Latest

‘വില്ലന്‍’ എഐ; ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെക് കമ്പനികള്‍ പിരിച്ചുവിട്ടത് 61,266 ജീവനക്കാരെ

Share

കൊച്ചി: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇന്ത്യയിലെ ടെക്‌നോളജി, സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ ഒന്നടങ്കം വിവിധ സെക്ടറുകളിലെ 61,266 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പിരിച്ചുവിട്ടതില്‍ ബൈജൂസും പേടിഎമ്മും സ്വിഗ്ഗിയുമാണ് മുന്‍നിരയിലെന്നും ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2026ല്‍ ഇതുവരെ ഇന്ത്യയിലെ 28 കമ്പനികളില്‍ നിന്നായി 6855 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എഐ അധിഷ്ഠിത ഓട്ടോമേഷനിലേക്ക് മാറിയത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് തൊഴിലാളികളെ വെട്ടിക്കുറച്ചതിന് പിന്നിലെ പ്രധാന കാരണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ലാഭത്തിലേക്ക് എത്തുന്നതിനുമായി ബൈജൂസ് 2022ലും 2023ലുമാണ് ജീവനക്കാരുടെ എണ്ണം കുറച്ചത്. 2022ല്‍ ഏകദേശം 2500 ജീവനക്കാരെയും 2023ല്‍ 1500 ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. ഡിസൈന്‍, എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍ വിഭാഗങ്ങളെയാണ് ഇത് പ്രധാനമായി ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ചെലവ് കുറയ്ക്കുന്നതിനും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമായി 2023ല്‍ പേടിഎം ഏകദേശം 1000 തസ്തികകളാണ് വെട്ടിക്കുറച്ചത്. 2024ല്‍ അവരുടെ സെയില്‍സ് വിഭാഗത്തില്‍ ഏകദേശം 3500 ജീവനക്കാരുടെ കുറവാണ് ഉണ്ടായത്. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് മേല്‍ ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഓട്ടോമേഷന്‍, കമ്പനികള്‍ അവസരങ്ങള്‍ നല്‍കിയിട്ടും പുതിയ വൈദഗ്ധ്യം നേടുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെടുന്നത്, ഒഴിവുള്ള തസ്തികകളില്‍ പുതിയ ആളുകളെ നിയമിക്കുന്നതിന് പകരം നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ശ്രമം എന്നിവയാണ് തൊഴില്‍ നഷ്ടങ്ങള്‍ക്കുള്ള പ്രധാന മൂന്ന് കാരണങ്ങളായി എച്ച് ആര്‍ സേവന കമ്പനി സിഐഇഎല്‍ എച്ച്ആര്‍ എംഡിയും സിഇഒയുമായ ആദിത്യ നാരായണ്‍ മിശ്ര പറഞ്ഞു.

2026ല്‍ ഇതുവരെ പ്രധാന ടെക് കമ്പനിയായ ക്വാല്‍കോം ഇന്ത്യയില്‍ 1500 ജീവനക്കാരെ പിരിച്ചുവിട്ടു എന്നാണ് വിവരം. സെയില്‍സ്, ഓപ്പറേഷന്‍സ്, ഡിസൈന്‍, മാര്‍ക്കറ്റിങ് എന്നി വിഭാഗങ്ങളില്‍ എഐ ഏജന്റുകളെയും ഓട്ടോമേഷനെയും സംയോജിപ്പിച്ചതിനെ തുടര്‍ന്ന് ലിവ്‌സ്‌പേസ് ഏകദേശം ആയിരം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇത് അവരുടെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 12 ശതമാനത്തോളം വരും. വാര്‍ത്തകളില്‍ നിറഞ്ഞ കോറോഹെല്‍ത്ത് എന്ന കമ്പനി ഏകദേശം 800 ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈ പ്രവണ ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. 2026ല്‍ ഇതുവരെ ആഗോള തലത്തില്‍ ഏകദേശം 376 കമ്പനികളില്‍ നിന്നായി 1.5 ലക്ഷം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇത് 2025 വര്‍ഷം മുഴുവനായി നടന്ന 1.22 ലക്ഷം പിരിച്ചുവിടലുകളെക്കാള്‍ കൂടുതലാണ്. ആഗോള സാങ്കേതികവിദ്യ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് ആമസോണ്‍ ആണ്. 2020 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 59,810 ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 2026ല്‍ ആഗോള സാങ്കേതികവിദ്യ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് ഒറാക്കിള്‍ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *