Bank Strike Updates: ബാങ്ക് ജീവനക്കാരുടെ 3 ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് കാരണം രാജ്യത്ത് തുടര്‍ച്ചയായി 5 ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ അടിയന്തര നീക്കവുമായി കേന്ദ്ര സര്‍ക്കാരും, റിസര്‍വ് ബാങ്കും. സെപ്റ്റംബര്‍ 28 മുതല്‍ ആരംഭിക്കുന്ന UFBU പണിമുടക്കിന് തൊട്ടുമുന്നോടിയായി, സെപ്റ്റംബര്‍ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും (PSU Banks) തുറന്നു പ്രവര്‍ത്തിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാവശ്യ സാമ്പത്തിക ഇടപാടുകള്‍ തടസമില്ലാതെ മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ മൂന്ന് ദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 26, 27 തീയതികള്‍ യഥാക്രമം നാലാം ശനിയും, ഞായറുമായതിനാല്‍ വാരാന്ത്യ അവധികളാണ്. പണിമുടക്കും വാരാന്ത്യ അവധിയും ഒന്നിച്ചു വരുമ്പോള്‍ തുടര്‍ച്ചയായി 5 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കുന്നതിനാണ് ഞായറാഴ്ച ബാങ്കുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

