Latest

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഇനി വൈകില്ല; ദിവസേന 50 സ്ലോട്ടുകള്‍, ആഴ്ചയില്‍ അഞ്ചുദിവസം പരീക്ഷ!

Share

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഇനി വൈകില്ല.

ദിവസേന 50 സ്ലോട്ടുകള്‍.

ആഴ്ചയില്‍ അഞ്ചുദിവസം പരീക്ഷ.

അപേക്ഷകരുടെ നെട്ടോട്ടത്തിന് തടയിടാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്.

ലേണേഴ്‌സ് പരീക്ഷകള്‍ക്ക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ സംവിധാനം.

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ തീയതി കിട്ടാതെയും സാങ്കേതിക തകരാറുകള്‍ മൂലവും നീണ്ടുപോകുന്നതില്‍ അപേക്ഷകരുടെ ഭാഗത്തുനിന്ന് അമര്‍ഷം പുകയുന്നതിനിടെ കടുപ്പമേറിയ താത്കാലിക ക്രമീകരണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വരുന്ന മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങാതെ നടത്തും. ഇതിന് പുറമെ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയര്‍ത്താനും വകുപ്പ് തീരുമാനിച്ചു.

ഡ്രൈവിങ് ലൈസന്‍സിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാന്‍ വലിയ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളാണ് എം.വി.ഡി. നടത്തിയിരിക്കുന്നത്.ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകളും അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളില്‍ തന്നെ നടക്കും. കൂടാതെ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയര്‍ത്താനും തീരുമാനിച്ചു.ലേണേഴ്സ് പരീക്ഷകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ തടയാനായി ‘ഫേഷ്യല്‍ റെക്കഗ്‌നിഷന്‍’ അധിഷ്ഠിത ഓതന്റിക്കേഷന്‍ സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും എം.വി.ഡി. അറിയിച്ചു.

പുതിയ ക്രമീകരണപ്രകാരം ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് സ്ലോട്ടുകള്‍ ബുക്കിങ് തീയതി മുതല്‍ 30 ദിവസത്തിനകവും, റീ-ടെസ്റ്റ് സ്ലോട്ടുകള്‍ എട്ടാം ദിവസത്തിനകവും ലഭ്യമാക്കും. ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് സ്ലോട്ടുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലഭ്യമാക്കാനാണ് തീരുമാനം. നിലവിലെ കാലതാമസം പരിഹരിക്കാനുള്ള താല്‍ക്കാലിക നടപടികളാണിതെന്നും ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ഗതാഗത വകുപ്പിന്റെ സേവനങ്ങള്‍ക്കായുള്ള ‘സാരഥി’ പോര്‍ട്ടല്‍ പണിമുടക്കിയിരുന്നു. സാങ്കേതിക തകരാര്‍ കാരണം നിരവധി ഉദ്യോഗാര്‍ഥികളാണ് ദുരിതത്തിലായത്. ഇതുമൂലം സംസ്ഥാനത്തുടനീളം നടത്താനിരുന്ന ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലടക്കം ലേണേഴ്‌സ് ടെസ്റ്റ് എഴുതാനെത്തിയ നിരവധി പേരാണ് ഇതുമൂലം മടങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *