Latest

ശത്രുവിന്റെ ശത്രു മിത്രം; ബി.എസ്.എൻ.എല്ലും, വി.ഐയും കൈ കോർക്കുന്നു, കരുത്താകാൻ പുതിയ 26000 ടവറുകൾ, ടെലികോം വിപണിയുടെ മാറുന്ന ചിത്രം

Share
BSNL Vi Partnership

രാജ്യത്തെ ടെലികോം വിപണിയിൽ നെറ്റ്‌വർക്ക് വ്യാപനം ശക്തമാക്കാൻ പുതിയ നീക്കവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. സ്വകാര്യ ടെലികോം സോവനദാതാക്കളായ വോഡഫോൺ ഐഡിയയുമായി ബി.എസ്.എൻ.എല്ലിന്റെ നെറ്റ് വർക്ക് കൂടുതലായി പങ്കിടുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ് ഇന്ത്യയിലുടനീളം 26,000 പുതിയ 4G ടവറുകൾ സ്ഥാപിക്കുന്നതിന് ബി.എസ്.എൻ.എല്ലിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമായാൽ മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയ്ക്ക് അത് വെല്ലുവിളിയാകുമെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

നിലവിൽ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം സൈറ്റുകൾക്ക് പുറമേയായിരിക്കും പുതിയ ടവറുകൾ. ഉപഭോക്താക്കൾക്ക് കൂടുതൽ സ്ഥിരതയുള്ളതും, മെച്ചപ്പെട്ടതുമായ നെറ്റ്‌വർക്ക് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.ഒരു ലക്ഷം സൈറ്റുകൾക്ക് പുറമേ 26,000 ടവറുകൾ

കൂടുതൽ 4G ടവറുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനായി ബി.എസ്.എൻ.എൽ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോൾ അനുമതി ലഭിച്ചതോടെ നെറ്റ്‌വർക്ക് വികസനത്തിന് കൂടുതൽ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നാൽ പുതിയ ടവറുകൾ ഏത് സംസ്ഥാനങ്ങളിലാണ്/പ്രദേശങ്ങളിലാണ് സ്ഥാപിക്കുന്നതന്ന വിവരം കമ്പനി വ്യക്തമാക്കിയിട്ടില്ല. അതിനാൽ കേരളം ഉൾപ്പെടെയുള്ള ഓരോ സംസ്ഥാനത്തിനും എത്ര ടവറുകൾ ലഭിക്കുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

വോഡഫോൺ ഐഡിയയുമായി ചർച്ച

വോഡഫോൺ ഐഡിയയുമായി നിലവിൽ ബി.എസ്.എൻ.എല്ലിന് നെറ്റ്‌വർക്കുകളുമായി ബന്ധപ്പെട്ട് ഇൻഫ്രാസ്ട്രക്ചർ പങ്കിടുന്നതിന് കരാറുണ്ട്. ഇത് കൂടുതൽ സർക്കിളുകളിലേക്ക് വ്യാപിപ്പിക്കാനും ബി.എസ്.എൻ.എൽ ചർച്ചകൾ നടത്തുന്നുണ്ട്.

നിലവിൽ രണ്ടോ, മൂന്നോ ടെലികോം സർക്കിളുകളിൽ ഇരുകമ്പനികൾക്കും ഇന്റർ-സർക്കിൾ റോമിങ് (ICR) കരാറുണ്ട്. ഇത് 12 മുതൽ 13 വരെ സർക്കിളുകളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന. ഇതിലൂടെ പരസ്പരം നെറ്റ്‌വർക്ക് സൗകര്യങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാൻ സാധിക്കും.

ബി.എസ്.എൻ.എല്ലിനും, വോഡഫോൺ ഐഡിയയ്ക്കും നേട്ടം

നെറ്റ്‌വർക്ക് പങ്കുവെയ്ക്കൽ സംബന്ധിച്ച കരാർ ഇരുകമ്പനികൾക്കും പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ബി.എസ്.എൻ.എല്ലിന് വോഡഫോൺ ഐഡിയയുടെ വേഗത്തിലുള്ള അടിസ്ഥാനസൗകര്യ വികസനത്തിന്റെ നേട്ടം ലഭിക്കാം. മറുവശത്ത്, വലിയ വിപണിസാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലും സേവനം ലഭ്യമാക്കാൻ വോഡഫോൺ ഐഡിയയ്ക്ക് ബി.എസ്.എൻ.എല്ലിന്റെ നെറ്റ്‌വർക്ക് സഹായകരമാകും.

ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാൻ ഇരുകമ്പനികൾക്കും കൂടുതൽ ശക്തമായ നെറ്റ്‌വർക്ക് ആവശ്യമാണ്.

ഇനിയും കൂടുതൽ ടവറുകൾ ആവശ്യം

26,000 പുതിയ ടവറുകൾക്ക് അനുമതി ലഭിച്ചെങ്കിലും സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ ബി.എസ്.എൻ.എല്ലിന് ഇനിയും കൂടുതൽ ടവറുകൾ ആവശ്യമാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഏകദേശം ഒരു ലക്ഷം മുതൽ, രണ്ട് ലക്ഷം വരെ അധിക ടവറുകൾ കൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *