
പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നാഷണല്‍ പെന്ഷന് സിസ്റ്റത്തിലെ (NPS) പോയിന്റ് ഓഫ് പ്രസന്‍സ് (PoP) ചാര്‍ജ് ഘടന പരിഷ്കരിക്കുന്നത് 2026 ഡിസംബര്‍ 1 ലേക്ക് നീട്ടി. പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വാര്‍ഷിക സര്‍വീസ് ഫീസ് 0.20% ആയി മാറുകയും, സാധാരണക്കാര്‍ക്ക് ആശ്വാസമായി തുടര്‍ നിക്ഷേപങ്ങള്‍ക്കുള്ള കുറഞ്ഞ പരിധി വെറും 10 രൂപയായി കുറയുകയും ചെയ്യും.
നടപ്പാക്കല്‍ തീയതി നീട്ടിപുതിയ പിഒപി നിരക്കുകള്‍ നടപ്പിലാക്കാനുള്ള തീയതി 2026 ഡിസംബര്‍ 1 വരെ നീട്ടി. ബാങ്കുകള്‍ക്കും മറ്റ് പിഒപി ഏജന്‍സികള്‍ക്കും പുതിയ ചാര്‍ജ് സംവിധാനത്തിലേക്ക് പൂര്‍ണ്ണമായി മാറുന്നതിനും, സാങ്കേതിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള സാവകാശം നല്‍കുന്നതിനാണ് ഈ തീയതി നീട്ടിയത്. ഓഗസ്റ്റ് 28 ലെ വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകളില്‍ മാറ്റമില്ലെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
പുതിയ എന്‍പിഎസ് നിരക്കുകള്‍
- നേരിട്ടുള്ള രജിസ്ട്രേഷന് ചാര്‍ജ് (Onboarding Charge): പിഒപി വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒറ്റത്തവണയായി 200 രൂപ നല്‍കണം. എന്നാല്‍ ഇത് ഒന്നിച്ചല്ല ഈടാക്കുന്നത്. ഒരു പാദത്തില്‍ 50 രൂപ വീതം യൂണിറ്റുകള്‍ കുറവ് ചെയ്ത് നാല് പാദങ്ങളിലായി തിരിച്ചുപിടിക്കും.
- ഡിജിറ്റല്‍ രജിസ്ട്രേഷന്: പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒറ്റത്തവണ പരമാവധി 100 രൂപ മാത്രമായിരിക്കും ചാര്‍ജ്.
- വാര്‍ഷിക ചാര്‍ജ് (Annual Fee): ആകെ നിക്ഷേപ തുകയുടെ (AUM) 0.20% പ്രതിവര്‍ഷം ഈടാക്കും. ഇത് ഓരോ പാദത്തിലും നെറ്റ് അസറ്റ് വാല്യുവില്‍ (NAV) നിന്ന് ക്രമീകരിച്ച് പിഒപികള്ക്ക് നല്‍കും.
- കുറഞ്ഞ നിക്ഷേപ തുക: അക്കൗണ്ട് തുറക്കുമ്പോള്‍ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. തുടര്‍ന്ന് വരുന്ന നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പരിധി 10 രൂപ ആയി കുറച്ചു.
നിരക്കുകള്‍ ആര്‍ക്കൊക്കെ ബാധകമാകും
എന്‍പിഎസ് (NPS), എന്‍പിഎസ് ലൈറ്റ് (NPS Lite) എന്നിവയ്ക്ക് കീഴിലുള്ള എല്ലാ സബ്സ്ക്രൈബര്‍മാര്‍ക്കും ഈ നിരക്ക് ഘടന ബാധകമാണ്. എന്നാല്‍, ഡോര്‍മന്റ് (Dormant) അക്കൗണ്ടുകള്‍ക്ക് വാര്‍ഷിക പിഒപി ചാര്‍ജ് ബാധകമല്ല. ഒരു പാദത്തില്‍ നിക്ഷേപം നടത്തിയ ശേഷം തുടര്‍ച്ചയായി നാല് പാദങ്ങളില്‍ (ഒരു വര്‍ഷം) ഒരു നിക്ഷേപവും നടത്താത്ത അക്കൗണ്ടുകളെയാണ് ഡോര്‍മന്റ് അക്കൗണ്ടുകളായി കണക്കാക്കുന്നത്.
സാധാരണക്കാരെയും നിക്ഷേപങ്ങളെയും എങ്ങനെ ബാധിക്കും
പുതിയ മാറ്റങ്ങള്‍ ദീര്‍ഘകാല നേട്ടത്തില്‍ ചെറിയ വ്യത്യാസത്തിനു വഴിവയ്ക്കും. അസറ്റിന്റെ 0.20% വാര്‍ഷിക ഫീസായി NAV-യില്‍ നിന്ന് കുറയ്ക്കുന്നത് വഴി നിക്ഷേപത്തിന്റെ അറ്റാദായത്തില്‍ നേരിയ കുറവുണ്ടാകും. യൂണിറ്റുകളുടെ എണ്ണത്തിലെ കുറവും ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ബോര്‍ഡിംഗ് ഫീസായ 200 രൂപ അക്കൗണ്ടിലെ യൂണിറ്റുകള്‍ റദ്ദാക്കി കുറയ്ക്കുന്നതിനാല്‍ ആദ്യ വര്‍ഷം അക്കൗണ്ടിലെ യൂണിറ്റുകളുടെ എണ്ണത്തില്‍ ചെറിയ കുറവ് വരും. തുടര്‍ നിക്ഷേപങ്ങളുടെ കുറഞ്ഞ പരിധി 10 രൂപ ആക്കിയത് സാധാരണക്കാര്‍ക്ക് കയ്യിലുള്ള ചെറിയ മിച്ചംപോലും പെന്ഷന് അക്കൗണ്ടിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കുന്നു.
നിരക്കുകള്‍ കുറയ്ക്കാനോ ഒഴിവാക്കാനോ ഉള്ള വഴികള്‍
ഓണ്‍ലൈന്‍ രജിസ്ട്രേഷന് തിരഞ്ഞെടുക്കുന്നതു വഴി നിരക്കുകളില്‍ ലാഭം നേടാനാകും. നേരിട്ട് ബാങ്കിലോ ശാഖകളിലോ പോകാതെ പൂര്‍ണ്ണമായും ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്താല്‍ ഓണ്‍ബോര്‍ഡിംഗ് ചാര്‍ജ് 200 രൂപയില്‍ നിന്ന് 100 രൂപയായി കുറയും.
നിക്ഷേപം നടത്താതെ അക്കൗണ്ട് ഡോര്‍മന്റ് ആയാല്‍ 0.20% ഫീസ് ഈടാക്കില്ലെങ്കിലും, ഇത് പെന്ഷന് ഫണ്ടിന്റെ വളര്‍ച്ചയെയും വിരമിക്കല്‍ സമ്പാദ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇത് ഒരു പരിഹാരമാര്‍ഗമായി കാണരുത്.
