Krishi Bhavan Kerala: കേരളത്തിലെ കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത സൗജന്യമായി ശാസ്ത്രീയമായി പരിശോധിക്കാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ( Soil Health Card ) പദ്ധതിയിലൂടെ മണ്ണിലെ pH മൂല്യം, അമ്ലത്വം, 12 പ്രധാന പോഷക ഘടകങ്ങള്‍ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് കൃഷി ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. കര്‍കഷര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ ഒന്നാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്.
എന്താണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് (Soil Health Card)കര്‍ഷകരുടെ കൃഷിഭൂമിയിലെ മണ്ണിലെ പോഷക ലഭ്യത, അമ്ലത്വം (pH), മറ്റ് രാസ- ഭൗതിക ഘടകങ്ങള്‍ എന്നിവ ശാസ്ത്രീയമായി പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് കാര്‍ഡാണിത്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം പോലുള്ള പ്രധാന പോഷകങ്ങള്‍, സള്‍ഫര്‍, സിങ്ക്, ഐറണ്‍, ബോറോണ്‍ പോലുള്ള ദ്വിതീയ/ സൂക്ഷ്മ പോഷകങ്ങള്‍, pH മൂല്യം തുടങ്ങി 12 ഘടകങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
മലയാളികള്‍ക്ക് ലഭ്യമായ സൗജന്യ പദ്ധതി
കേരളത്തില്‍ പൂര്‍ണ്ണമായും സൗജന്യമാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനും കാര്‍ഡ് വിതരണം ചെയ്യുന്നതിനും കര്‍ഷകരില്‍ നിന്ന് പണം ഈടാക്കുന്നില്ല. കേരള സംസ്ഥാന കൃഷി വികസന കര്‍ഷകക്ഷേമ വകുപ്പും, മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക കൃഷി ഭവനങ്ങള്‍, ജില്ലാ മണ്ണ് പരിശോധനാ ലാബുകള്‍ (Soil Testing Labs), മൊബൈല്‍ മണ്ണ് പരിശോധനാ യൂണിറ്റുകള്‍, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ (KVK) എന്നിവ വഴിയാണ് സേവനം ലഭ്യമാക്കുന്നത്.
