Personal Finance Tips: സാമ്പത്തിക ബാധ്യത പെട്ടെന്ന് വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഇഎംഐ ആക്കുന്നത് വലിയൊരാശ്വാസമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മറഞ്ഞിരിക്കുന്ന പലിശയും, അനാവശ്യ ഫീസുകളും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു വാങ്ങല്‍ ഇഎംഐ ആക്കുന്നതും, മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ല് ഇഎംഐ ആക്കി മാറ്റുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പോക്കറ്റ് കാലിയാകാതിരിക്കാന്‍ അറിയേണ്ട സാമ്പത്തിക കണക്കുകൂട്ടലുകളും, വിദഗ്ധരുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇതാ.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഇഎംഐ ആക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പ്രതിവര്‍ഷ പലിശ നിരക്ക് തന്നെയാണ്. ഇഎംഐ പലിശ സാധാരണ ക്രെഡിറ്റ് കാര്‍ഡ് കുടിശിക പലിശയെക്കാള്‍ (36%- 42%) കുറവാണെങ്കിലും പേഴ്‌സണല്‍ ലോണുകളേക്കാള്‍ ഉയര്‍ന്നതായിരിക്കും (സാധാരണയായി 14% മുതല്‍ 24% വരെ).
ഇഎംഐയാക്കി മാറ്റുന്നതിന് ഒറ്റത്തവണ പ്രോസസിംഗ് ഫീസും, പ്രതിമാസ പലിശയ്ക്ക് മേല്‍ 18% ജിഎസ്ടിയും (GST) ബാധകമായിരിക്കും. നിങ്ങള്‍ ഇഎംഐ ആക്കുന്ന തുക (ഉദാഹരണത്തിന് 50,000 രൂപ) നിങ്ങളുടെ കാര്‍ഡിന്റെ ലഭ്യമായ ക്രെഡിറ്റ് ലിമിറ്റില്‍ നിന്ന് കുറയ്ക്കപ്പെടും. പ്രതിമാസ ഗഡുക്കള്‍ അടച്ചുതീര്‍ക്കുന്നതിനനുസരിച്ച് മാത്രമേ ഈ ലിമിറ്റ് തിരികെ ലഭിക്കൂ.
ഭൂരിഭാഗം ബാങ്കുകളും ഇഎംഐ ആക്കുന്ന തുകയ്ക്ക് റിവാര്‍ഡ് പോയിന്റുകളോ, കാഷ്ബാക്കോ നല്‍കില്ല. മുഴുവന്‍ ബില്ലും ഇഎംഐ ആക്കുമ്പോള്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പുതിയ വാങ്ങലുകള്‍ക്ക് പലിശരഹിത ഗ്രേസ് പീരിയഡ് ആനുകൂല്യം ലഭിച്ചേക്കില്ല. ഇഎംഐ ആക്കിയ തുക കാലാവധിക്ക് മുമ്പ് അടച്ചുതീര്‍ക്കാന്‍ ആഗ്രഹിച്ചാല്‍ ബാങ്ക് പിഴയും ഈടാക്കാം.
