തൃശൂർ∙ ജ്വല്ലറികളിൽ നിന്ന് വാങ്ങുന്ന സ്വർണാഭരണങ്ങളുടെ പരിശുദ്ധിയും തൂക്കവുമൊക്കെ കൃത്യമാണോ എന്ന് ഇനി ഫോണിൽ അറിയാം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ ബിഐഎസ് കെയർ വഴിയാണ് ആഭരണങ്ങളുടെ മുഴുവൻ വിവരങ്ങളും ഉപഭോക്താക്കൾക്ക് നേരിട്ട് പരിശോധിക്കാവുന്നത്.
ഹാൾ മാർക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇവ നേരിട്ട് ബിഐഎസിന് ലഭിക്കുന്നതിനാൽ ഏതെങ്കിലും തരത്തിൽ തട്ടിപ്പ് നടത്താൻ കഴിയില്ല. ആഭരണത്തിലെ ഹാൾ മാർക്ക് നമ്പർ ആപ്പിൽ നൽകിയാൽ അതു വിറ്റ ജ്വല്ലറിയുടെ റജിസ്ട്രേഷൻ നമ്പർ, ഹാൾ മാർക്ക് ചെയ്ത ഏജൻസിയുടെ വിലാസം, എന്തു തരത്തിലുള്ള ആഭരണമാണ്, പരിശുദ്ധി എത്ര, ഭാരം എത്ര, എന്നാണ് ഹാൾ മാർക്ക് ചെയ്തത് തുടങ്ങി ആഭരണത്തിന്റെ ചിത്രങ്ങൾ വരെ ആപ്പിൽ കാണാം.
ഹാൾമാർക്ക് ചാർജ് 45 രൂപയായിരുന്നത് 75 ആയി വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പത്തുശതമാനം ഏജൻസി ബിഐഎസിന് റോയൽറ്റിയായി നൽകണം. പരിശോധന രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും അതിന് അനുസരിച്ചുള്ള ഫീസ് വർധന ഉണ്ടായിട്ടില്ലെന്നും ആഭരണങ്ങൾ പരിശോധിക്കുന്നതിന് ഇപ്പോൾ കൂടുതൽ സമയം ആവശ്യമാണെന്നും വ്യാപാരികൾ സഹായിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഹാൾമാർക്കിങ് സെന്റേഴ്സ് കേരള ചാപ്റ്റർ പ്രസിഡന്റ് റഷീദ് ആതിര പറഞ്ഞു.

