
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേറ്റ തിരിച്ചടി ഇന്ത്യന്‍ ഓഹരി വിപണിക്ക് പുതിയ ഊര്‍ജ്ജമാകുന്നു. ട്രംപിന്റെ സ്വാധീനം കുറയുന്നത് ആഗോള ക്രൂഡ് ഓയില്‍ വില കുറയ്ക്കുമെന്ന പ്രതീക്ഷയും, യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് (DXY) ദുര്‍ബലമാകുന്നതും നിഫ്റ്റി 50 സൂചികയ്ക്കും ഇന്ത്യന്‍ രൂപയ്ക്കും ദീപാവലിക്ക് മുന്നോടിയായി ശക്തമായ കുതിപ്പുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
യുഎസ് തെരഞ്ഞെടുപ്പ് ട്രെന്‍ഡുകള്‍യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യ സൂചനകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമായ മുന്നേറ്റം കാണിക്കുന്നു. കടുത്ത മത്സരം നടന്ന 5 പ്രധാന പ്രതിനിധി സഭാ സീറ്റുകളിലും അവര്‍ വിജയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 152 സീറ്റുകളില്‍ ഡെമോക്രാറ്റുകളും, 95 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍മാരും മുന്നിട്ടുനില്‍ക്കുന്നു.
ട്രംപിന്റെ നയങ്ങളിലുള്ള വോട്ടര്‍മാരുടെ അതൃപ്തിയാണ് ഈ തിരിച്ചടിക്ക് പിന്നിലെന്നും, ട്രംപിന്റെ രാഷ്ട്രീയ ആധിപത്യം കുറയുന്നത് ഇന്ത്യന്‍ വിപണിക്ക് ഗുണകരമായേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ദുര്‍ബലനായ ട്രംപ് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടാനുംം ക്രൂഡ് ഓയില്‍ വില താഴാനും സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ വിപണികള്‍ക്ക് നേട്ടം
ട്രംപിന് നിലവില്‍ ലഭിച്ചിരിക്കുന്ന തിരിച്ചടി ഇന്ത്യയ്ക്ക് അനുകൂലമാകാനുള്ള സാധ്യതയാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. പ്രധാന നേട്ടം ക്രൂഡിന്റെ രൂപത്തില്‍ തന്നെയാകാം. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. യുഎസ് വിദേശനയങ്ങളില്‍ വരുന്ന അയവുകള്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമാകാം. ഇത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (CAD) കുറയ്ക്കുകയും, രൂപയുടെ മൂല്യം സ്ഥിരപ്പെടുത്തുകയും ചെയ്യും.
കടുത്ത സംരക്ഷണവാദ നിലപാടുകളും, താരിഫ് ഭീഷണികളും ഉയര്‍ത്തുന്ന ട്രംപിന്റെ സ്വാധീനം കുറയുന്നത് ആഗോള വ്യാപാരത്തില്‍ സ്ഥിരത കൊണ്ടുവന്നേക്കാം. ട്രംപിന്റെ തളര്‍ച്ച വ്യാപാര യുദ്ധങ്ങളില്‍ ആശ്വാസമാകാം.
അതേസമയം തിരിച്ചടിയെ ട്രംപ് എങ്ങനെ സ്വീകരിക്കുമെന്നത് വളരെ പ്രധാനമാണ്. ആദ്യ പ്രതികരണത്തില്‍ ട്രംപ് ജനവിധിയെ മാനിക്കുന്നുവെന്നാണ് പ്രതികരിച്ചിരിക്കുന്നത്. പക്ഷെ ട്രംപ് സ്വീകരിക്കുന്ന ആക്രമണാത്മക പ്രതികരണങ്ങള്‍ (തീവ്രമായ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ അല്ലെങ്കില്‍ പുതിയ വ്യാപാര നിയന്ത്രണങ്ങള്‍) വിപണിയില്‍ താല്‍ക്കാലിക അസ്ഥിരത ഉണ്ടാക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് പ്രധാനമാകുന്നത് എന്തുകൊണ്ട്
യുഎസ് കോണ്‍ഗ്രസിലെ രാഷ്ട്രീയ മാറ്റങ്ങള്‍ യുഎസ് ട്രഷറി യീല്‍ഡ് (Treasury Yields), യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് (DXY) എന്നിവയെ ബാധിക്കും. യുഎസ് നയങ്ങളിലെ അനിശ്ചിതത്വം ഡോളറിനെ ദുര്‍ബലമാക്കിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര വിപണികളിലേക്ക് വിദേശ മൂലധനം കൂടുതലായി എത്തും.
