
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിലെ ബാലൻസ് അറിയാനും, അവസാന അഞ്ച് ഇടപാടുകൾ പരിശോധിക്കാനും ഇനി ഇ.പി.എഫ്.ഒ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. വാട്സ്ആപ്പിലൂടെ തന്നെ ഈ സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ സംവിധാനത്തിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) തുടക്കമിട്ടു. ഇ.പി.എഫ്.ഒയുടെ 74-ാം സ്ഥാപകദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ പുതിയ സേവനം പ്രഖ്യാപിച്ചത്.
വാട്സ്ആപ്പിലൂടെ എങ്ങനെ സേവനം ലഭ്യമാകും?ഇ.പി.എഫ്.ഒയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറായ 8796441800-ലേക്ക് ‘Hi’ എന്ന് സന്ദേശം അയച്ചാൽ സേവനം ഉപയോഗിക്കാം. തുടർന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടർന്ന് ആവശ്യമായ വിവരങ്ങൾ പരിശോധിക്കാം.
ഈ സംവിധാനത്തിലൂടെ പ്രധാനമായും താഴെ പറയുന്ന മൂന്ന് സേവനങ്ങളാണ് ലഭ്യമാവുക;
1. പി.എഫ് അക്കൗണ്ടിലെ നിലവിലെ ബാലൻസ് പരിശോധിക്കാം
2. അവസാന അഞ്ച് ഇടപാടുകളുടെ വിവരങ്ങൾ അറിയാം
3. പി.എഫ് പാസ്‌ബുക്ക് ഡൗൺലോഡ് ചെയ്യാം
ഇ.പി.എഫ്.ഒയുടെ സോഷ്യൽ മീഡിയ സന്ദേശത്തിൽ നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും സേവനം ആരംഭിക്കാം. സന്ദേശങ്ങൾ അയയ്ക്കുന്നതിനായി ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭിക്കും.
പുതിയ സംവിധാനത്തിന്റെ നേട്ടങ്ങൾ
പുതിയ സംവിധാനം, പതിവ് പി.എഫ് സേവനങ്ങൾ മൊബൈലിലൂടെ എളുപ്പത്തിൽ ലഭ്യമാക്കുകയും ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ട സാഹചര്യം കുറയ്ക്കുകയും ചെയ്യും. കൂടാതെ, അംഗങ്ങൾക്ക് അക്കൗണ്ട് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെ പി.എഫ് നിക്ഷേപങ്ങളുടെ കൃത്യമായ കണക്ക് സൂക്ഷിക്കാനും സാമ്പത്തിക ആസൂത്രണം മെച്ചപ്പെടുത്താനും കഴിയും. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഇ.പി.എഫ്.ഒയുടെ ഈ നീക്കം.
പ്രവർത്തനരഹിതമായ അക്കൗണ്ടുകൾക്കും ആശ്വാസം
വാട്സ്ആപ്പ് സേവനത്തിന് പുറമെ, യോഗ്യതയുള്ള, പ്രവർത്തനരഹിതമായ പി.എഫ് അക്കൗണ്ടുകളിലെ തുക സ്വമേധയാ തീർപ്പാക്കുന്ന സംവിധാനവും കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആധാർ ലിങ്ക് ചെയ്തിട്ടുള്ളതും, 1,000 രൂപയോ, അതിൽ താഴെയോ ബാലൻസുള്ളതുമായ അർഹമായ അക്കൗണ്ടുകൾക്കാണ് ഈ സൗകര്യം.
വ്യക്തിഗത ക്ലെയിം സമർപ്പിക്കാതെ തന്നെ തിരിച്ചറിയൽ വിവരങ്ങളും, ബാങ്ക് അക്കൗണ്ടും പരിശോധിച്ചശേഷം തുക കൈമാറും. ഏകദേശം ഒരു ലക്ഷം അക്കൗണ്ടുകളിലെ അഞ്ച് കോടി രൂപയോളം ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പി.എഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ ലളിതമാക്കാനും അംഗങ്ങൾക്ക് സമയവും, യാത്രാ സംബന്ധമായ ചെലവുകളും ലാഭിക്കാനും പുതിയ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
