Latest

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായാല്‍ 25,000 രൂപ വരെ നഷ്ടപരിഹാരം; RBI നയത്തിന് മുമ്പ് ആവശ്യങ്ങളുമായി ബാങ്കുകള്‍

Share

ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ 50,000 രൂപ വരെ നഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നല്‍കുന്ന റിസര്‍വ് ബാങ്കിന്റെ (RBI) പുതിയ പദ്ധതി 2027 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്നേക്കും. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി, തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ക്ലെയിമുകള്‍ തീര്‍പ്പാക്കാനും രാജ്യവ്യാപകമായി ഒരു ഏകീകൃത സംവിധാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാങ്കുകള്‍.

കേന്ദ്രീകൃത സംവിധാനം വേണമെന്ന് ബാങ്കുകള്‍2027 ജനുവരിയില്‍ ആര്‍ബിഐയുടെ (RBI) പുതിയ നഷ്ടപരിഹാര നയം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി, ഡിജിറ്റല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനും ഒരു കേന്ദ്രീകൃത സംവിധാനം വേണമെന്നതാണ് പ്രധാന ആവശ്യം. ഓരോ ബാങ്കും സ്വന്തം നിലയ്ക്ക് ഇത് നടപ്പിലാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍, ബാങ്കിംഗ് മേഖലയ്ക്ക് പൊതുവായ ഒരു ചട്ടക്കൂട് രൂപീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ഉപഭോക്താവിന്റെ യോഗ്യത, പരാതി നല്‍കേണ്ട സമയപരിധി, തുക ചെന്നെത്തുന്ന ബാങ്കിന്റെ ബാധ്യത, നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കല്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തതയും ബാങ്കുകള്‍ ആവശ്യപ്പെടുന്നു. തട്ടിപ്പ് പണം കൈമാറാന്‍ ഉപയോഗിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ (Mule accounts) ഉള്‍പ്പെടുന്ന കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് മമ്പ് ബാങ്കുകള്‍, ആര്‍ബിഐ, അന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ തമ്മില്‍ കൃത്യമായ ഏകോപനം ഉറപ്പാക്കുന്ന സംവിധാനം വേണമെന്നതും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ആര്‍ബിഐയുടെ പുതിയ കോമ്പന്‍സേഷന്‍ പോളിസി

2027 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നയമാണിത്. ഇതു പ്രകാരം 50,000 രൂപ വരെ മൊത്തം നഷ്ടം സംഭവിക്കുന്ന ചെറിയ തുകയ്ക്കുള്ള ഇലക്ട്രോണിക് ബാങ്കിംഗ് തട്ടിപ്പുകളില്‍ അറ്റ നഷ്ടത്തിന്റെ 85% അല്ലെങ്കില്‍ 25,000 രൂപ (ഏതാണോ കുറവ്) നഷ്ടപരിഹാരമായി ലഭിക്കും. സദുദ്ദേശ്യത്തോടെ ഇടപാടുകള്‍ നടത്തുകയും, തട്ടിപ്പിനിരയായി പരാതി നല്‍കുകയും ചെയ്യുന്ന വ്യക്തികള്‍ക്കാണ് ഈ പോളിസി ബാധകമാകുക.

ഒരാള്‍ക്ക് തന്റെ ജീവിതകാലത്ത് ഒരു തവണ മാത്രമേ ഈ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകൂവെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിന് മുമ്പോ, ശേഷമോ അന്വേഷണത്തിലൂടെ തിരിച്ചുപിടിക്കുന്ന തുക, മൊത്തം നഷ്ടത്തില്‍ നിന്ന് കുറച്ച ശേഷമായിരിക്കും നഷ്ടപരിഹാരത്തുക കണക്കാക്കുക.

ആഭ്യന്തര ഇടപാടുകളില്‍ നല്‍കുന്ന 85% നഷ്ടപരിഹാരത്തില്‍ 65% ആര്‍ബിഐയും, 10% ഉപഭോക്താവിന്റെ ബാങ്കും, ബാക്കി 10% തട്ടിപ്പ് പണം സ്വീകരിച്ച ബാങ്കും വഹിക്കും. അന്താരാഷ്ട്ര ഇടപാടുകളില്‍ 65% ആര്‍ബിഐയും ബാക്കി 20% ഉപഭോക്താവിന്റെ ബാങ്കും വഹിക്കും.

ബാങ്കുകളെ ബാധിക്കുന്നത് എങ്ങനെ

തട്ടിപ്പ് കേസുകളില്‍ ഉപഭോക്താവിന്റെ ബാങ്കിനും, തുക സ്വീകരിച്ച ബാങ്കിനും 10% വീതം (അന്താരാഷ്ട്ര ഇടപാടുകളില്‍ ഉപഭോക്താവിന്റെ ബാങ്കിന് 20%) സാമ്പത്തിക നഷ്ടം വഹിക്കേണ്ടി വരും. പൊതുവായ ഒരു കേന്ദ്രീകൃത സംവിധാനം നിലവില്‍ വന്നില്ലെങ്കില്‍, ഓരോ ബാങ്കും സ്വന്തം നിലയ്ക്ക് ക്ലെയിമുകള്‍ പരിശോധിക്കുന്നതും തീര്‍പ്പാക്കുന്നതും വലിയ പ്രവര്‍ത്തന തടസങ്ങള്‍ക്കും കാലതാമസത്തിനും കാരണമാകാമെന്നാണു വാദം.

തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും, മരവിപ്പിക്കുന്നതിനുമായി ബാങ്കുകള്‍ തങ്ങളുടെ ആഭ്യന്തര നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടി വരും. ആര്‍ബിഐയുടെ പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി ബാങ്കുകള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളില്‍ വലിയ സാങ്കേതിക മാറ്റങ്ങള്‍ വരുത്തേണ്ടി വരും.

നീക്കങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രധാനമാകുന്നത് എന്തുകൊണ്ട്

സൈബര്‍ തട്ടിപ്പുകളിലൂടെ ചെറിയ തുകകള്‍ നഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നത് വലിയ സാമ്പത്തിക ആശ്വാസമാകും.

തട്ടിപ്പിനിരയായാലും നിശ്ചിത തുക തിരികെ ലഭിക്കുമെന്ന ഉറപ്പ് സാധാരണക്കാര്‍ക്കിടയില്‍ ഡിജിറ്റല്‍ ഇടപാടുകളോടുള്ള ഭയം കുറയ്ക്കുകയും, വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

തട്ടിപ്പുകള്‍ തടയാനുള്ള പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

ചെറിയ തുകകള്‍ ഒഴികെയുള്ള ഇടപാടുകള്‍ അക്കൗണ്ടില്‍ എത്തുന്നതിന് അല്‍പം സമയപരിധി ഏര്‍പ്പെടുത്തുക വഴി തട്ടിപ്പ് തിരിച്ചറിഞ്ഞാല്‍ ഇടപാട് തടയാന്‍ സാധിക്കുമെന്ന് ആര്‍ബിഐ ചര്‍ച്ചാ രേഖകള്‍ വ്യക്തമാക്കുന്നു. മുതിര്‍ന്ന പൗരന്മാരും, മറ്റ് ദുര്‍ബല വിഭാഗങ്ങളും നടത്തുന്ന വലിയ ഇടപാടുകള്‍ക്ക് വിശ്വസ്തരായ മറ്റൊരാളുടെ അധിക അനുമതി തേടുന്ന സംവിധാനം ചര്‍ച്ചയിലുണ്ട്. പ്രത്യേക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ അക്കൗണ്ടുകള്‍ക്ക് മാത്രം വലിയ തുകകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്നത് തട്ടിപ്പ് പണം കൈമാറുന്നത് തടയും. ഇടപാടുകള്‍ക്ക് ഉപഭോക്താവിന് സ്വയം പരിധികളും, നിയന്ത്രണങ്ങളും നിശ്ചയിക്കാനുള്ള സൗകര്യം ലഭിച്ചേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ നഷ്ടപരിഹാര പദ്ധതി ഒരാള്‍ക്ക് ജീവിതകാലത്ത് ഒരു തവണ മാത്രമേ ലഭിക്കൂ. അതിനാല്‍ എപ്പോഴും ജാഗ്രത തുടരണം. 50,000 രൂപ വരെയുള്ള തട്ടിപ്പുകള്‍ക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ. അതില്‍ കൂടുതല്‍ തുക നഷ്ടപ്പെട്ടാല്‍ ഈ പ്രത്യേക നയപ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ല. ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വ്വമായ വീഴ്ചയോ, തട്ടിപ്പുകാരുമായുള്ള ഒത്താശയോ ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാലുടന്‍ കാലതാമസം കൂടാതെ ബാങ്കിലും, സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈനിലും (1930) പരാതി രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *