന് മുമ്പുള്ളതാണെന്ന് ഉറപ്പുവരുത്തുക.
- 2027 ജനുവരി 31 കഴിഞ്ഞാല്‍ ഈ ഇളവ് പൂര്‍ണ്ണമായും നഷ്ടപ്പെടുകയും മുഴുവന്‍ തുകയും ഒടുക്കേണ്ടതായും വരും.
- പേയ്മെന്റ് പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന രസീത് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും, പോര്‍ട്ടലില്‍ Pending സ്റ്റാറ്റസ് മാറിയെന്ന് ഉറപ്പാക്കുകയും ചെയ്യുക.
