മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്.എണ്ണവില വര്‍ധന, വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവയാണ് പ്രധാനമായി ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 113 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയിലെ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണമാണ് എണ്ണവില കുതിച്ചുയരാന്‍ കാരണം. ഇത് എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 3459 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടൈറ്റന്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ഐടി ഓഹരികളായ ഇന്‍ഫോസിസ്, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ നേട്ടത്തിന്റെ പാതയിലാണ്. ടിസിഎസ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്.
