Latest

കൊച്ചിയിൽ സെബി ഓഫീസ് വരുന്നു; വ്യാജന്മാരെ 30 സെക്കൻഡിൽ പൂട്ടാൻ സെബിയുടെ വമ്പൻ കവചം, കേരളത്തിൽ ഓഹരി നിക്ഷേപകർ 41 ലക്ഷം കടന്നു

Share
SEBI News

ഓഹരി വിപണിയുടെ അനന്ത സാധ്യതകൾ മലയാളികൾ തിരിച്ചറിഞ്ഞിരിഞ്ഞ കാലമാണിത്. ഇവിടെ വിപണിയിൽ ഇടപെടുന്ന മലയാളികൾക്കായി പുതിയൊരു സന്തോഷ വാർത്ത സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പങ്കു വെച്ചിട്ടുണ്ട്. നിക്ഷേപകർക്ക് കൂടുതൽ സേവനങ്ങൾ നൽകാനും, പരാതി പരിഹാരവും വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ടിയും കൊച്ചിയിൽ സെബിയുടെ ഓഫീസ് ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

കൂടാതെ, നിക്ഷേപകർക്ക് കവചമൊരുക്കാൻ ‘സെബി ചെക്ക്’, ‘വെരിഫൈഡ് ട്രേഡിങ് ആപ്പുകൾ’ എന്നീ പുതിയ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുമുണ്ട്. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും, കൊച്ചിൻ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ചടങ്ങിൽ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രകാശ് അയ്യർ, കൊച്ചി ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എം രാമചന്ദ്രൻ, എസ് പി കമ്മത്ത് എന്നിവർ പ്രസംഗിച്ചു.മലയാളിയും, ഓഹരി വിപണിയും

പരമ്പരാ​ഗത നിക്ഷേപ മാർ​ഗങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന മലയാളികൾ ഇന്റർനെറ്റിന്റെ ജനാധിപത്യവൽക്കരണത്തോടെ ഓഹരി വിപണിയെന്ന ശക്തമായ നിക്ഷേപമാർ​ഗത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു തുടങ്ങി. കോവിഡ് കാലത്തിന് ശേഷമാണ് വലിയൊരു സ്റ്റോക്ക് മാർക്കറ്റ് ബൂം കേരളത്തിലുണ്ടായത്. എന്നാൽ ഇതോടൊപ്പം നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാപകമായിത്തീർന്നു.

ചില കണക്കുകൾ

സെബി ചെയർമാൻ കൊച്ചിയിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ കേരളത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട മാറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നു. 2010 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ ആകെ 3.5 ലക്ഷം ഓഹരി നിക്ഷേപകർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒന്നര പതിറ്റാണ്ടിനിപ്പുറം അത് 41 ലക്ഷത്തിലധികമായി ഉയർന്നു. അതായത്, 15 വർഷത്തിനിടെ 11 മടങ്ങിലധികമാണ് വർധന.

അതിലും ശ്രദ്ധേയമായ കാര്യം, കേരളത്തിലെ ആകെ നിക്ഷേപകരിൽ 32 ശതമാനവും 30 വയസ്സിൽ താഴെയുള്ള യുവാക്കളാണെന്നതാണ്. രാജ്യത്താകെ ഓഹരി വിപണിയിലെ നിക്ഷേപകരുടെ എണ്ണം 15.4 കോടിയിലെത്തിയപ്പോഴാണ്, ജനസംഖ്യാനുപാതികമായി കേരളം ഈ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.

നാണയത്തിന്റെ മറുവശം

നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുമ്പോൾ ഏത് കാര്യത്തിനുമെന്ന പോലെ ഇവിടെയും ഒരു മറുവശമുണ്ട്. മലയാളികളെ ലക്ഷ്യമിട്ടുള്ള നിക്ഷേപത്തട്ടിപ്പുകൾ വ്യാപകമാവുകയാണ്. വ്യാജ ട്രേഡിങ് ആപ്പുകളിലൂടെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അമിതലാഭം വാ​ഗ്ദാനം ചെയ്യുന്നവരുടെ വലയിൽ വീണ് കോടികളാണ് മലയാളികൾ ഈ സമീപകാലത്ത് മാത്രം നഷ്ടപ്പെടുത്തിയിട്ടുള്ളത്.

സെബി ചെക്ക്

മുകളിൽ പ്രതിപാദിച്ച വിധമുള്ള ഭീഷണികൾ തടയുന്നതിനായി സെബി കാലികമായ ചുവടു വെയ്പുകൾ നടത്തിയിരിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്. ഇതിൽ സാധാരണക്കാരായ നിക്ഷേപകർക്ക് ഏറ്റവും വലിയ ആശ്വാസമാകുന്ന ഒന്നാണ് ‘സെബി ചെക്ക്’ (SEBI Check) എന്ന സംവിധാനം.

നിങ്ങൾ ഏതെങ്കിലും ഒരു ബ്രോക്കർക്കോ, നിക്ഷേപ സ്ഥാപനത്തിനോ പണം കൈമാറുന്നതിന് മുമ്പ്, ആ യു.പി.ഐ (UPI) ഹാൻഡിൽ, ബാങ്ക് അക്കൗണ്ട്, ക്യു.ആർ കോഡ് എന്നിവ സെബിയിൽ രജിസ്റ്റർ ചെയ്തതാണോ എന്ന് നേരിട്ട് പരിശോധിക്കാൻ ഇതിലൂടെ സാധിക്കും. വെറും 30 സെക്കൻഡിനുള്ളിൽ ഈ പരിശോധന പൂർത്തിയാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

സെബി സാരഥി

സെബിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘സാരഥി’ (Saarthi) ആപ്പിലൂടെയും സെബിയുടെ വെബ്സൈറ്റിലൂടെയും ഈ സൗകര്യം എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാം. പണം അയയ്ക്കുന്നതിന് മുമ്പ് ഈ 30 സെക്കൻഡ് പരിശോധന ശീലമാക്കിയാൽ, വ്യാജ നിക്ഷേപ പദ്ധതികളിൽപ്പെട്ട് ജീവിതത്തിലെ സമ്പാദ്യം നഷ്ടപ്പെടുന്നത് വലിയൊരളവിൽ ഒഴിവാക്കാൻ കഴിയുമെന്ന് സെബി ചെയർമാൻ ഓർമ്മിപ്പിക്കുന്നു.

സെബി വെരിഫൈഡ് ആപ്പുകൾ

വ്യാജ ട്രേഡിങ് ആപ്പുകളെ തിരിച്ചറിയാനും ഇനി എളുപ്പവഴിയുണ്ട്. ഇതിനായി ഗൂഗിളുമായി സഹകരിച്ച് സെബി പുതിയൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സെബി പരിശോധിച്ചുറപ്പിച്ച യഥാർത്ഥ ട്രേഡിങ് ആപ്പുകൾക്ക് ‘വെരിഫൈഡ്’ (Verified) അടയാളം നൽകുന്നതാണ് ഈ രീതി. പുതിയൊരു ട്രേഡിങ് ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ്, അതിന് ഈ വെരിഫൈഡ് അടയാളമുണ്ടോ എന്ന് നിക്ഷേപകർ നിർബന്ധമായും പരിശോധിക്കണമെന്ന് സെബി നിർദേശിക്കുന്നു.

നിർമിത ബുദ്ധിയുടെ കരുത്ത്

പരാതികൾ നൽകുന്നതിനും സംശയങ്ങൾ തീർക്കുന്നതിനും ഇനി നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായവും സെബി ഉപയോഗപ്പെടുത്തുകയാണ്. നിക്ഷേപകർക്ക് ആപ്പിലൂടെ നേരിട്ട് പരാതികൾ സമർപ്പിക്കാനും, എഐ സഹായത്തോടെ മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ സംശയങ്ങൾക്ക് മറുപടി ലഭിക്കാനുമുള്ള സംവിധാനങ്ങൾ വികസിപ്പിച്ചുവരികയാണെന്ന് സെബി അറിയിച്ചു.

അവകാശികളില്ലാത്ത അക്കൗണ്ടുകൾക്കായി മിത്ര പ്ലാറ്റ്ഫോം

വർഷങ്ങൾക്ക് മുമ്പ് മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിച്ചിട്ട് പിന്നീട് മറന്നുപോയവരോ, അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ തേടുന്നവരോ ആയ നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്. ഇത്തരം പ്രവർത്തനരഹിതവും, അവകാശികളില്ലാതെ കിടക്കുന്നതുമായ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ‘മിത്ര’ (MITRA) പ്ലാറ്റ്‌ഫോമും നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രൊജക്ട് ​ജാ​ഗ്രുക്

നിക്ഷേപക ബോധവൽക്കരണത്തിനായി വിപ്ലവകരമായ നീക്കങ്ങളും സെബി അടുത്ത കാലത്ത് നടത്തി. നിക്ഷേപകരെ ബോധവത്കരിക്കുന്നതിനായി സെബി നടപ്പാക്കുന്ന ‘പ്രോജക്ട് ജാഗ്രുക്’ (Project Jagruk) രാജ്യവ്യാപകമായി കൂടുതൽ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ മാത്രം സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും, ഡിപ്പോസിറ്ററികളുടെയും സഹകരണത്തോടെ 41,000ൽ അധികം ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇതിൽ 22 ലക്ഷത്തിലധികം പേർ പങ്കെടുത്തു. ഒരു മാസത്തിനിടെ മലയാളം ഉൾപ്പെടെ 13 ഭാഷകളിലായി 190 കോടി ബോധവത്കരണ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞതായും സെബി ചെയർമാൻ വെളിപ്പെടുത്തി.

കരുത്തോടെ ഇന്ത്യൻ ഓഹരി വിപണി

ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്ത് വിളിച്ചോതുന്ന കണക്കുകളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ ഓഹരി വിപണിയുടെ വിപണിമൂല്യം പ്രതിവർഷം ശരാശരി 17 ശതമാനം നിരക്കിലാണ് വളർന്നത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി (AUM) 83 ലക്ഷം കോടി രൂപയായും, കോർപ്പറേറ്റ് ബോണ്ട് വിപണി 62 ലക്ഷം കോടി രൂപയായും ഉയർന്നു.

2027 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം ഓഹരി, കടപ്പത്ര വിപണികളിലൂടെ ഒമ്പത് ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 235 പ്രാഥമിക ഓഹരി വില്പനകളിലൂടെ (ഐ.പി.ഒ) 1.5 ലക്ഷം കോടി രൂപയും ലഭിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SME) മൂലധന വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകാനും, ഐ.പി.ഒ നടപടികൾ ലഘൂകരിച്ച് ഏകീകൃത ഫയലിങ് സംവിധാനം ഏർപ്പെടുത്താനും സെബി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വിപണിയിലെ കൃത്രിമ ഇടപെടലുകൾക്കും, സോഷ്യൽ മീഡിയ വഴിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷേപ ഉപദേശങ്ങൾക്കും എതിരെ നിരന്തരമായ നിരീക്ഷണവും, കർശന നടപടികളും ഉണ്ടാകുമെന്നാണ് സെബിയുടെ ഉറപ്പ്. മൂലധന വിപണിയുടെ വളർച്ചയ്ക്ക് നിക്ഷേപകരുടെ വിശ്വാസവും, ഉത്തരവാദിത്വത്തോടെയുള്ള പങ്കാളിത്തവുമാണ് ഏറ്റവും അനിവാര്യമെന്ന് തുഹിൻ കാന്ത പാണ്ഡെ അടിവരയിട്ടു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *