Latest

റഷ്യ ഔട്ട്; ഇന്ത്യയിലേക്ക് ഗൾഫ് ക്രൂഡിന്റെ കുത്തൊഴുക്ക്, നവംബറിൽ ഇറക്കുമതി ഉയരങ്ങളിൽ, വിപണിയിലെ മാറുന്ന സമവാക്യങ്ങൾ

Share

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഗൾഫ് രാജ്യങ്ങളുടെ വിഹിതം, റഷ്യയെ മറികടന്ന് വീണ്ടും ഉയരുന്നു. ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതോടെ റഷ്യൻ ക്രൂഡിനെ കൂടുതലായി ആശ്രയിച്ച ഇന്ത്യ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കുകയാണ്. നവംബറിൽ ഇതുവരെ ഗൾഫ് മേഖലയിൽനിന്നുള്ള എണ്ണ ഇറക്കുമതി റഷ്യയിൽനിന്നുള്ള ഇറക്കുമതിയെ മറികടന്നതായാണ് റിപ്പോർട്ട്. കുറഞ്ഞ ഗതാഗതച്ചെലവും, ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം മെച്ചപ്പെട്ടതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ഇന്ത്യയ്ക്ക് പരമ്പരാഗതമായി ഇന്ധനം നൽകുന്നവയാണ് ഗൾഫ് മേഖലയിലെ രാജ്യങ്ങൾ.

നവംബറിൽ ഗൾഫിന് വീണ്ടും മുൻതൂക്കംഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലറിന്റെ ഡാറ്റ ഉദ്ധരിച്ചുള്ള ബ്ലൂംബെർ​ഗ് റിപ്പോർട്ട് പ്രകാരം നവംബർ മാസത്തിലെ ആദ്യ ദിനങ്ങളിൽ ഇന്ത്യ പേർഷ്യൻ ഗൾഫ് മേഖലയിൽനിന്ന് പ്രതിദിനം ഏകദേശം 21 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. റഷ്യയിൽനിന്നുള്ള ഇറക്കുമതി പ്രതിദിനം 18 ലക്ഷം ബാരലായിരുന്നു.

ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഗൾഫ് മേഖലയിൽനിന്നുള്ള ഇറക്കുമതി റഷ്യയെ മറികടക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.

ഹോർമുസ് പ്രതിസന്ധി കുറഞ്ഞതോടെ മാറ്റം

യുദ്ധത്തിന് മുമ്പ് ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കെത്തിയിരുന്ന ക്രൂഡ് ഓയിൽ പ്രതിദിനം ഏകദേശം 28 ലക്ഷം ബാരലായിരുന്നു. എന്നാൽ കടലിടുക്ക് അടച്ചതോടെ കഴിഞ്ഞ ഏപ്രിലിൽ ഇത് വെറും 2.47 ലക്ഷം ബാരലായി കുറഞ്ഞു.

ഇപ്പോൾ കപ്പലുകൾ തമ്മിൽ കടലിൽവെച്ച് എണ്ണ കൈമാറുന്ന ഷിപ്-ടു-ഷിപ് (STS) സംവിധാനത്തിലൂടെയും എണ്ണനീക്കം പുനരാരംഭിച്ചിട്ടുണ്ട്. ഗൾഫ് ഓഫ് ഒമാനിലെ തിരക്കും, സുരക്ഷാ ആശങ്കകളും കാരണം ഇത്തരം കൈമാറ്റങ്ങൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്കും വ്യാപിച്ചു. ഗൾഫ് ഓഫ് കച്ച് മേഖലയിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ഒക്ടോബറിൽ റഷ്യയിൽനിന്ന് റെക്കോർഡ് ഇറക്കുമതി

അതേസമയം, റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഒക്ടോബറിൽ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) റിപ്പോർട്ട് പ്രകാരം, റഷ്യയിൽനിന്നുള്ള ആകെ ഫോസിൽ ഇന്ധന ഇറക്കുമതിയുടെ മൂല്യം 640 കോടി യൂറോയിലെത്തി. ഇതിൽ 91 ശതമാനവും 580 കോടി യൂറോ മൂല്യം വരുന്ന ക്രൂഡ് ഓയിലായിരുന്നു.

ഒക്ടോബറിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഇറക്കുമതി മുൻമാസത്തെ അപേക്ഷിച്ച് 10% വർധിച്ചു. ജാംനഗർ റിഫൈനറിയിലേക്കുള്ള ഇറക്കുമതി 22 ശതമാനവും, വാഡിനാറിലേക്കുള്ളത് 12 ശതമാനവും, പാരദീപിലേക്കുള്ളത് 28 ശതമാനവും ഉയർന്നു. ഇത്തരത്തിൽ കടൽമാർഗമുള്ള റഷ്യൻ ക്രൂഡിന്റെ ഏറ്റവും വലിയ ഇറക്കുമതി നടത്തിയത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംന​ഗർ റിഫൈനറിയാണ്.

ആകർഷണം കുറയുന്ന റഷ്യൻ എണ്ണ

റഷ്യൻ ക്രൂഡിന്റെ ഉയർന്ന ചരക്കുകൂലിയും, പ്രീമിയവും കാരണം വിലക്കുറവിന്റെ നേട്ടം കുറഞ്ഞുവരികയാണ്. ഇതേ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിൽനിന്നുള്ള എണ്ണയ്ക്ക് കൂടുതൽ ആകർഷണം ലഭിക്കുന്നു. നവംബറിൽ റഷ്യയിൽനിന്നുള്ള വാങ്ങൽ കുറയ്ക്കുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ നേരത്തെ അറിയിച്ചിരുന്നു.

ഒക്ടോബറിൽ റഷ്യൻ എണ്ണയ്ക്ക് റെക്കോർഡ് നേട്ടം ലഭിച്ചെങ്കിലും നവംബറിൽ എണ്ണയ്ക്കായി ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുപോക്കാണ് ശ്രദ്ധേയം. ആഗോള എണ്ണവില, കപ്പൽ ഗതാഗതച്ചെലവ്, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം എന്നിവയനുസരിച്ച് ഇന്ത്യയുടെ ഇറക്കുമതി സ്രോതസ്സുകളിൽ മാറ്റം തുടർന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *