സർക്കാർ ജോലിയുണ്ടെങ്കിൽ മാത്രമേ പെൻഷൻ ലഭിക്കൂ എന്ന ധാരണ ഇന്നും പല മലയാളികൾക്കുമുണ്ട്. എന്നാൽ റിട്ടയർമെന്റ് കാലത്തേക്ക് സാമ്പത്തിക സുരക്ഷ ഒരുക്കാൻ സർക്കാർ ജോലിയോ, സർക്കാർ പെൻഷനോ ഇന്ന് നിർബന്ധമല്ല. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും, സ്വയംതൊഴിൽ ചെയ്യുന്നവർക്കും, മറ്റ് യോഗ്യരായ വ്യക്തികൾക്കും നാഷണൽ പെൻഷൻ സിസ്റ്റം (NPS) പോലെയുള്ള വിവിധ പദ്ധതികളിലൂടെ ദീർഘകാല വിരമിക്കൽ സമ്പാദ്യം കെട്ടിപ്പടുക്കാവുന്നതേയുള്ളൂ. ഇത്തരത്തിൽ പരിഗണിക്കാവുന്ന 5 സ്കീമുകളെക്കുറിച്ച് അറിയാം
ജോലി ചെയ്യുന്ന കാലത്ത് ചെറിയ തുകകൾ പതിവായി നിക്ഷേപിച്ച് വിരമിച്ച ശേഷമുള്ള വരുമാനത്തിന് അടിത്തറയൊരുക്കാം എന്നതാണ് ഇത്തരം പല പദ്ധതികളുടെയും പ്രധാന ആകർഷണം. എന്നാൽ നിക്ഷേപത്തിന്റെ മൂല്യം, ലഭിക്കുന്ന വരുമാനം, പെൻഷൻ തുക എന്നിവ നിങ്ങൾ തെരഞ്ഞെടുക്കുന്ന പദ്ധതിയെയും, ആ സ്കീമിന്റെ നിക്ഷേപ പ്രകടനത്തെയും, ബാധകമായ നിയമങ്ങളെയും ആശ്രയിച്ചിരിക്കും.
പരിഗണിക്കാവുന്ന 5 പെൻഷൻ പദ്ധതികൾ
1. അടൽ പെൻഷൻ യോജന (APY)
18–40 വയസ്സുള്ളവർക്ക് ചേരാം. 60 വയസ്സിന് ശേഷം, തെരഞ്ഞെടുക്കുന്ന സംഭാവന അനുസരിച്ച് പ്രതിമാസം 1,000 മുതൽ 5,000 രൂപ വരെ സർക്കാർ ഉറപ്പുനൽകുന്ന കുറഞ്ഞ പെൻഷൻ ലഭിക്കാം. നിബന്ധനകൾ ബാധകമാണ്. കുറഞ്ഞ വരുമാനമുള്ളവർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് അനുയോജ്യമായ പദ്ധതിയാണിത്.
2. എംപ്ലോയീസ് പെൻഷൻ സ്കീം (EPS-95)
EPFO പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ യോഗ്യരായ ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതിയാണിത്. തൊഴിൽകാലത്തെ അർഹമായ സേവനവും, പെൻഷൻ കണക്കാക്കുന്നതിനുള്ള ശമ്പളവും അനുസരിച്ചാണ് ആനുകൂല്യം നിശ്ചയിക്കുന്നത്. EPF അംഗങ്ങളായ, യോഗ്യരായ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കാണ് ഈ പദ്ധതി അനുയോജ്യമായിരിക്കുന്നത്.
3. പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ (PM-SYM)
അർഹരായ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസ്സിന് ശേഷം പ്രതിമാസം 3,000 രൂപ കുറഞ്ഞ പെൻഷൻ ലഭ്യമാക്കുന്ന സംഭാവനാധിഷ്ഠിത പദ്ധതിയാണിത്. ചേരാനുള്ള പ്രായം 18–40 വയസ്സാണ്. പ്രതിമാസ വരുമാനം 15,000 രൂപയിൽ കവിയരുത്. EPFO, ESIC, NPS പരിധിയിൽ വരുന്നവർക്കും ആദായനികുതി അടയ്ക്കുന്നവർക്കും പദ്ധതിയിൽ യോഗ്യതാ നിയന്ത്രണങ്ങളുണ്ട്.
4. നാഷണൽ പെൻഷൻ സിസ്റ്റം (NPS)
18 വയസ്സ് മുതൽ പരമാവധി 85 വയസ്സ് വരെ, അർഹരായ ഇന്ത്യൻ പൗരന്മാർക്ക് സ്വമേധയാ ചേരാം. നിക്ഷേപം വിപണിയുമായി ബന്ധപ്പെട്ടതിനാൽ വരുമാനം ഉറപ്പില്ല. വിരമിക്കുമ്പോഴുള്ള തുകയും ആന്വിറ്റി വ്യവസ്ഥകളും അനുസരിച്ചാണ് ലഭിക്കുന്ന വരുമാനം. ദീർഘകാല വിരമിക്കൽ സമ്പാദ്യം ലക്ഷ്യമിടുന്നവർക്ക് അനുയോജ്യമായ സ്കീമാണിത്
5. NPS വാത്സല്യ
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് ആരംഭിക്കാവുന്ന ദീർഘകാല സംഭാവനാധിഷ്ഠിത പെൻഷൻ സ്കീമാണിത്. കുട്ടി പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ട് സാധാരണ NPS അക്കൗണ്ടിലേക്ക് മാറുന്നതിനുള്ള വ്യവസ്ഥകളുണ്ട്. ഇത് ഉടൻ പെൻഷൻ ലഭിക്കുന്ന പദ്ധതിയല്ല എന്നത് ശ്രദ്ധിക്കുക. കുട്ടിയുടെ ദീർഘകാല സാമ്പത്തിക ഭാവിക്കായി നേരത്തേ സമ്പാദ്യം തുടങ്ങാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഇത് തെരഞ്ഞെടുക്കാം.
നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്
APY, PM-SYM പോലുള്ള പദ്ധതികളിലെ യോഗ്യതാ നിബന്ധനകൾ നിർണായകമാണ്. NPS-ൽ ലഭിക്കുന്ന തുക വിപണിയുടെ പ്രകടനത്തെ ആശ്രയിക്കും. ഏത് പദ്ധതിയിൽ ചേരുന്നതിന് മുമ്പും നിലവിലെ ഔദ്യോഗിക ചട്ടങ്ങളും, പിൻവലിക്കൽ വ്യവസ്ഥകളും പരിശോധിക്കുക
ഹൈലൈറ്റ്സ്
സർക്കാർ ജോലി ഇല്ലാത്തതുകൊണ്ട് വിരമിക്കൽ കാലത്തേക്കുള്ള പെൻഷൻ എന്നത് അസാധ്യമാകുന്നില്ല. NPS പോലെയുള്ള പദ്ധതികൾ അതിന് ഒരു മാർഗമാണ്. എന്നാൽ ഇത് ഉറപ്പായ ലാഭമോ നിശ്ചിത പെൻഷൻ തുകയോ വാഗ്ദാനം ചെയ്യുന്ന നിക്ഷേപമല്ല. സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങൾക്കും, റിസ്ക് വഹിക്കാനുള്ള ശേഷിക്കും അനുയോജ്യമാണോ നിക്ഷേപം എന്ന് വിലയിരുത്തിയശേഷമാണ് തീരുമാനങ്ങളെടുക്കേണ്ടത്.
Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