യുഎസ് സമ്പദ്വ്യവസ്ഥയെയും നികുതി, വിസ നയങ്ങളെയും ബാധിക്കുന്ന തീരുമാനങ്ങള്‍ ഇന്ത്യയിലെ വന്‍കിട ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വരുമാനത്തെ നേരിട്ട് സ്വാധീനിക്കും. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയങ്ങളെ സ്വാധീനിക്കുന്ന നയപരമായ തീരുമാനങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നാണ് രൂപപ്പെടുന്നത്.
നിഫ്റ്റി, സ്വര്‍ണ്ണവില എന്നിവയിലുണ്ടാകുന്ന സ്വാധീനം
നിഫ്റ്റി (Nifty 50): ക്രൂഡ് ഓയില്‍ വില കുറയുന്നത് പെയിന്റ്‌സ്, ടയര്‍, ഏവിയേഷന്‍, എണ്ണ വിതരണ കമ്പനികള്‍ (OMCs) തുടങ്ങിയ മേഖലകള്‍ക്ക് വലിയ ഉണര്‍വ് നല്‍കും. ഇത് നിഫ്റ്റിയെ മുന്നോട്ട് നയിക്കും. നിലവില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 104 ഡോളര്‍ നിരക്കിലാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ വിപണിയില്‍ വലിയ രീതിയില്‍ പ്രതിഫലിച്ചാല്‍ ഹ്രസ്വകാല തിരുത്തലുകള്‍ ഉണ്ടായേക്കാം. എന്നാലും കാര്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമായേക്കും.
സ്വര്‍ണ്ണവില (Gold): ആഗോള വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില ഔൺസിന് 4,000 ഡോളർ പിന്നിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വില 4,020 ഡോളർ പിന്നിട്ടു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആഗോള രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം നിലനിര്‍ത്തുകയോ, ഡോളര്‍ ദുര്‍ബലമാവുകയോ ചെയ്താല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവില ഇനിയും ഉയരാം. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ശാന്തമാവുകയും, എണ്ണവില ഗണ്യമായി താഴുകയും ചെയ്താല്‍ സ്വര്‍ണ്ണവിലയില്‍ ചെറിയ തോതിലുള്ള ലാഭമെടുപ്പും വിലയിടിവും പ്രതീക്ഷിക്കാം. നിലവിലെ കുതിപ്പ് ലാഭമെടുപ്പും വർധിപ്പിച്ചിട്ടുണ്ട്.
പ്രീ-ദീപാവലി റാലി ഉണ്ടാകുമോ
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തത കൈവരിക്കുകയും ക്രൂഡ് ഓയില്‍ വില കുറയുകയും ചെയ്താല്‍ വിപണിയില്‍ ഒരു പ്രീ-ദീപാവലി റാലിക്ക് മികച്ച സാധ്യതയുണ്ട്. ഇന്ത്യയിലെ ശക്തമായ ഉത്സവ സീസണ്‍ ഡിമാന്‍ഡ്, കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ച, റീട്ടെയില്‍ നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തം എന്നിവ ഇതിന് അനുകൂല ഘടകങ്ങളാണ്. അതേസമയം വിദേശ സ്ഥാപന നിക്ഷേപകര്‍ (FII) വില്‍പന നിര്‍ത്തി വീണ്ടും വലിയ തോതില്‍ വാങ്ങലുകാരായി മാറുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും ഈ റാലിയുടെ ശക്തി. മുന്നിലുള്ള മുഹൂര്‍ത്ത വ്യാപാരവും വളരെ പ്രധാനമാണ്.
