
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ ഇന്ത്യയുടെ അസംസ്കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് കുത്തനെ ഉയർന്നു. ഒക്ടോബറിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 88 ശതമാനം ഉയർന്ന് 19.5 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 10.4 ബില്യൺ ഡോളറായിരുന്നു.
എണ്ണവിലയിലെ മാറ്റങ്ങളും രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ആവശ്യകതയും ഇറക്കുമതി ചെലവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉൽപ്പാദനം രാജ്യത്തിന്റെ മൊത്തം ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കേണ്ടതായി വരുന്നു.14 വർഷത്തിനിടയിലെ ഉയർന്ന വില
അന്താരാഷ്ട്ര വിപണിയിലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ഒക്ടോബറിൽ ബാരലിന് 123.93 ഡോളറിലെത്തിയിരുന്നു. 2012 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ശരാശരി വിലയാണിത്. 2025 ഒക്ടോബറിൽ ബാരലിന് 64.54 ഡോളറായിരുന്നു വില.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകളും എണ്ണവില ഉയരാൻ കാരണമായി. ക്രൂഡ് വിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ എണ്ണ ശുദ്ധീകരണ കമ്പനികൾ കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങിയതും ഇറക്കുമതി സംബന്ധിച്ച ചെലവ് വർധിപ്പിച്ചു.
ഇറക്കുമതി അളവിലും വർധന
എണ്ണവില ഉയർന്നതിനൊപ്പം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി അളവിലും വർധനയുണ്ടായി. ഒക്ടോബറിൽ ഇറക്കുമതി അളവ് മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം ഉയർന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഈ വർധന ഒരു ശതമാനം മാത്രമായിരുന്നു.
അതേസമയം, ഒക്ടോബറിൽ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിച്ചെലവ് 12 ശതമാനം കുറഞ്ഞ് 1.5 ബില്യൺ ഡോളറായി. ഇറക്കുമതി അളവിൽ 42 ശതമാനം കുറവുണ്ടായതാണ് ഇതിന് പ്രധാന കാരണം
കയറ്റുമതിയിൽ നേട്ടം
ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് ഉയർന്നെങ്കിലും, പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യക്ക് നേട്ടമുണ്ടായി. ഒക്ടോബറിൽ കയറ്റുമതിയിൽ നിന്നുള്ള വരുമാനം 90 ശതമാനം ഉയർന്ന് 6.3 ബില്യൺ ഡോളറിലെത്തി. കയറ്റുമതി അളവിൽ ആറ് ശതമാനം മാത്രമാണ് വർധനയുണ്ടായത്.
ആഗോള വിപണിയിലെ ഉയർന്ന വില, കയറ്റുമതി വരുമാനം വർധിപ്പിക്കാൻ സഹായിച്ചു. എങ്കിലും ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവിലെ കുതിപ്പ് ഇന്ത്യയുടെ വിദേശ വ്യാപാരത്തിലും, സമ്പദ്‌വ്യവസ്ഥയിലും സമീപ ഭാവിയിൽ സമ്മർദം സൃഷ്ടിക്കാൻ സാധ്യതകളുണ്ട്.
