
വീട്ടിലെ പുരപ്പുറ സോളാര്‍ പദ്ധതി വഴി കെഎസ്ഇബി വൈദ്യുതി ബില്ലിലും, പാചകവാതക- ഇന്ധന ചെലവിലും നേടുന്ന ലാഭം മികച്ച സമ്പാദ്യമാക്കി മാറ്റം. കൃത്യമായി നിക്ഷേപിച്ചാല്‍ 25 വര്‍ഷം കൊണ്ട് 48 ലക്ഷം രൂപയിലധികം സ്വരൂക്കൂട്ടാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിഎം സോളര്‍ പദ്ധതി (PM Surya Ghar: Muft Bijli Yojana (പിഎം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന) വഴി സ്ഥാപിക്കുന്ന 3 കിലോവാട്ട് പുരപ്പുറ സോളാര്‍ പ്ലാന്റുകളെ ഒരു ദീര്‍ഘകാല സമ്പാദ്യ മാര്‍ഗമാക്കി മാറ്റുന്ന ലളിതമായ ധനകാര്യ തന്ത്രം പരിശോധിക്കാം.
സോളാര്‍ വഴി പ്രതിമാസം 5,000 രൂപ മിച്ചം പിടിക്കാനുള്ള മാര്ഗങ്ങള്കെഎസ്ഇബി വൈദ്യുതി ബില്ലിലെ ലാഭം: 3 kW ഓണ്‍-ഗ്രിഡ് സിസ്റ്റം പ്രതിദിനം ശരാശരി 12 യൂണിറ്റും, പ്രതിമാസം 360 യൂണിറ്റോളം വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നു. മാസം 300- 350 യൂണിറ്റ് ഉപയോഗമുള്ള ഒരു സാധാരണ വീടിന്റെ 2,000 മുതല്‍ 2,500 രൂപ വരെയുള്ള ബില്ല് ഇതിലൂടെ പൂര്‍ണ്ണമായും പൂജ്യത്തിലേക്ക് എത്തിക്കാം.
പാചകവാതക (LPG) ചെലവ് കുറയ്ക്കല്‍: പകല്‍ സമയങ്ങളില്‍ സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഇന്‍ഡക്ഷന്‍ കുക്കര്‍, എയര്‍ ഫ്രയര്‍, റൈസ് കുക്കര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. ഇതിലൂടെ ഗ്യാസ് സിലിണ്ടര്‍ ഉപയോഗം പകുതിയായി കുറയ്ക്കാനും മാസം 800 മുതല്‍ 1,000 വരെ ലാഭിക്കാനും കഴിയും.
ഇന്ധനച്ചെലവിലെ ലാഭം / EV ചാര്‍ജിംഗ്: കേരളത്തില്‍ ഇന്ന് ഇവിയുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. ഇത്തരക്കാര്‍ക്ക് സോളാര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ചാര്‍ജ് ചെയ്താല്‍ പെട്രോള്‍ ഇനത്തില്‍ പ്രതിമാസം 1,500 മുതല്‍ 2,000 രൂപ വരെ ലാഭിക്കാം.
അതായത് സോളാര്‍ സ്കീം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്ന ഒരു കുടുംബത്തിന് പ്രതിമാസം ഏകദേശം സുഖമായി 5,000 രൂപ (2,500 രൂപ കറന്റ് + 1,000 രൂപ ഗ്യാസ് + 1,500 രൂപ ഇന്ധനം = 5,000) ലാഭിക്കാം.
നിക്ഷേപ തന്ത്രം
ഒരു മികച്ച മ്യൂച്വല്‍ഫണ്ട് കണ്ടെത്തുക. തുടര്‍ന്ന് നിലവില്‍ നിങ്ങള്‍ വൈദ്യുതി ബില്‍ അടയ്ക്കുന്ന തീയതി നിശ്ചയിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാസം 5,000 രൂപയുടെ ഒരു ഓട്ടോ ഡെബിറ്റ് ക്രമീകരിക്കുക. ദീര്‍ഘകാല വളര്‍ച്ചയ്ക്കായി നിഫ്റ്റി 50 ഇന്‍ഡക്സ് ഫണ്ട് (Nifty 50 Index Fund), ഫ്ലെക്സി ക്യാപ് ഫണ്ട് (Flexi Cap Fund) തുടങ്ങിയ വൈവിധ്യവല്‍ക്കരിച്ച ഇക്വിറ്റി ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്. റിസ്ക് കുറയ്ക്കാന്‍ നിക്ഷേപം വിഭജിച്ചും ഫണ്ടുകളില്‍ നിക്ഷേപിക്കാം.
പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാലുള്ള നേട്ടം
- നിങ്ങള്‍ 5,000 രൂപ വീതം 25 വര്‍ഷം (300 മാസം) നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഇവിടെ നിങ്ങളുടെ മൊത്തം നിക്ഷേപ തുക 15 ലക്ഷം രൂപ (5,000*300) ആയിരിക്കും.
- നിങ്ങളുടെ ഈ നിക്ഷേപം 8% വാര്‍ഷിക നിരക്കില്‍ വളര്‍ന്നാല്‍ 25 വര്‍ഷം കൊണ്ട് ഏകദേശം 47.87 ലക്ഷം രൂപ ലഭിക്കും. അതായത് ലാഭം ഏകദേശം 32.87 ലക്ഷം രൂപ.
- ഇനി ഈ നിക്ഷേപം 10% വാര്‍ഷിക റിട്ടേണില്‍ വളര്‍ന്നാല്‍ ലഭിക്കുന്ന തുക ഏകദേശം 66.89 ലക്ഷമാകും. ഇവിടെ നിങ്ങളുടെ ലാഭം 51.89 ലക്ഷമാകും.
- ഇതേ നിക്ഷേപത്തിന് 12% റിട്ടേണ്‍ ലഭിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍ 25 വര്‍ഷം കൊണ്ട് നിങ്ങള്‍ക്കു ലഭിക്കുക 94.88 ലക്ഷം രൂപയാകും. അതായത് ലാഭം ഏകദേശം 79.88 ലക്ഷം രൂപ.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
മുകളില്‍ പറഞ്ഞ നിക്ഷേപ തന്ത്രം 25 വര്ഷത്തേയ്്ക്കുള്ളതാണ്. നിങ്ങളുടെ സോളാര്‍ പ്ലാന്റില്‍ സോളാര്‍ പാനലുകള്‍ക്കു മാത്രമണ് 25 വര്‍ഷം വാറന്റി ഉള്ളത്. സോളാര്‍ ഇന്‍വെര്‍ട്ടറുകളുടെ ശരാശരി ആയുസ് 8 മുതല്‍ 10 വര്‍ഷം വരെയാണ്. 10-ാം വര്‍ഷത്തില്‍ ഇന്‍വെര്‍ട്ടര്‍ മാറ്റുന്നതിനായി ഏകദേശം 25,000 മുതല്‍ 35,000 രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്. സോളര്‍ അധിക യൂണിറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം കെഎസ്ഇബി നിങ്ങള്‍ക്ക് പണം നല്‍കും. ഈ പണം ഇന്‍വെര്‍ട്ടര്‍ മാറ്റങ്ങള്‍ പോലുള്ള ചെലവുകള്‍ക്ക് വിനിയോഗിക്കുക.
വര്‍ഷം തോറും സോളാര്‍ പാനലുകളുടെ ഉല്‍പ്പാദനക്ഷമതയില്‍ 0.5% മുതല്‍ 0.7% വരെ സ്വാഭാവിക കുറവുണ്ടാകാം. കൃത്യമായ ഇടവേളകളില്‍ പാനലുകള്‍ കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ പൊടി കാരണം ഉല്‍പ്പാദനം 10- 15% വരെ കുറയാനും സാധ്യതയുണ്ട്.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭനഷ്ടങ്ങള്‍ക്ക് വിധേയമാണ്. 25 വര്‍ഷത്തെ ദീര്‍ഘകാലയളവില്‍ നിക്ഷേപം മികച്ച നേട്ടം നല്‍കാറുണ്ടെങ്കിലും ഇടക്കാലത്തുണ്ടാകുന്ന വിപണി ഇടിവുകളില്‍ പരിഭ്രാന്തരാകാതെ നിക്ഷേപം തുടരേണ്ടത് അനിവാര്യമാണ്.
25 വര്‍ഷത്തിനു ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി (LTCG) നല്‍കേണ്ടി വരും. നിലവിലെ നികുതി വ്യവസ്ഥ പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ 1.25 ലക്ഷത്തിന് മുകളിലുള്ള ലാഭത്തിന് 12.5% നികുതി ബാധകമാണ്.
വൈദ്യുതി- ഇന്ധന ഇനങ്ങളില്‍ ലാഭിക്കുന്ന പണം കയ്യിലിരുന്നാല്‍ മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്ക് ചെലവായിപ്പോകാം. അതിനാല്‍ ലാഭിക്കുന്ന അതേ തീയതിയില്‍ തന്നെ ഓട്ടോ- ഡെബിറ്റ് വഴി പണം SIP-ലേക്ക് പോകുന്നുവെന്ന് ഉറപ്പാക്കുക.
