Latest

ജിയോ ബ്ലാക്ക്‌റോക്കിന്റെ 5 പുതിയ മ്യൂച്വൽ ഫണ്ടുകൾ വരുന്നു; ലൈഫ് സൈക്കിൾ ഫണ്ട് 2056 മുതൽ, സിൽവർ ഇ.ടി.എഫ് വരെ, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

Share
Jio B;ackrock 5 new funds to launch

ജിയോ ബ്ലാക്ക്‌റോക്ക് മ്യൂച്വൽ ഫണ്ട് , തങ്ങളുടെ ഇൻവെസ്റ്റ്മെന്റ് സ്കീമുകളുടെ നിര വിപുലമാക്കാൻ ഒരുങ്ങുകയാണ്. ലൈഫ് സൈക്കിൾ നിക്ഷേപം, പ്രത്യേക ഡെറ്റ് ഇൻവെസ്റ്റ്മെന്റ്, സിൽവർ നിക്ഷേപം തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി അഞ്ച് പുതിയ സ്കീമുകളാണ് കമ്പനി ലോഞ്ച് ചെയ്യാൻ പോകുന്നത്. 2056 ലക്ഷ്യമിടുന്ന ലൈഫ് സൈക്കിൾ ഫണ്ട്, അൾട്രാ ഷോർട് ടേം ഫണ്ട്, രണ്ട് ടാർഗറ്റ് മെച്യൂരിറ്റി ഡെറ്റ് ഇൻഡക്സ് ഫണ്ടുകൾ, ഒരു സിൽവർ ഇ.ടി.എഫ് എന്നിവയാണ് പുതിയ പദ്ധതികൾ.

ജിയോ ബ്ലാക്ക്‌റോക്കിന്റെ 5 പുതിയ സ്കീമുകൾജിയോ ബ്ലാക്ക്‌റോക്ക് ലോഞ്ച് ചെയ്യാൻ ലക്ഷ്യമിടുന്ന അഞ്ച് പദ്ധതികളും, ലൈഫ് സൈക്കിൾ നിക്ഷേപം, സ്ഥിരവരുമാന നിക്ഷേപം, കമ്മോഡിറ്റി നിക്ഷേപം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്

1. ജിയോ ബ്ലാക്ക്‌റോക്ക് ലൈഫ് സൈക്കിൾ ഫണ്ട് 2056: മൾട്ടി അസറ്റ് വിഭാഗത്തിൽപ്പെടുന്ന ഈ ഫണ്ട്, ലക്ഷ്യമിട്ട കാലപരിധി അടുക്കുന്നതിനനുസരിച്ച് നിക്ഷേപത്തിലെ ആസ്തി വിന്യാസം ക്രമേണ മാറ്റുന്നതാണ്.

2. ജിയോ ബ്ലാക്ക്‌റോക്ക് അൾട്രാ ഷോർട് ടേം ഫണ്ട്: ഡെറ്റ്, മണി മാർക്കറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്ന ഈ ഫണ്ടിന്റെ ‘Macaulay Duration’ (ഒരു ബോണ്ടോ, ഡെറ്റ് മ്യൂച്വൽ ഫണ്ടോ അതിൽ നിക്ഷേപിച്ച പണം തിരിച്ചുപിടിക്കാൻ ആവശ്യമായി വരുന്ന ശരാശരി സമയത്തെ സൂചിപ്പിക്കുന്നു) മൂന്ന് മുതൽ ആറ് മാസം വരെയായിരിക്കും

3. CRISIL-IBX AAA NBFC ഇൻഡെ​ക്സ് – June 2027 ഫണ്ട് : AAA റേറ്റിങ് ലഭിച്ച എൻ.ബി.എഫ്.സി ഡെറ്റ് സെക്യൂരിറ്റികളുടെ സൂചികയെ പിന്തുടരുന്ന ടാർഗറ്റ് മെച്യൂരിറ്റി ഡെറ്റ് ഫണ്ടാണിത്.

4. CRISIL-IBX AAA ഫിനാൻഷ്യൽ സർവീസസ് ഇൻഡെക്സ് – സെപ്റ്റംബർ 2027 ഫണ്ട് : AAA റേറ്റിങ് ലഭിച്ച, ധനകാര്യ സേവന മേഖലയിലെ ഡെറ്റ് സെക്യൂരിറ്റികളുടെ സൂചികയെ പിന്തുടരുന്ന ഫണ്ടാണിത്.

5. ജിയോ ബ്ലാക്ക്‌റോക്ക് സിൽവർ ഇ.ടി.എഫ് : ഇന്ത്യയിലെ വെള്ളിവിലയുമായി ബന്ധിപ്പിച്ചുള്ള വരുമാനം ലക്ഷ്യമിടുന്ന കമ്മോഡിറ്റി ഫണ്ടാണിത്.

ലൈഫ് സൈക്കിൾ ഫണ്ട് 2056 – പ്രവർത്തിക്കുന്നതെങ്ങനെ?

ജിയോ ബ്ലാക്ക്‌റോക്ക് ലൈഫ് സൈക്കിൾ ഫണ്ട് 2056 ഒരു ലളിതമായ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു സാമ്പത്തിക ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനനുസരിച്ച് നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള താല്പര്യവും മാറിയേക്കാം.

ഉദാഹരണത്തിന്, 30 വർഷം കഴിഞ്ഞ് കൈവരിക്കേണ്ട ഒരു ലക്ഷ്യത്തിനായി നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് തുടക്കത്തിൽ കൂടുതൽ ഓഹരി നിക്ഷേപം നടത്താൻ താൽപര്യമുണ്ടാകാം. എന്നാൽ ലക്ഷ്യത്തിലെത്താൻ ഏതാനും വർഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അതേ രീതിയിലുള്ള ഇൻവെസ്റ്റ്മെന്റ് അനുയോജ്യമാകണമെന്നില്ല.

ഇവിടെയാണ് ഫണ്ടിന്റെ ‘ഗ്ലൈഡ് പാത്ത് സംവിധാനം’ പ്രയോജനപ്പെടുന്നത്. നിക്ഷേപത്തിന്റെ ആദ്യ വർഷങ്ങളിൽ ഓഹരികൾ പോലുള്ള വളർച്ചാ സാധ്യതയുള്ള ആസ്തികൾക്ക് കൂടുതൽ പ്രാധാന്യം നൽകാം. 2056 എന്ന ലക്ഷ്യമിട്ട വർഷം അടുക്കുന്നതിനനുസരിച്ച് നിക്ഷേപം ക്രമേണ ഡെറ്റ്, വരുമാനം നൽകുന്ന മറ്റ് ആസ്തികൾ എന്നിവയിലേക്ക് മാറ്റും. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഓഹരികൾ, ഡെറ്റ്, സ്വർണം, വെള്ളി, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ (REITs), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ (InvITs) തുടങ്ങിയ വിവിധ ആസ്തികളിൽ നിക്ഷേപിക്കാൻ ഈ ഫണ്ടിന് സാധിക്കും.

ഓരോ ഘട്ടത്തിലും നിക്ഷേപത്തിന്റെ ആസ്തി വിന്യാസം നിക്ഷേപകർ സ്വയം മാറ്റേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഫണ്ട് മുൻകൂട്ടി നിശ്ചയിച്ച നിക്ഷേപ രീതിയനുസരിച്ച് ആസ്തി വിന്യാസം മാറ്റും. എന്നാൽ ഇത് നിശ്ചിത വരുമാനം ഉറപ്പുനൽകുന്നില്ല. നിക്ഷേപിച്ച മൂലധനത്തിന് നഷ്ടമുണ്ടാകാനുള്ള സാധ്യതയും ഇല്ലാതാകുന്നില്ല എന്നത് ശ്രദ്ധിക്കുക.

മൂന്ന് ഡെറ്റ് ഫണ്ടുകൾ – പ്രത്യേകതകൾ ഇങ്ങനെ

ജിയോ ബ്ലാക്ക്‌റോക്കിന്റെ പുതിയ ഡെറ്റ് നിക്ഷേപ പദ്ധതികളിൽ ഒരു അൾട്രാ ഷോർട്ട് ടേം ഫണ്ടും, രണ്ട് ടാർഗറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകളുമാണുള്ളത്.

അൾട്രാ ഷോർട് ടേം ഫണ്ട് മൂന്ന് മുതൽ ആറ് മാസം വരെയുള്ള, ‘Macaulay Durationട’ നിലനിർത്തും. ഡെറ്റ്, മണി മാർക്കറ്റ് ഇൻസ്ട്രുമെന്റ്സിലായിരിക്കും നിക്ഷേപം. താരതമ്യേന കുറഞ്ഞ കാലയളവിലുള്ള ഡെറ്റ് നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ സ്കീം. എന്നാൽ ക്രെഡിറ്റ് റിസ്കും, പലിശനിരക്കിലെ മാറ്റങ്ങൾ മൂലമുള്ള റിസ്കും ഇവിടെ ഉൾച്ചേർന്നിരിക്കും.

മറ്റ് രണ്ട് ഫണ്ടുകൾ AAA റേറ്റിങ് ലഭിച്ച എൻ.ബി.എഫ്.സി, ഫിനാൻഷ്യൽ സർവീസസ് മേഖലയിലെ ഡെറ്റ് സെക്യൂരിറ്റികളുടെ സൂചികകളെ പിന്തുടരും. ഇവയുടെ ലക്ഷ്യ മെച്യൂരിറ്റി യഥാക്രമം 2027 ജൂൺ, 2027 സെപ്റ്റംബർ മാസങ്ങളാണ്.

സാധാരണ ഡെറ്റ് ഫണ്ടുകളിൽനിന്ന് വ്യത്യസ്തമായി, നിശ്ചിത കാലാവധി ലക്ഷ്യമിട്ടാണ് ഈ ഫണ്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ഫണ്ടിലുള്ള സെക്യൂരിറ്റികൾ എപ്പോൾ കാലാവധി പൂർത്തിയാക്കുമെന്നതിനെക്കുറിച്ച് നിക്ഷേപകർക്ക് കൂടുതൽ വ്യക്തത ലഭിക്കും.

ചുരുക്കത്തിൽ, ഒരു ഫണ്ട് ഹ്രസ്വകാല ഡെറ്റ് നിക്ഷേപത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റ് രണ്ട് ഫണ്ടുകൾ നിശ്ചിത കാലാവധിയുള്ള നിക്ഷേപ തന്ത്രത്തിലൂടെ ബോണ്ട് വിപണിയിലെ പ്രത്യേക വിഭാഗങ്ങളിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നു.

സിൽവർ ഇ.ടി.എഫ് – വെള്ളിയിലും നിക്ഷേപിക്കാം

ജിയോ ബ്ലാക്ക്‌റോക്ക് നിർദേശിച്ചിരിക്കുന്ന സിൽവർ ഇ.ടി.എഫ് വഴി നിക്ഷേപകർക്ക് ഫിസിക്കൽ രൂപത്തിൽ വെള്ളി വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യാതെ, ആഭ്യന്തര വെള്ളിവിലയിലെ മാറ്റങ്ങൾക്കനുസരിച്ച് നിക്ഷേപം നടത്താം. ഓഹരി, ഡെറ്റ് ഫണ്ടുകളിൽനിന്ന് വ്യത്യസ്തമായി, ഈ ഫണ്ടിന്റെ പ്രകടനം പ്രധാനമായും വെള്ളി നിരക്കുകളെ മാറ്റങ്ങളെ ആശ്രയിച്ചിരിക്കും.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിക്ഷേപകർ ഫണ്ടിന്റെ വിഭാഗം മാത്രം നോക്കി തീരുമാനമെടുക്കാതിരിക്കുക. നിക്ഷേപ ലക്ഷ്യം, ഫണ്ടിൽ ഉൾപ്പെടുന്ന ആസ്തികൾ, റിസ്ക് സാധ്യത, സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങളുമായുള്ള പൊരുത്തം എന്നിവയും പരിശോധിക്കണം. ഈ അഞ്ച് പദ്ധതികളും നിലവിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്കീമുകളാണ്. അതിനാൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് അംഗീകാരം ലഭിച്ച സ്കീം രേഖകളിലുള്ള അന്തിമമായ ഫീച്ചറുകളും, വ്യവസ്ഥകളും, നിബന്ധനകളും വിലയിരുത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *