
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് താഴെയെത്തുന്നത് എണ്ണ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. എണ്ണവില കുറയുന്നത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കാനും സഹായിക്കും. ഇതിന്റെ നേട്ടങ്ങൾ ഇന്ധനവിലയിൽ മാത്രമല്ല, പലിശ നിരക്കുകളിലും, സാധാരണക്കാരുടെ സാമ്പത്തിക കാര്യങ്ങളിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 95.34 ഡോളറിലും, ഡബ്ല്യു.ടി.ഐ ക്രൂഡ് ബാരലിന് 84.58 ഡോളറിലുമാണ് വ്യാപാരം നടത്തുന്നത്.എന്നാൽ ക്രൂഡ് ഓയിൽ വില കുറയുന്നതുകൊണ്ട് മാത്രം പെട്രോൾ, ഡീസൽ വിലയോ റിപ്പോ നിരക്കോ ഉടൻ കുറയണമെന്നില്ല. എണ്ണവിലയിലെ ഇടിവ് എത്രത്തോളം നീണ്ടുനിൽക്കുന്നു, രൂപയുടെ മൂല്യം, സർക്കാർ നികുതികൾ, ആർ.ബി.ഐയുടെ പണനയ നിലപാട് എന്നിവയും നിർണായകമാണ്. എണ്ണവില കുറയുന്നതിന്റെ ഇന്ത്യയ്ക്കുള്ള പ്രധാന ഗുണങ്ങളാണ് ഇനി പറയുന്നത്
പണപ്പെരുപ്പം കുറയാൻ സഹായിച്ചേക്കും
ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ വിലയിൽ സമ്മർദമുണ്ടാകാറുണ്ട്. കൂടാതെ, ഗതാഗതം, കൃഷി, വ്യവസായം, ഉല്പാദനം തുടങ്ങിയ മേഖലകളിലും ചെലവ് വർധിക്കും.
ക്രൂഡ് നിരക്കുകൾ കുറയുമ്പോൾ ഈ ചെലവുകൾ കുറയാൻ സാധ്യതയുണ്ട്. ഇതിലൂടെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉല്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇത് സഹായിച്ചേക്കും. 2026 ഒക്ടോബറിൽ ഇന്ത്യയിലെ പണപ്പെരുപ്പം ആർ.ബി.ഐയുടെ 6% എന്ന ഉയർന്ന പരിധി മറികടന്നിരുന്നു. അതിനാൽ ക്രൂഡ് ഓയിൽ വിലയിലെ കുറവ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായകമായി മാറുന്നു.
റിപ്പോ നിരക്ക് കുറയ്ക്കാൻ ആർ.ബി.ഐ തയ്യാറാകുമോ?
ക്രൂഡ് ഓയിൽ വില കുറയുന്നത് ആർ.ബി.ഐയുടെ പണനയ യോഗതീരുമാനങ്ങളെ സ്വാധീനിക്കാം. സ്ഥിതി നിയന്ത്രണവിധേയമാകുകയും, വിലക്കയറ്റം കുറയുകയും ചെയ്താൽ ഭാവിയിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാഹചര്യം രൂപപ്പെടാം.
എന്നാൽ നിലവിലെ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഉടൻ റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. 2026 ഒക്ടോബറിലെ പണനയ യോഗത്തിൽ ആർ.ബി.ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.50 ശതമാനമാക്കിയിരുന്നു. പണപ്പെരുപ്പ സമ്മർദം തുടരുന്നതിനാൽ നിരക്ക് കുറയ്ക്കുന്നതിന് പകരം തൽക്കാലം മാറ്റമില്ലാതെ നിലനിർത്താനും കേന്ദ്രബാങ്ക് തീരുമാനിച്ചേക്കാം.
ഭവനവായ്പാ ഇ.എം.ഐ
ക്രൂഡ് ഓയിൽ വില കുറയുകയും അതിന്റെ ഫലമായി ആർ.ബി.ഐ റിപ്പോ നിരക്ക് കുറയ്ക്കുകയും ചെയ്താൽ ഭവനവായ്പ എടുത്തവർക്ക് ആശ്വാസം ലഭിച്ചേക്കാം. പ്രത്യേകിച്ച് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലോട്ടിങ് പലിശ നിരക്കിലുള്ള ലോണുകളുടെ പലിശ കുറയാൻ ഇവിടെ സാധ്യതയുണ്ട്. ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുമ്പോൾ വായ്പയുടെ ഇ.എം.ഐ താഴുകയോ, വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി കുറയുകയോ ചെയ്യാം.
ബാങ്ക് സ്ഥിര നിക്ഷേപ പലിശ
റിപ്പോ നിരക്ക് താഴുന്ന സാഹചര്യമുണ്ടായാൽ ബാങ്കുകൾ പുതിയ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്.
അതേസമയം, നിലവിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണയായി നിക്ഷേപം ആരംഭിച്ച സമയത്തെ വ്യവസ്ഥകൾ പ്രകാരമുള്ള പലിശ ലഭിക്കും. അതിനാൽ പലിശ നിരക്ക് കുറയുന്നതിന്റെ സ്വാധീനം പ്രധാനമായും പുതിയ എഫ്.ഡി നിക്ഷേപങ്ങളെയും, പുതുക്കുന്ന നിക്ഷേപങ്ങളെയും ബാധിക്കാം.
പെട്രോൾ, ഡീസൽ വില
ക്രൂഡ് ഓയിൽ വില കുറയുമ്പോൾ രാജ്യത്തെ എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവ് കുറയാം. ഇതിലൂടെ പെട്രോൾ, ഡീസൽ നിരക്കുകൾ കുറയ്ക്കാനുള്ള സാഹചര്യം ഉണ്ടാകാം. എന്നാൽ ഇന്ത്യയിൽ ഇന്ധനവില നിശ്ചയിക്കുന്നത് ക്രൂഡ് വില മാത്രം അടിസ്ഥാനമാക്കിയല്ല. രൂപയുടെ മൂല്യം, കേന്ദ്ര-സംസ്ഥാന നികുതികൾ, എണ്ണക്കമ്പനികളുടെ ചെലവുകൾ, വിപണിയിലെ സാഹചര്യം എന്നിവയും വില നിലവാരത്തെ സ്വാധീനിക്കുന്നു. ഇതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞാലുടൻ രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയണമെന്നില്ല.
രൂപയ്ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും നേട്ടം
ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനും, വിദേശനാണ്യത്തിന് മേലുള്ള സമ്മർദം കുറയാനും സാധ്യതയുണ്ട്.
എണ്ണ ഇറക്കുമതിക്കായി വേണ്ടി വരുന്ന ഡോളറിന്റെ ചെലവഴിക്കൽ കുറയുന്നത് രൂപയുടെ മൂല്യത്തിന് കരുത്ത് പകരും. രൂപ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇറക്കുമതി ചെയ്യുന്ന മറ്റ് ഉല്പന്നങ്ങളുടെ ചെലവും കുറയാം. ഇതിന്റെ ഗുണം വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും ലഭിക്കാനുള്ള സാധ്യതകളുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആഗോള ക്രൂഡ് ഓയിൽ വില ഇറങ്ങുന്നത് ഇന്ത്യയെ സംബന്ധിച്ച് പലവിധത്തിലും നേട്ടമാണ് നൽകുക.
