
ഇന്ത്യയുടെ മൂലധന അഥവാ ക്യാപെക്സ് ചെലവഴിക്കൽ ഭീമമായ തോതിൽ വർധിച്ചു വരികയാണ്. ഇതിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള, പ്രമുഖ ആഗോള-ഇൻവെസ്റ്റ്മെന്റ് ബ്രോക്കിങ് സ്ഥാപനമായ ജെ.പി മോർഗൻ തെരഞ്ഞെടുത്ത 6 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
ഇന്ത്യയുടെ ക്യാപെക്സ്ഇന്ത്യയുടെ ക്യാപെക്സ് സൈക്കിൾ ശക്തമായി തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി, വ്യവസായം, തുറമുഖങ്ങൾ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയുടെ ക്യാപെക്സ് മേഖലയിലെ കരുത്തുറ്റ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്ന് ജെ.പി. മോർഗൻ വിലയിരുത്തുന്നു.
അടിസ്ഥാന സൗകര്യം, ഉല്പാദനം, വ്യാവസായിക മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള വിപണി അനിശ്ചിതത്വങ്ങൾക്കിടയിലും നിക്ഷേപം മികച്ച നിലയിൽ തുടരുകയാണെന്നാണ് ജെ.പി. മോർഗന്റെ വിലയിരുത്തൽ.
അടിസ്ഥാന സൗകര്യങ്ങം, എൻജിനീയറിങ്, ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ, പ്രതിരോധം, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപാവസരങ്ങൾ ഉണ്ടെന്നാണ് ജെ.പി. മോർഗൻ ചൂണ്ടിക്കാണിക്കുന്നത്
ജെ.പി മോർഗൻ തെരഞ്ഞെടുത്ത 6 കമ്പനികൾ
ലാർസൻ & ടുബ്രോ, അദാനി പോർട്സ് , ഭാരത് ഇലക്ട്രോണിക്സ്
ലാർസൻ & ടുബ്രോ, അദാനി പോർട്സ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് ജെ.പി മോർഗൻ മുൻഗണന നൽകുന്ന ഓഹരികൾ. ഇൻഫ്രാസ്ട്രക്ചർ വികസനം, പോർട് ഓപ്പറേഷൻസ്, ഡിഫൻസ് ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ ഈ കമ്പനികളുടെ സാന്നിദ്ധ്യം വിശാലമായ നിക്ഷേപാവസരങ്ങൾ തുറന്നു നൽകുന്നതായി വിലയിരുത്തുന്നു.
സി.ജി പവർ
ഇൻഡസ്ട്രിയൽ കമ്പനികളിൽ സി.ജി പവർ മികച്ച പ്രകടനം നടത്താൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. മാനുഫാക്ചറിങ്, ഇൻഫ്രാസ്ട്രക്ചർ, പവർ പ്രൊജക്ടുകൾ എന്നിവയ്ക്ക് ഇലക്ട്രിക്കൽ ഉപകരണങ്ങളും, അനുബന്ധമായ ഇൻഡസ്ട്രിയൽ സൊല്യൂഷനുകളും ആവശ്യമുണ്ട്. ഈ സെക്ടറുകളിൽ നിക്ഷേപം ഉയരുന്നത് സി.ജി പവറിനെ സംബന്ധിച്ച് നേട്ടമാകാം.
പവർ, ഇൻഡസ്ട്രിയൽ ഉപകരണങ്ങളുടെ ഡിമാൻഡ് ഉയരുന്നത് കമ്പനിക്ക് പുതിയ ബിസിനസ് അവസരങ്ങൾ തുറന്നു നൽകാം. അതേ സമയം ഉയരുന്ന ഡിമാൻഡ് പ്രയോജനപ്പെടുത്തുന്നതും, ഓർഡറുകളുടെ വരവും, സമയബന്ധിതമായ എക്സിക്യൂഷനും നിക്ഷേപകർ നിരീക്ഷിക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിറ്റാച്ചി എനർജി , ജി.ഇ വെർണോവ ടി&ഡി ഇന്ത്യ
ജെ.പി മോർഗൻ ഓവർ വെയ്റ്റ് റേറ്റിങ് നൽകിയ രണ്ട് കമ്പനികളാണ് ഹിറ്റാച്ചി എനർജി, ജി.ഇ വെർണോവ ടി&ഡി ഇന്ത്യ എന്നിവ. ഈ രണ്ട് കമ്പനികളും പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ സെക്ടറിലാണ് ബിസിനസ് ചെയ്യുന്നത്. ഇന്ത്യയിലെ വർധിക്കുന്ന ഇലക്ട്രിസിറ്റി ഡിമാൻഡ്, ഗ്രിഡ് മോഡേണൈസേഷൻ, പവർ ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെ നിക്ഷേപം തുടങ്ങിയവ ഈ കമ്പനികൾക്ക് നേട്ടമായി മാറാമെന്നും ജെ.പി മോർഗൻ വിലയിരുത്തുന്നു
