ഇന്ന് മിക്ക മലയാളി കുടുംബങ്ങളും ആരോഗ്യ ഇൻഷുറൻസിന്റെ തണൽ തേടിയിരിക്കുന്നു. ഇൻഷുറൻസ് പ്രീമിയം ബാധ്യതയാകാതെ മികച്ച കവറേജ് ഉറപ്പാക്കാൻ സഹായിക്കുന്ന പ്രധാന മാർഗങ്ങളാണ് ഇവിടെ നൽകുന്നത്. ഇന്ത്യയിൽ മെഡിക്കൽ രംഗത്ത് പണപ്പെരുപ്പം വലിയ തോതിൽ വർധിക്കുന്ന സാഹചര്യമാണ് നിലവിലേത്.
കോവിഡ് കാലത്താണ് ഒരു ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം കൂടുതൽ ആളുകൾക്ക് ബോധ്യപ്പെട്ടത്. ഇതോടെ ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ ഒരു തരംഗം തന്നെ പ്രകടമായി. കേരളത്തിൽ ഉയർന്ന ചികിത്സാ ചെലവുകളും, ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനവും കണക്കിലെടുക്കുമ്പോൾ, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സമഗ്രമായ ഒരു ഹെൽത്ത് ഇൻഷുറൻസ് അത്യാവശ്യമാണ്.സർക്കാർ-സാമൂഹിക സുരക്ഷാ പദ്ധതികൾ പ്രയോജനപ്പെടുത്തുക
സ്വകാര്യ ഇൻഷുറൻസ് പോളിസികളുടെ പരിരക്ഷ നേടുന്നതിന് മുമ്പ്, യോഗ്യതയുള്ള സർക്കാർ/ഗ്രൂപ്പ് പദ്ധതികൾ ഉപയോഗപ്പെടുത്താനാണ് ആദ്യം തന്നെ ശ്രമിക്കേണ്ടത്.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും, കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ മെഡിസെപ് വഴി ലഭ്യമാക്കിയിരിക്കുന്നു. പ്രവാസികൾക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും അപകട-ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നോർക്ക പ്രവാസി ഇൻഷുറൻസ് വഴി ലഭിക്കും.
വിവിധ ക്ഷേമനിധി ബോർഡുകൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവയും ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വഴിയുള്ള കവറേജ് നൽകുന്നുണ്ട്. ഇത്തരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് യൂണിയനുകൾ ഉൾപ്പെടെ ഒരുക്കുന്ന പരിരക്ഷ ലഭിക്കും. ഉദാഹരണത്തിന് നിർമ്മാണ മേഖലയിലെയും, കർഷക-മോട്ടോർ വാഹന രംഗത്തെയും തൊഴിലാളികൾക്കും, പ്രാദേശിക സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കും സബ്സിഡി നിരക്കിൽ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാണ്.
