Latest

പെൻഷൻകാർക്ക് വർഷം 13.20 ലക്ഷം രൂപ വരെ വരുമാനത്തിന് ടാക്സില്ല, പുതിയ നികുതി വ്യവസ്ഥയിലെ ആനുകൂല്യങ്ങൾ അറിയാം

Share
Pension tax rules exemption

മലയാളികൾ അടക്കം വിരമിച്ച ശേഷവും പെൻഷൻ വരുമാനത്തിന് പുറമെ, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയും, വാടക വരുമാനവും ലഭിക്കുന്നവരുണ്ട്. ഇത്തരത്തിൽ വിവിധ വരുമാന മാർഗങ്ങളിലൂടെ വർഷം 13.20 ലക്ഷം രൂപ വരെ മൊത്തം വരുമാനം നേടിയിട്ടും പുതിയ നികുതി വ്യവസ്ഥ പ്രകാരം ആദായനികുതി നൽകേണ്ടതില്ലാത്ത സാഹചര്യവുമുണ്ട്. എന്നാൽ ഇതിനായി ചില നികുതി ഇളവുകൾ മനസ്സിലാക്കുകയും, നിബന്ധനകൾ പാലിക്കുകയും ചെയ്യേണ്ടതാണ്.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ, വാടക വരുമാനത്തിനുള്ള ഇളവ്, ആദായനികുതി നിയമത്തിലെ സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റ് എന്നിവ പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്.വരുമാനം 13.20 ലക്ഷം രൂപ; നികുതി ഇല്ലാതാകുന്നതെങ്ങനെ?

ഒരു പെൻഷൻകാരന്റെ വാർഷിക വരുമാനം താഴെ പറയുന്ന രീതിയിലാണെന്ന് കരുതുക,

  • പെൻഷൻ വരുമാനം : 11,00,000 രൂപ
  • വാടക വരുമാനം (വാർഷിക അറ്റ മൂല്യം ) : 1,50,000 രൂപ
  • സേവിങ്സ് അക്കൗണ്ട്, എഫ്.ഡി പലിശ : 70,000 രൂപ
  • ആകെ വരുമാനം 13,20,000 രൂപ
  • ഇതിൽ നിന്ന് ലഭ്യമായ ഇളവുകൾ കുറയ്ക്കാം.
  • പെൻഷനുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ: 75,000 രൂപ
  • വാടക വരുമാനത്തിനുള്ള 30% ഇളവ്: 45,000 രൂപ

ഇതോടെ നികുതി കണക്കാക്കേണ്ട വരുമാനം 12 ലക്ഷം രൂപയായി കുറയും.

പുതിയ നികുതി വ്യവസ്ഥയിൽ, നിശ്ചിത നിബന്ധനകൾ പാലിക്കുന്നവർക്ക് സെക്ഷൻ 87A പ്രകാരം 60,000 രൂപ വരെ റിബേറ്റ് ലഭിക്കാം. ഈ ഉദാഹരണത്തിൽ റിബേറ്റ് ഉപയോഗിച്ചാൽ അടയ്ക്കേണ്ട ആദായനികുതി പൂജ്യമായി മാറും.

ആനുകൂല്യം ലഭിക്കുന്നത് ആർക്കെല്ലാം?

എല്ലാ പെൻഷൻകാർക്കും ഒരുപോലെ ഈ ഇളവ് ലഭിക്കില്ല. പ്രധാന നിബന്ധനകളാണ് താഴെ പറയുന്നത്.

  • നികുതിദായകൻ ഇന്ത്യയിലെ താമസക്കാരനായിരിക്കണം.
  • നികുതി കണക്കാക്കാവുന്ന വരുമാനം 12 ലക്ഷം രൂപയിൽ കവിയരുത്.

മുൻ തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന സാധാരണ പെൻഷൻ ശമ്പളവരുമാനമായി കണക്കാക്കപ്പെടുന്നതിനാൽ അതിന് 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കാം. വാടക വരുമാനത്തിന് നിയമപ്രകാരം 30% ഡിഡക്ഷൻ ലഭിക്കും. ഇത് അറ്റ വാർഷിക വാടക മൂല്യത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. സെക്ഷൻ 87A റിബേറ്റ് ലഭിക്കാൻ ബാധകമായ മറ്റ് നിബന്ധനകളും പാലിക്കേണ്ടതാണ്

സാധാരണ പെൻഷനും കുടുംബ പെൻഷനും തമ്മിലുള്ള വ്യത്യാസം

സാധാരണ പെൻഷനും, കുടുംബ പെൻഷനും ആദായനികുതി കണക്കാക്കുന്നതിൽ പരി​ഗണിക്കപ്പെടുന്നത് ഒരുപോലെയല്ല. വിരമിച്ച വ്യക്തിക്ക്, മുൻ തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന സാധാരണ പെൻഷൻ ശമ്പളവരുമാനമായാണ് കണക്കാക്കുന്നത്. എന്നാൽ പെൻഷൻകാരന്റെ വിയോ​ഗശേഷം കുടുംബാംഗത്തിന് ലഭിക്കുന്ന ഫാമിലി പെൻഷൻ മറ്റ് വരുമാനങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

പുതിയ നികുതി വ്യവസ്ഥയിൽ, കുടുംബ പെൻഷന് 25,000 രൂപ അല്ലെങ്കിൽ ലഭിക്കുന്ന കുടുംബ പെൻഷന്റെ മൂന്നിലൊന്ന് – ഇതിൽ കുറവുള്ള തുക ഡിഡക്ഷനായി ലഭിക്കാം. അതിനാൽ രണ്ട് വരുമാനങ്ങളുടെയും നികുതി കണക്കാക്കൽ വ്യത്യസ്തമായിരിക്കും.

ആദായ നികുതി റിട്ടേൺ സമർപ്പിക്കണോ?

നികുതി അടയ്ക്കേണ്ട തുക പൂജ്യമാണെന്നതുകൊണ്ട് മാത്രം ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട ബാധ്യത ഒഴിവാകണമെന്നില്ല. ആകെ വരുമാനം, ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ, മറ്റ് നിർബന്ധിത ഫയലിങ് വ്യവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിൽ റിട്ടേൺ സമർപ്പിക്കേണ്ടിവരാം.

അതേസമയം, 75 വയസോ അതിൽ കൂടുതലോ പ്രായമുള്ള ചില മുതിർന്ന പൗരന്മാർക്ക് സെക്ഷൻ 194P പ്രകാരം ഐ.ടി.ആർ സമർപ്പിക്കുന്നതിൽ ഇളവുണ്ട്. പെൻഷനും അതേ ബാങ്കിൽ നിന്നുള്ള പലിശയും മാത്രമാണ് വരുമാനമെങ്കിൽ, മറ്റ് നിബന്ധനകൾ പാലിച്ച് ആവശ്യമായ രേഖകൾ ബാങ്കിന് നൽകിയാൽ ഈ സൗകര്യം ലഭിക്കാം

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വർഷം 13.20 ലക്ഷം രൂപ വരുമാനം നേടിയാലും നികുതി നൽകേണ്ടിവരില്ലെന്നത് എല്ലാവർക്കും ബാധകമായ പൊതുവായ ഇളവല്ല. വരുമാനത്തിന്റെ ഉറവിടം, പെൻഷന്റെ സ്വഭാവം, ലഭ്യമായ ഡിഡക്ഷനുകൾ, നികുതിദായകന്റെ താമസസ്ഥിതി തുടങ്ങിയവയെല്ലാം അന്തിമ നികുതി ബാധ്യതയെ സ്വാധീനിക്കും.

ഇതിനാൽ പെൻഷൻ, വാടക, ബാങ്ക് നിക്ഷേപ പലിശ എന്നിവയുള്ളവർ സ്വന്തം വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ പരിശോധിച്ചശേഷം മാത്രം നികുതി സംബന്ധമായ ആസൂത്രണം നടത്തേണ്ടതാണ്.

ഇവിടെ നൽകിയ കണക്കുകൾ 2025-26 സാമ്പത്തിക വർഷത്തിലെ (അസസ്മെന്റ് വർഷം 2026–27) അടിസ്ഥാനമാക്കിയുള്ള ഉദാഹരണമാണ്. വ്യക്തിഗതമായ നികുതി സംബന്ധമായ കണക്കുകൾക്ക് ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടുക.

Leave a Reply

Your email address will not be published. Required fields are marked *