Latest

അരി, ഗോതമ്പ് എമർജൻസി ശേഖരം എഥനോൾ നിർമാണത്തിന് എടുത്തേക്കും; അരിവില കുതിക്കുന്നതിനിടെ ആശങ്കയുമായി കേരളം

Share

കേരളത്തിൽ അരിവില കുതിച്ചുയരുന്നതിനിടെ, ബഫർ സ്റ്റോക്കിലുള്ള അരിയും ഗോതമ്പും എഥനോൾ ഉല്പാദനത്തിന് ഉപയോഗിക്കാനുള്ള നീക്കമുണ്ടെന്ന റിപ്പോർട്ടുകളിൽ ആശങ്ക അറിയിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കാവുന്ന വിഷയമായതിനാൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുമെന്ന് സംസ്ഥാന സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് കേന്ദ്രത്തിന് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷയിൽ ആശങ്ക
ബഫർ സ്റ്റോക്കിലുള്ള അരിയും, ഗോതമ്പും എത്തനോൾ നിർമ്മാണത്തിന് ഉപയോഗിക്കാൻ നിർദേശമുണ്ടെന്ന വിവരം മാധ്യമ റിപ്പോർട്ടുകളിലൂടെയും അനൗദ്യോഗിക ചർച്ചകളിലൂടെയുമാണ് അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ വകുപ്പിന് ലഭിച്ചിട്ടില്ല.

എഥനോൾ ഉല്പാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കരുതെന്ന നിലപാടാണ് കേരളത്തിനുള്ളത്. ഈ വിഷയം കേരളത്തിനു മാത്രമല്ല, രാജ്യത്തെ ഭക്ഷ്യധാന്യ ലഭ്യതയെയും പൊതുവിതരണ സംവിധാനത്തെയും ബാധിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർധിക്കുന്ന അരിവില

കേരളത്തിൽ മൂന്ന് മാസത്തിനിടെ അരിവില വർധിച്ചത് 30 രൂപയാണ്. തമിഴ്നാട്ടിൽ നിന്ന് വരുന്ന പൊന്നി, പച്ചരി എന്നിവയുടെ വിലയും വർധിച്ചു. വിളവെടുപ്പിലെ കുറവും, ജലത്തിന്റെ ദൗർലഭ്യവുമാണ് ഇതിന് കാരണം. മലയാളികൾ കൂടുതലായി ഉപയോ​ഗിക്കുന്ന കുറുവ, മട്ട എന്നീ അരിയിനങ്ങൾക്കും നിരക്ക് വർധിച്ചിട്ടുണ്ട്.

എന്താണ് ബഫർ സ്റ്റോക്ക്?

ബഫർ സ്റ്റോക്ക് (Buffer Stock) എന്നത് അടിയന്തര സാഹചര്യങ്ങളിൽ രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ മുൻകൂട്ടി സംഭരിച്ചുവെക്കുന്ന അരി, ഗോതമ്പ് തുടങ്ങിയ ധാന്യശേഖരമാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴിയാണ് പ്രധാനമായും ഈ ശേഖരം കൈകാര്യം ചെയ്യുന്നത്.

വരൾച്ച, പ്രകൃതിദുരന്തങ്ങൾ, വിളനാശം, വിപണിയിലെ വിലക്കയറ്റം, വിതരണത്തിലെ തടസ്സങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം ഒഴിവാക്കാനും പൊതുവിതരണ സംവിധാനം വഴി ജനങ്ങൾക്ക് ആവശ്യമായ ധാന്യങ്ങൾ ലഭ്യമാക്കാനും ബഫർ സ്റ്റോക്ക് സഹായിക്കുന്നു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങളിലൊന്നാണിത്.

ധാന്യങ്ങളും, എഥനോൾ ഉല്പാദനവും

എഥനോൾ ഉല്പാദനത്തിനായി ധാന്യങ്ങൾ ഉപയോ​ഗിക്കുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിക്കുന്നതായിട്ടാണ് വിലയിരുത്തൽ. അരിയുടെയും, ​ഗോതമ്പിന്റെയും ബഫർ സ്റ്റോക്കുകൾ എഥനോൾ ഉല്പാദനത്തിനായി ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ആശങ്കയ്ക്ക് കാരണം. കേരളത്തിൽ അരിവില വർധിക്കുന്ന സാഹചര്യത്തിൽ സ്റ്റോക്ക് എഥനോൾ നിർമാണത്തിനായി മാറ്റി വെക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കുന്നു

കേരളത്തിൽ വിൽക്കുന്ന പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വയനാട് ജില്ലയിൽനിന്ന് ഇന്ധന സാമ്പിളുകൾ ശേഖരിച്ചു. നേരത്തെ കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിലും പരിശോധന നടത്തിയിരുന്നു.

ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനാ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിശ്ചിത മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

പൂഴ്ത്തിവെയ്പിനെതിരെയും പരിശോധനകൾ

അവശ്യസാധനങ്ങളുടെ വില കൃത്രിമമായി ഉയർത്താനുള്ള ശ്രമങ്ങൾക്കെതിരെയും സർക്കാർ നടപടി ശക്തമാക്കും. വിപണികളിൽ പൂഴ്ത്തിവെയ്പ് തടയാനും, അനാവശ്യ വിലവർധന നിയന്ത്രിക്കാനും പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് കമ്മീഷണർക്ക് പരിശോധനകൾ നടത്താൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ഭക്ഷ്യധാന്യങ്ങളുടെ കരുതൽശേഖരം ഇന്ധന ഉല്പാദനത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കൊപ്പം, പെട്രോളിലെ എഥനോൾ അളവും, അവശ്യസാധനങ്ങളുടെ വിലയും നിരീക്ഷിക്കാനുള്ള നടപടികളും നിലവിൽ കേരളം ശക്തമാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *