
സ്മാര്‍ട്ട്ഫോണുകള്‍ ഫിംഗര്പ്രിന്റോ, പാസ്വേഡോ ഉപയോഗിച്ച് ലോക്ക് ചെയ്തതുകൊണ്ട് മാത്രം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാകണമെന്നില്ല. ഫോണ്‍ മോഷ്ടിക്കുന്നവര്‍ക്ക് അതിലെ ഫിസിക്കല്‍ സിം കാര്‍ഡ് ഒരു സാധാരണ ബട്ടണ്‍ ഫോണിലിട്ട് നിമിഷങ്ങള്‍ക്കകം യുപിഐ (UPI) അക്കൗണ്ടുകള്‍ കാലിയാക്കാന്‍ സാധിക്കും. ഈ സൈബര്‍ സുരക്ഷാ വീഴ്ച തടയാന്‍ സ്മാര്‍ട്ട്ഫോണില്‍ സിം പിന് (SIM PIN) ലോക്ക് സജ്ജമാക്കേണ്ടത് എങ്ങനെയെന്ന് പരിശോധിക്കാം. കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടാതെ സൂക്ഷിക്കാം.
ഫീച്ചര്‍ ഫോണ്‍ ബാങ്ക് അക്കൗണ്ട് കാലിയാക്കാംഇന്ന് യുപിഐ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേരും ഫോണ്‍ സ്ക്രീന്‍ ലോക്കുകളില് (PIN, Pattern, Fingerprint) അമിതമായി വിശ്വസിക്കുന്നവരാണ്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഈ ലോക്കുകള്‍ ഡിവൈസിലുള്ള ഫോട്ടോകളും സ്വകാര്യ വിവരങ്ങളും കാണാതെ സംരക്ഷിച്ചേക്കാം; എന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അപ്പോഴും പൂര്‍ണ്ണ സുരക്ഷിതമല്ല.
ഫിസിക്കല്‍ സിം കാര്‍ഡുകളാണ് ഇവിടെ പ്രധാന സുരക്ഷാ ഭീഷണിയാകുന്നത്. ഫോണ്‍ മോഷ്ടിക്കുന്ന ഒരാള്‍ക്ക് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും സിം ട്രേ തുറന്ന് ആ സിം കാര്‍ഡ് ഒരു സാധാരണ ഫീച്ചര്‍ ഫോണിലേക്ക് മാറ്റാനാകും. ഫീച്ചര്‍ ഫോണില്‍ സിം ഇട്ടയുടന്‍ നെറ്റ്വര്‍ക്ക് കണക്റ്റാവുകയും, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഒടിപികളും ഇന്‍കമിംഗ് കോളുകളും അതിലേക്ക് നേരിട്ടെത്തുകയും ചെയ്യും.
തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വഴികള്‍
നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ച് നെറ്റ് ബാങ്കിംഗ്, സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ മറ്റ് വാലറ്റുകള്‍ ലോഗിന്‍ ചെയ്യാനും ഒടിപി വഴി പാസ്വേഡുകള് മാറ്റാനും തട്ടിപ്പുകാര്‍ക്ക് സാധിക്കും.
ഫീച്ചര്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കൊണ്ടുവന്ന *99# സംവിധാനവും വെല്ലുവിളിയാണ്. സിം കൈവശമുണ്ടെങ്കില്‍ മോഷ്ടാക്കള്‍ക്ക് ഇത് ദുരുപയോഗം ചെയ്യാം. ഈ സംവിധാനത്തില്‍ യുപിഐ പിന് മാറ്റാനുള്ള ഓപ്ഷന് ഉണ്ട്. ഇതിന് ആവശ്യമായ ഒടിപി വരുന്നത് സിം നമ്പറിലേയ്ക്ക് ആയിരിക്കും.
അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെടുന്ന അലേര്‍ട്ട് മെസേജുകള്‍ സിം കൈവശമുള്ള മോഷ്ടാവിനാണ് ലഭിക്കുക എന്നതിനാല്‍, ഉടമയ്ക്ക് അക്കൗണ്ട് കാലിയാകുന്ന വിവരം കൃത്യസമയത്ത് അറിയാന്‍ സാധിക്കില്ല.
സിം കാര്‍ഡ് പിന് പ്രധാനം
ഫോണ്‍ നമ്പറാണ് ഡിജിറ്റല്‍ താക്കോല്‍. ബാങ്ക് അക്കൗണ്ട്, യുപിഐ, ആധാര്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെയെല്ലാം പ്രധാന സുരക്ഷാ ഘടകം സിം കാര്‍ഡിലേക്ക് വരുന്ന ഒടിപി കൂടിയാണ്. ഫോണിന്റെ സ്ക്രീന്‍ ലോക്ക് ചെയ്യുന്നതുപോലെ തന്നെ സിം കാര്‍ഡും ലോക്ക് ചെയ്യണം. നിങ്ങളുടെ ഫോണിന്റെ സെറ്റിംഗ്സിലെ Security & Privacy സെഷനില്‍ SIM Card Lock ഓപ്ഷന് ലഭ്യമാണ്. ഇതുവഴി സിം കാര്‍ഡിന് 4 അക്ക രഹസ്യ പിന് നല്‍കുക.
സിം ലോക്ക് ഓണ്‍ ചെയ്താല്‍, ആ സിം കാര്‍ഡ് ഊരി മറ്റൊരു ഫോണിലിട്ടാലോ, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഓണ്‍ ചെയ്താലോ ഈ പിന് നല്‍കാതെ സിം പ്രവര്‍ത്തിക്കില്ല. ടെലികോം ഓപ്പറേറ്റര്‍മാരുടെ ഡിഫോള്‍ട്ട് പിന് സാധാരണയായി 1234 അല്ലെങ്കില്‍ 0000 ആയിരിക്കും. തെറ്റായി 3 തവണ അടിച്ചാല്‍ സിം ബ്ലോക്ക് ആകും. തുടര്‍ന്ന് സിം പ്രവര്‍ത്തക്ഷമമാക്കാന്‍ കസ്റ്റമര്‍ കെയറില്‍ നിന്ന് PUK കോഡ് നേടേണ്ടതായി വരും.
ഇ-സിം (eSIM) ഉപയോഗിക്കാം
ഇന്നിറങ്ങുന്ന മിക്ക സ്മാര്‍ട്ട് ഫോണുകളും ഇ-സിം സപ്പോര്‍ട്ടോടെയാണ് വരുന്നത്. ഇത് ഫിസിക്കല്‍ സിമ്മിന്റെ ഭീഷണികള്‍ നേരിട്ട് ഒഴിവാക്കുന്നു. ഇ-സിം ആണെങ്കില്‍ ഫോണ്‍ നഷ്ടപ്പെട്ടാലും മോഷ്ടാവിന് ഭൗതികമായി സിം ഊരിയെടുക്കാന്‍ സാധിക്കില്ല.
മറ്റു സുരക്ഷാ മുന്‍കരുതലുകള്‍
നിങ്ങളുടെ ഫോണിലെ ലോക്ക് സ്ക്രീന്‍ നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കുന്നതും വള ്രെപ്രധാനമാണ്. ഫോണ്‍ ലോക്ക് ആയിരിക്കുമ്പോള്‍ ഒടിപികളോ, എസ്എംഎസുകളോ സ്ക്രീനില്‍ തെളിയാത്ത വിധം ‘Hide sensitive notifications` സെറ്റിങ്സ് അടിയന്തരമായി ഓണ്‍ ചെയ്യുക.
ഫോണ്‍ നഷ്ടമായാല്‍ ഉടന്‍ തന്നെ നിങ്ങളുടെ സര്‍വീസ് പ്രൊവൈഡറെ (Jio/ Airtel/ Vi/ BSNL) വിളിച്ച് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നത് വളരെ പ്രധാനമാണ്. തുടര്‍ന്ന് ഒരു ഡ്യൂപ്ലിക്കേറ്റ് സിം നേടുക. ഇതിനൊപ്പം തന്നെ ബാങ്ക് കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ട് യുപിഐ സേവനങ്ങളും, നെറ്റ് ബാങ്കിംഗും താല്‍ക്കാലികമായി നിര്‍ത്തുന്നതും നല്ലതാണ്. കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി (Sanchar Saathi – CEIR) പോര്‍ട്ടല്‍ വഴി നഷ്ടപ്പെട്ട ഫോണ്‍ പൂര്‍ണ്ണമായി ബ്ലോക്കും ചെയ്യുക.
