
ഇന്ത്യയിൽ പണപ്പെരുപ്പം കുതിക്കുന്നു. ഭക്ഷ്യവിലക്കയറ്റം രണ്ട് വർഷത്തിനിടെ ആദ്യമായി 6% എന്ന നിലവാരം മറികടന്ന് 6.09 ശതമാനത്തിലെത്തി. തുടർച്ചയായ പന്ത്രണ്ടാം മാസമാണ് പണപ്പെരുപ്പത്തിൽ ഉയർച്ചയുണ്ടാകുന്നത്. റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിക്കും മുകളിലേക്ക് കണക്കുകൾ ഉയർന്നതോടെ വീണ്ടും രാജ്യത്ത് പലിശ നിരക്കുകൾ ഉയരാനുള്ള സാധ്യതകളാണുള്ളത്. ഇങ്ങനെ സംഭവിക്കുന്നതോടെ വായ്പകളുടെ ഇ.എം.ഐ ഭാരം വർധിക്കും. അതേ സമയം എഫ്.ഡി നിക്ഷേപകർ അടക്കമുള്ളവർക്ക് ഇത് നേട്ടമായി മാറുകയും ചെയ്യും.
ഇന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിലെ കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് ഇൻഫ്ലേഷൻ 6.09% എന്ന നിലയിലേക്കാണ് ഉയർന്നത്. സെപ്റ്റംബറിൽ 5.54 ശതമാനമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ഇത്തവണ പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമായത്.റിപ്പോ നിരക്ക് ഉയരാൻ സാധ്യത
കഴിഞ്ഞ മാസം നടന്ന പണനയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് രാജ്യത്തെ റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റുകൾ ഉയർത്തി 5.5 ശതമാനമാക്കിയിരുന്നു. നിലവിൽ വീണ്ടും വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ, 2026 ഡിസംബറിൽ നടക്കുന്ന അടുത്ത യോഗത്തിലും കേന്ദ്ര ബാങ്ക് 25 ബേസിസ് പോയിന്റ് എന്ന നിലയിൽ പലിശ ഉയർത്താനുള്ള സാധ്യതയിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്.
ഭക്ഷ്യമേഖലയിൽ വൻ വിലക്കയറ്റം
സെപ്റ്റംബറിൽ ഇന്ത്യയിലെ ഭക്ഷ്യമേഖലയിലെ വിലക്കയറ്റത്തോത് 7.74% എന്ന നിലയിലായിരുന്നു. എന്നാൽ ഒക്ടോബറിൽ ഇത് 8.94% എന്ന തോതിലേക്ക് വർധിച്ചു. മൺസൂണിന്റെ വിതരണത്തിലുണ്ടായ കുറവ് ഇതിനൊരു കാരണമാണ്. ഇന്ത്യയിലെ കൺസ്യൂമർ പ്രൈസ് ഇൻഡെക്സിൽ ഫുഡ് പ്രൈസിന് 40% വെയ്റ്റേജാണുള്ളത്.
ഈ വർഷം തുടക്കം മുതൽ ഇതു വരെ ഉള്ളിവിലയിൽ ഇരട്ടിയിലധികം വർധനയാണ് ഇന്ത്യയിൽ ഉണ്ടായത്. അതേ സമയം വിലയിൽ സ്ഥിരത പുലർത്താറുള്ള പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഇറച്ചി, പാൽ, മുട്ട എന്നിവയ്ക്കും ചെലവ് കൂടി. ആഗോള തലത്തിൽ ഭക്ഷ്യമേഖലയിലുണ്ടായ പണപ്പെരുപ്പം ഇന്ത്യയിലെ വിലനിലവാരത്തിലും സമ്മർദ്ദമുണ്ടാക്കി. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകൾ ഉൾപ്പെടെയുള്ളവയുടെ ചെലവ്കൂടിയതാണ് കാരണം.
വർധിക്കാനിടയുള്ള ഇ.എം.ഐ ഭാരം, നിക്ഷേപകർ പ്രതീക്ഷയിൽ
ഒക്ടോബറിലെ യോഗത്തിൽ ആർ.ബി.ഐ റിപ്പോ നിരക്ക് ഉയർത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ബാങ്കുകൾ ഭവന വായ്പ ഉൾപ്പെടെയുള്ളവയുടെ പലിശ ഉയർത്തിയിരുന്നു. വീണ്ടും പലിശ ഉയരുമ്പോൾ വായ്പാ ഭാരം ഇനിയും ഉയരാനാണ് സാധ്യത.
സമാനമായി എഫ്.ഡി നിക്ഷേപങ്ങളുടെ അടക്കം പലിശ നിരക്കുകളും ബാങ്കുകൾ ഉയർത്തിയിരുന്നു. അടുത്ത മാസം വീണ്ടും റിപ്പോ നിരക്കുകൾ ഉയർത്തിയാൽ വീണ്ടും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ അടക്കം പലിശ ബാങ്കുകൾ ഉയർത്തും. ഇത് നിക്ഷേപകരെ സംബന്ധിച്ച് നേട്ടമാണ്.
