
സ്വകാര്യ മേഖലയിലെ സംഘടിത തൊഴിലാളികള്‍ക്ക് ദീര്‍ഘകാല ആശ്വാസവുമായി ഇപിഎഫ്ഒ. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (EPS) കീഴിലുള്ള കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്തിയേക്കും. നവംബര്‍ 19-ന് ചേരുന്ന ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (CBT) യോഗത്തില്‍ പത്ത് വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന പെന്‍ഷന്‍ തുക മൂന്നിരട്ടിയാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കുറഞ്ഞ പെന്‍ഷന്‍ മൂന്നിരട്ടി വര്‍ധിച്ചേക്കുംനവംബര്‍ 19-ന് ചേരുന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (CBT) യോഗത്തില്‍ ഇതുസംബന്ധിച്ച സുപ്രധാന ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് വിവരം. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (EPS) കീഴിലുള്ള കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് 3,000 രൂപയായി (മൂന്നിരട്ടി) വര്‍ധിപ്പിക്കാനാണ് സാധ്യത. തൊഴില്‍, ധനകാര്യ മന്ത്രാലയങ്ങള്‍ പെന്‍ഷന്‍ തുക 3,000 രൂപയാക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള കാരണമെന്ത്
2014 സെപ്റ്റംബര്‍ മുതല്‍ ഇപിഎസ് പ്രകാരം നല്‍കുന്ന കുറഞ്ഞ പെന്‍ഷന്‍ 1,000 രൂപയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ തുക മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ ഉയര്‍ന്ന പണപ്പെരുപ്പവും, വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകളും നേരിടാന്‍ 1,000 രൂപ അപര്യാപ്തമാണെന്ന് പെന്‍ഷന്‍കാരും, തൊഴിലാളി സംഘടനകളും നിരന്തരം ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ പെന്‍ഷന്‍ തുക 7,500 രൂപയാക്കണമെന്നാണ് ദീര്‍ഘകാലമായുള്ള ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാരിന് കടുത്ത ബാധതയാകുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ക്കൊക്കെ പെന്‍ഷന്‍ വര്‍ധിക്കും
ഇപിഎഫ്ഒയുടെ (EPFO) കീഴില്‍ വരുന്ന സംഘടിത മേഖലയിലെ സ്വകാര്യ ജീവനക്കാര്‍ക്കും, നിലവിലെ ഇപിഎസ് (EPS) പെന്‍ഷന്‍കാര്‍ക്കുമാണ് ഈ വര്‍ധന നീക്കം പ്രാബല്യത്തിലായാല്‍ നേട്ടമാകുക.
നിലവില്‍ ഏറ്റവും കുറഞ്ഞ പെന്‍ഷനായ 1,000 രൂപ മാത്രം ലഭിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ഈ വര്‍ധന വലിയ സാമ്പത്തിക ആശ്വാസമാകും.
എങ്ങനെയാണ് ഇപിഎസ് പെന്‍ഷന്‍ നിശ്ചയിക്കുന്നത്
സംഘടിത മേഖലയിലെ ജീവനക്കാര്‍ക്കായി ഇപിഎഫ്ഒ നടപ്പിലാക്കുന്ന ഒരു പ്രധാന വിരമിക്കല്‍ പദ്ധതിയാണ് ഇപിഎസ് (Employees’ Pension Scheme). പിഎഫ് അക്കൗണ്ടിലേക്കുള്ള തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം നേരിട്ട് ഈ പെന്‍ഷന്‍ ഫണ്ടിലേക്കാണ് വകയിരുത്തുന്നത്. ഒരു വ്യക്തിക്ക് വിരമിക്കലിന് ശേഷം ലഭിക്കുന്ന പെന്‍ഷന്‍ അവരുടെ ശമ്പളവും, സേവന കാലയളവും അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. ഇതിന് ഉയര്‍ന്ന പരിധിയില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പെന്‍ഷന്‍ വര്‍ധന സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളോ, സ്ഥിരീകരണമോ ഇതുവരെ സര്‍ക്കാരിന്റെയോ, മന്ത്രാലയങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ഇത് പ്രാബല്യത്തില്‍ വന്നതായി കണക്കാക്കരുത്. നവംബര്‍ 19 ലെ യോഗ തീരുമാനങ്ങള്‍ പ്രധാനമാകും.
