ന്യൂഡൽഹി∙ ഇന്റർനെറ്റ് വേണ്ടാത്തവർക്ക് ഇനി കൂടുതൽ മൊബൈൽ റീചാർജ് ഓപ്ഷനുകൾ വരുന്നു. ഇതുസംബന്ധിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ചട്ടം ഭേദഗതി ചെയ്തു. ഒക്ടോബർ 22ന് പ്രാബല്യത്തിലാകും.
ഇന്റർനെറ്റ് ഡേറ്റയും കോളും എസ്എംഎസും ചേർത്ത് 30 ദിവസത്തേക്കോ അതിൽ താഴെയോ ഉള്ള കാലാവധികളിലേക്ക് റീചാർജ് പ്ലാൻ നൽകുമ്പോൾ അതേ കാലാവധിയുള്ള ‘കോൾ, എസ്എംഎസ് ഒൺലി’ റീചാർജ് പ്ലാനുകളും ലഭ്യമാക്കിയിരിക്കണം. പ്ലാനിൽനിന്ന് ഇന്റർനെറ്റ് ഒഴിവാക്കുന്നതിന്റെ ആനുപാതികമായ കുറവ് നിരക്കിലും പ്രതിഫലിച്ചിരിക്കണം.
ഉദാഹരണത്തിന് പ്രതിദിനം 2 ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നിവയടങ്ങിയ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുണ്ടെങ്കിൽ, ഇനി മുതൽ അതേ കാലാവധിയിൽ അൺലിമിറ്റഡ് കോളും 100 എസ്എംഎസും അടങ്ങിയ നിരക്കു കുറഞ്ഞ മറ്റൊരു പ്ലാൻ കൂടിയുണ്ടായിരിക്കണം.
നിലവിൽ 84 ദിവസം അല്ലെങ്കിൽ ഒരു വർഷംവരെ വാലിഡിറ്റിയുള്ള പരിമിതമായ ‘കോൾ, എസ്എംഎസ് ഒൺലി’ പ്ലാനുകൾ മാത്രമാണ് കമ്പനികൾ നൽകുന്നത്. ഈ പ്ലാനുകൾക്ക് ദൈർഘ്യം കൂടുതലായതിനാൽ സാധാരണക്കാർ റീചാർജ് ചെയ്യുമ്പോൾ വലിയ തുക ഒറ്റയടിക്ക് കണ്ടെത്തേണ്ടി വരും. വാലിഡിറ്റിയും നിരക്കും കൂടുതലായതിനാൽ, ഇന്റർനെറ്റ് വേണ്ടാത്തവർ പോലും ഇന്റർനെറ്റ് അടങ്ങിയ വാലിഡിറ്റി കുറഞ്ഞ പ്ലാനുകൾ വാങ്ങാൻ നിർബന്ധിതരായിരുന്നു. ഇതുസംബന്ധിച്ച് പരാതികളെത്തിയതോടെയാണ് വാലിഡിറ്റിയും നിരക്കും കുറഞ്ഞ പുതിയ പ്ലാനുകൾ കൊണ്ടുവരാൻ ട്രായ് നിർദേശിച്ചത്.

