Latest

അടുത്ത യുദ്ധം ഡിജിറ്റൽ ജ്യോതിഷത്തിൽ; ലക്ഷം കോടികൾ കൊയ്യാൻ ജിയോ ആസ്ട്രോയുമായി മുകേഷ് അംബാനി

Share
Jio Astro features

ഡിജിറ്റൽ ജ്യോതിഷത്തിലെ 2.32 ബില്യൺ ഡോളർ ബിസിനസ് സാദ്ധ്യതകൾ തേടി മുകേഷ് അംബാനി . ഇന്ത്യയിൽ അതിവേഗം വളരുന്ന ഡിജിറ്റൽ ജ്യോതിഷ മേഖലയിലേക്ക് ജിയോ പ്ലാറ്റ്‌ഫോംസ് ചുവടു വെയ്പ് നടത്തിയിരിക്കുകയാണ്. നിർമിതബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ജിയോ ആസ്ട്രോ (JioAstro) എന്ന വൈദിക ജ്യോതിഷ പ്ലാറ്റ്‌ഫോമാണ് കമ്പനി അവതരിപ്പിച്ചത്. വ്യക്തിഗത ജാതക വിശകലനം, ജാതക വായന, ദിവസഫലം, ജനന ചാർട്ട് വിശകലനം തുടങ്ങിയ സേവനങ്ങളാണ് ജിയോ ആസ്ട്രോ നൽകുന്നത്.

എന്നാൽ ജിയോ ആസ്ട്രോയുടെ നിലവിലെ നിബന്ധനകൾ പ്രകാരം, മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ്ഫോം, ഇൻവിറ്റേഷൻ ലഭിക്കുന്നവർക്ക് മാത്രം ഉപയോഗിക്കാവുന്ന പ്രോട്ടോടൈപ്പാണ്. ആഭ്യന്തര പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. പൊതുവായ പ്രൈസിങ്ങും, കൂടുതൽ ഉപയോക്താക്കൾക്കുള്ള ലഭ്യതയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ജിയോ ആസ്ട്രോ – ഫീച്ചറുകൾ

റിലയൻസ് ഇൻഡസ്ട്രീസിന്റെ പിന്തുണയുള്ള ജിയോ പ്ലാറ്റ്‌ഫോംസ്, ഇതോടെ ആസ്ട്രോടോക്ക് (Astrotalk), ആസ്ട്രോസേജ് (AstroSage) തുടങ്ങിയ കമ്പനികളുമായി മത്സര രംഗത്തെത്തിയിരിക്കുകയാണ്. ജിയോ ആസ്ട്രോ ഉപയോക്താവിന്റെ ജനന തീയതി, സമയം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി വ്യക്തിഗത ജനന ചാർട്ടുകൾ തയ്യാറാക്കി നൽകും. ഇതിനായി സ്വിസ് എഫെമെറിസ് (Swiss Ephemeris) കണക്കുകൂട്ടലുകളാണ് ഉപയോഗിക്കുന്നത്.

ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ രീതികളിൽ ഡി1 (ലഗ്നം), ഡി9 (നവാംശം) ജാതക ചാർട്ടുകൾ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നു. പ്ലാറ്റ്‌ഫോമിലെ എ.ഐ ജ്യോതിഷിക്ക് 40ൽ അധികം യോഗങ്ങൾ തിരിച്ചറിയാനും മാംഗ്ലിക്, കാലസർപ്പം, പിതൃദോഷം, ഗ്രഹണദോഷം തുടങ്ങിയ വിവിധ ദോഷങ്ങൾ പരിശോധിക്കാനും കഴിയും.

ദിവസഫലം, വാർഷിക ജാതകം, മുഹൂർത്ത നിർദ്ദേശങ്ങൾ എന്നിവയും പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. തിഥി, നക്ഷത്രം തുടങ്ങിയ പരമ്പരാഗത കലണ്ടർ വിവരങ്ങൾ ഉൾക്കൊള്ളുന്ന ദൈനംദിന പഞ്ചാംഗവും ഇതിലുണ്ട്. കൂടാതെ, തൊഴിൽ, ബന്ധങ്ങൾ, സമ്പത്ത്, ആരോഗ്യം, ആത്മീയത തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള ജ്യോതിഷ വായനകൾ ഉൾപ്പെടുത്തിയ ‘ലൈഫ് സ്നാപ്ഷോട്ട്’ എന്ന സേവനവും ജിയോ ആസ്ട്രോ നൽകും.

ജിയോ ആസ്ട്രോ, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ നാല് ഭാഷകളിൽ ലഭ്യമാണ്. ഒരു അക്കൗണ്ടിന് കീഴിൽ നാല് കുടുംബാംഗങ്ങളുടെ വരെ പ്രൊഫൈലുകൾ സൃഷ്ടിക്കാനും സൗകര്യമുണ്ട്. കൂടാതെ, വ്യക്തിഗത ജ്യോതിഷ റിപ്പോർട്ടുകൾ പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും.

ഡിജിറ്റൽ ജ്യോതിഷം – പ്രമുഖ കമ്പനികൾ

ഇന്ത്യയിൽ അതിവേഗം വളരുന്ന വിശ്വാസാധിഷ്ഠിത സാങ്കേതിക സേവന (Faith-Tech) വിപണിയാണ് ജിയോ ലക്ഷ്യമിടുന്നത്. വ്യക്തിഗത ജ്യോതിഷ പ്രവചനങ്ങളും, ഉപദേശങ്ങളും തേടുന്ന ഉപഭോക്താക്കൾക്കിടയിൽ ജ്യോതിഷ ആപ്പുകൾക്ക് പ്രചാരം വർധിച്ചുവരികയാണ്.

ഈ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ ആസ്ട്രോടോക്ക്, 2026ൽ ജീവനക്കാരുടെ ഓഹരി ഉടമസ്ഥതാ പദ്ധതി (ESOP) പ്രകാരമുള്ള ഓഹരി തിരിച്ചുവാങ്ങലിനെ തുടർന്ന് 1 ബില്യൺ ഡോളർ മൂല്യനിർണയം നേടി ഇന്ത്യയിലെ യൂണികോൺ കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. കമ്പനിയുടെ വാർഷിക വരുമാന നിരക്ക് 2,500 കോടി രൂപയിലധികമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

പണം നൽകി ജ്യോതിഷികളുമായി ചാറ്റ് ചെയ്യാനും, ഫോൺ വിളിക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ആസ്ട്രോടോക്കിൽ നിന്ന് വ്യത്യസ്തമായി, എ.ഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമായാണ് ജിയോ ആസ്ട്രോ അവതരിപ്പിക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന ജ്യോതിഷ വിശകലനങ്ങളും എ.ഐയുമായി സംവദിച്ച് മാർഗനിർദേശങ്ങൾ തേടാനുള്ള സൗകര്യവുമാണ് ജിയോ ആസ്ട്രോയുടെ പ്രത്യേകത.

ആസ്ട്രോസേജ്, ആസ്ട്രോയോ​ഗി, ഇൻസ്റ്റാ ആസ്ട്രോ, ക്ലിക്കാസ്ട്രോ, ഗണേശസ്പീക്സ് എന്നിവയാണ് ഈ മേഖലയിലെ മറ്റ് പ്രമുഖ പ്ലാറ്റ്‌ഫോമുകൾ.

സൗജന്യ ജാതക രൂപപ്പെടുത്തൽ സംവിധാനങ്ങൾക്കും ജാതക സേവനങ്ങൾക്കും പേരുകേട്ട ഒരു കമ്പനിയാണ് ആസ്ട്രോസേജ്. ആസ്ട്രോയോ​ഗി, ഇൻസ്റ്റാ ആസ്ട്രോ എന്നീ പ്ലാറ്റ്ഫോമുകൾ ചാറ്റ്, ഫോൺ വിളികൾ എന്നിവയിലൂടെ ജ്യോതിഷികളുമായി കൂടിയാലോചനകൾ നടത്താനുള്ള സൗകര്യം നൽകുന്നു.

വ്യക്തിഗത ജാതക റിപ്പോർട്ടുകൾക്കും, ജനന ചാർട്ട് വിശകലനത്തിനുമാണ് ക്ലിക്കാസ്ട്രോ പ്രധാനമായും ഫോക്കസ് നൽകുന്നത്. ജ്യോതിഷ കൂടിയാലോചനകളും, പ്രവചനങ്ങളുമാണ് ഗണേശസ്പീക്സിന്റെ സേവനങ്ങൾ. ഇതിനു പുറമെ, നിരവധി പ്ലാറ്റ്‌ഫോമുകൾ പാരറ്റ് കാർഡ് വായന, സംഖ്യാശാസ്ത്രം, മറ്റ് ആത്മീയ സേവനങ്ങൾ എന്നിവയിലേക്കും തങ്ങളുടെ സേവനങ്ങൾ വിപുലമാക്കിയിട്ടുണ്ട്.

വളരുന്ന ജ്യോതിഷ വിപണി

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ മാർക്ക്എൻടെൽ അഡ്വൈസേഴ്‌സിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഡിജിറ്റൽ ജ്യോതിഷ വിപണിയുടെ മൂല്യം 2026 വർഷത്തിൽ 390 ദശലക്ഷം ഡോളറാണ്. 2032 വർഷത്തോടെ ഇത് 2.32 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രവചനം. 34.61 ശതമാനം സംയോജിത വാർഷിക വളർച്ചാ നിരക്കിലാണ് വിപണി കുതിക്കുന്നതെന്നാണ് വിലയിരുത്തൽ.

മത, ആത്മീയ ആപ്പുകൾ ഇതേ കാലയളവിൽ 146 ദശലക്ഷം ഡൗൺലോഡുകൾ കൂടി നേടി. ഇതോടെ ഒൻപത് മാസത്തിനിടെ ഈ രണ്ട് വിഭാഗങ്ങളിലുമായി ആകെ ഡൗൺലോഡുകൾ 300 ദശലക്ഷത്തോട് അടുത്തു. 2025ൽ ഈ രണ്ട് വിഭാഗങ്ങളിലെയും ആപ്പുകൾക്ക് ആകെ ലഭിച്ച 248 ദശലക്ഷം ഡൗൺലോഡുകളേക്കാൾ കൂടുതലാണിത്.

യുവാക്കൾക്കിടയിലും ട്രെൻഡ്

ഈ മാറ്റത്തിൽ യുവ ഉപഭോക്താക്കളും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജ്യോതിഷ ആപ്പുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിഭാഗം 25 മുതൽ 35 വയസ്സുവരെയുള്ളവരാണ്. ജെൻ സി (Gen Z) വിഭാഗത്തിൽ നിന്നും ഇത്തരം ആപ്പുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആസ്ട്രോയോഗിയുടെ സർവേ പ്രകാരം, ജെൻ സി വിഭാഗത്തിൽപ്പെട്ടവരിൽ 53.8% പേർ ജ്യോതിഷ ഉപദേശം തേടിയിട്ടുണ്ട്. വ്യക്തി ബന്ധങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടാനാണ് ഇവരിൽ ഭൂരിഭാഗവും ജ്യോതിഷത്തെ ആശ്രയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *