Latest

2026ൽ പവന് 29320 രൂപയുടെ ഇടിവ്; 2027ൽ 1.70 ലക്ഷത്തിലേക്ക് കുതിപ്പിന് സാധ്യത, കേരളത്തിലെ സ്വർണ്ണ വിലയിലെ ട്രെൻഡ് അറിയാം

Share
Kerala Gold Price trend forecast

കേരളത്തിലെ സ്വർണ്ണ വിലയിൽ വലിയ ഇടിവ് പ്രകടമായ വർഷമാണ് 2026 ഇതുവരെയുള്ള കാലയളവ്. ഇടയ്ക്കിടെ കയറ്റിറക്കങ്ങളുണ്ടായെങ്കിലും, ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ സർവ്വകാല ഉയരത്തിൽ നിന്ന് പവൻ വിലയിൽ 29,320 രൂപയുടെ കുറവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. ഇതിന് പലവിധ കാരണങ്ങളുണ്ട്. ഇതിനിടെ പവൻ വില 2027 അവസാനത്തോടെ 1.70 ലക്ഷം രൂപയിലെത്തുമെന്നും കണക്കാക്കപ്പെടുന്നു. അതായത് ഏകദേശം 70,000 രൂപയുടെ വർധന ഒരു വർഷത്തിനകമുണ്ടാകാം.

ഇനിയും സ്വർണ്ണ വില കുറയുമോ? 2027 വർഷത്തെ ട്രെൻഡ് എങ്ങനെയായിരിക്കും? കാലം ശോഭ കെടുത്താത്ത ചരിത്രമുള്ള, സ്വർണ്ണത്തിന്റെ മുന്നോട്ടുള്ള ​ഗതിവി​ഗതികൾ സംബന്ധിച്ച പ്രവചനങ്ങൾ എന്തൊക്കെയാണ്? ഇതിനെല്ലാമുള്ള ഉത്തരങ്ങളാണ് ഇവിടെ നൽകുന്നത്.

ജനുവരിയിലെ സർവ്വകാല ഉയരം

2026 ജനുവരി 29ാം തിയ്യതി രാവിലെയാണ് കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 1,31,160 രൂപയായിരുന്നു വില. ​ഗ്രാമിന് 16,395 രൂപയിലേക്കാണ് നിരക്കുകൾ എത്തിയത്. ഇത്തരത്തിൽ ഒരു പവൻ സ്വർണ്ണം വാങ്ങാൻ 5% കുറഞ്ഞ പണിക്കൂലിയും, ജി.എസ്.ടിയും ഹാൾമാർക്കിങ് ചാർജ്ജുമടക്കം ഏകദേശം 1.45 ലക്ഷം രൂപയായിരുന്നു വില വന്നത്.

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില

ഇന്ന് ഒക്ടോബർ 31ാം തിയ്യതി, ഏകദേശം 9 മാസങ്ങൾക്കിപ്പുറം ഒരു പവൻ സ്വർണ്ണത്തിന് 1,01,840 രൂപയും, ​ഗ്രാമിന് 12,730 രൂപയുമാണ് നിരക്കുകൾ. ജി.എസ്.ടി, ഹാൾമാർക്കിങ് ചാർജ്ജുകൾ, കുറഞ്ഞ 5% പണിക്കൂലി അടക്കം ഇന്ന് ഒരു പവൻ വാങ്ങാൻ ഏകദേശം 1.11 ലക്ഷം രൂപയാണ് വില വരിക.

അതായത് ജനുവരിയിലെ സർവ്വകാല ഉയരത്തിൽ നിന്ന് ഒരു പവൻ സ്വർണ്ണത്തിന് ഇതു വരെ 29,320 രൂപയും, ​ഗ്രാമിന് 3,665 രൂപയുമാണ് കുറഞ്ഞത്.

വിലയിടിവിന്റെ പ്രധാന കാരണങ്ങൾ

രാജ്യാന്തര സ്വർണ്ണ വില ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ 3,875.53 ഡോളറിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ജെ.പി മോർന്റെ അടുത്തിടെയുള്ള വിലയിരുത്തൽ പ്രകാരം 2026 അവസാനത്തോടെ സ്വർണ്ണ വില ഔൺസിന് 6,000 ഡോളറിലെത്തും. 2027ൽ ഇത് 6,300 ഡോളർ വരെ ഉയരാം. ഡോളർ-രൂപ വിനിമയ നിരക്ക്, ജെ.പി മോർ​ഗന്റെ റിപ്പോർട്ട് എന്നിവ അടിസ്ഥാനമാക്കിയാൽ 2027 അവസാനത്തോടെ 10 ​ഗ്രാം സ്വർണ്ണത്തിന് 2.13 ലക്ഷം രൂപ വരെ വില ഉയരാം. അതായത് 8 ​ഗ്രാം അഥവാ ഒരു പവന് 1,70,400 രൂപയിലേക്ക് വില കയറാം.

2026 അവസാനത്തോടെ സ്വർണ്ണവില ഏകദേശം 4,650 ഡോളറുകൾ മുതൽ 4,900 ഡോളർ വരെ ഉയരുമെന്നാണ് ​ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. സാധാരണ ആ​ഗോള വിലയിൽ ഒരു ഡോളർ വർധനയുണ്ടാകുമ്പോൾ കേരളത്തിൽ ​ഗ്രാമിന് ശരാശരി 2-2.50 രൂപയാണ് വില വർധിക്കാറുള്ളത്.

ബാങ്ക് റേറ്റ്, രൂപ-ഡോളർ വിനിമയ മൂല്യം അടക്കം മറ്റു ഘടകങ്ങളും ഈ വില നിർണയത്തിൽ സ്വാധീനം ചെലുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ താൽക്കാലികമായ ഇടിവുകളിൽ നിന്ന് വലിയ കുതിപ്പ് നടത്തുന്ന ചരിത്രം സ്വർണ്ണം ഇനിയും ആവർത്തിക്കാനാണ് സാധ്യതയെന്നാണ് ഭൂരിഭാ​ഗം അനലിസ്റ്റുകളും വിലയിരുത്തുന്നത്.2026 ഫെബ്രുവരി അവസാനം മുതൽ തുടങ്ങി,ഇപ്പോഴും അനിശ്ചിതമായി നീളുന്ന പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണ്ണവിലയ്ക്ക് തിരിച്ചടിയായത്. സാധാരണ ​ഗതിയിൽ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുമ്പോൾ സ്വർണ്ണ വില കുതിച്ചു കയറുകയാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി പശ്ചിമേഷ്യൻ യുദ്ധത്തിൽ ഹോർമുസ് കടലിടുക്ക് ഒരു വിഷയമായതാണ് സ്വർണ്ണത്തിനെ ബാധിച്ചത്.

ഹോർമുസിലെ ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ ആ​ഗോള ക്രൂഡ് വില കുതിച്ചുയർന്നു. ഡോളർ ശക്തിയാർജ്ജിച്ചതും, യു.എസ് ബോണ്ട് യീൽഡ് വർധിച്ചതും, ലോകരാജ്യങ്ങളിൽ പണപ്പെരുപ്പ ഭീഷണി ഉയർന്നതും പലിശ ലഭിക്കാത്ത ആസ്തിയായ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറച്ചു.

ഇനി വില എങ്ങോട്ട്?

സ്വർണ്ണവിലയിലെ ഡൗൺ ട്രെൻഡിനിടയിലും ചൈനയുടേത് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണ്ണത്തിലുള്ള നിക്ഷേപം ​ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിലുള്ള സ്വർണ്ണത്തിന്റെ കരുത്തിലുള്ള വിശ്വാസമാണ് ഇത് പ്രകടമാക്കുന്നത്.

സ്വർണ്ണ വില എപ്പോഴൊക്കെ ഒരു പരിധിവിട്ട് താഴുന്നുവോ, അപ്പോഴെല്ലാം താഴെ നിലകളിലുള്ള വാങ്ങൽ (Dip Buying) ശക്തമാകാറുണ്ട്. ഇത് കാലങ്ങളായുള്ള കാഴ്ച്ചയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് ശമനമുണ്ടാവുകയും, ക്രൂഡ് ഓയിൽ വില താഴേക്കിറങ്ങി സ്ഥിരത പ്രാപിക്കുകയും ചെയ്താൽ സ്വർണ്ണം വീണ്ടും അതിന്റെ ‘വിശ്വരൂപം’ പുറത്തെടുക്കാൻ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *